427 മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യത്ത് പലയിടങ്ങളിലായി രജിസ്റ്റർ ചെയ്ത 423 ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിശദാംശവും വിശകലനവും അടങ്ങുന്ന പഠന റിപ്പോർട്ടിന്റെ ഉള്ളടക്കം മുകളിലെ തലക്കെട്ടിൽ സംഗ്രഹിക്കപ്പെടുന്നു. കേസുകളുടെ വിശകലനത്തിനുപയോഗിച്ച വിവരശേഖരവും ഇതിലടങ്ങുന്നു. പത്രപ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ, കേസുകളിലേക്ക് നയിച്ച റിപ്പോർട്ടിങ്, ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിയിൽ പത്രപ്രവർത്തകരുടെ അനുഭവം എന്നിവ വെളിച്ചത്തു കൊണ്ടുവരാനാണ് പഠന റിപ്പോർട്ടിൽ പരിശ്രമിക്കുന്നത്. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ക്ലൂണി ഫൗണ്ടേഷൻ ഫോർ ജസ്റ്റിസ് ട്രയൽവാച്ച് ഇനിഷ്യേയേറ്റീവും കൊളംബിയ ലോ സ്കൂൾ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടും പഠനനിർവഹണത്തിൽ സഹകരിച്ചു. ഭരണഘടന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. പ്രതികാര ഭയമില്ലാതെ മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ ജോലി ചെയ്യാൻ കഴിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും മാധ്യമപ്രവർത്തകർ എല്ലായ്പ്പോഴും ക്രിമിനൽ നിയമങ്ങളുടെ ഭീഷണിയിലാണ്. സർക്കാർ ഉദ്യോഗസ്ഥരെക്കുറിച്ച് വസ്തുതകൾ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ കുറവുകൾ വെളിപ്പെടുന്നു. അവരിൽ കുറ്റം ചുമത്തപ്പെടുന്നു. ഇത്തരം റിപ്പോർട്ടിങ് ഒരു പത്രപ്രവർത്തകന്റെ ജോലിയിൽ പ്രധാനമാണ്. സത്യസന്ധതയില്ലാത്ത ഉദ്യോഗസ്ഥ സംവിധാനവുമായി രാജ്യത്തിന് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. സത്യസന്ധമായ ഉദ്യോഗസ്ഥവൃന്ദമാകട്ടെ പലപ്പോഴും ഇല്ലതാനും. മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്ന ഇക്കാര്യങ്ങളില്‍ ഗൗരവമേറെയാണ്, പക്ഷേ ഭരണകൂടം തന്നെ ഇക്കാര്യങ്ങളെ അവഗണിക്കുകയും ചൂണ്ടിക്കാട്ടുന്നവരെ കുറ്റവാളികളാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങൾ തൊഴിലിനും പത്രപ്രവർത്തകരുടെ ജീവിതത്തിനും പൊതുവെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശത്തിനും അപകടമാണ്. പത്രസ്വാതന്ത്ര്യത്തിന് വിനാശകരവും.
പഠനത്തിന്റെ ഭാഗമായി, 48 പത്രപ്രവർത്തകരുമായി അഭിമുഖം നടത്തി. അഭിമുഖങ്ങളെ അടിസ്ഥാനമാക്കി, അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും തൊഴിലിലും നേരിടുന്ന ആഘാതങ്ങളെ റിപ്പോർട്ട് പരിശോധിച്ചു. മാധ്യമപ്രവർത്തകർ നേരിടുന്ന പീഡനങ്ങളാണ് ഇവിടെ പ്രതിഫലിക്കുന്നത്. പഠനത്തിനായി തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകരിൽ നാല്പത് ശതമാനവും ജയിലിലായിരുന്നു. ചെറിയ നഗരങ്ങളിലും വിദൂര പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ളവരായിരുന്നു അവരിൽ ഏറെയും. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പ്രാദേശിക പ്രസിദ്ധീകരണങ്ങൾക്കായി വാർത്തകൾ ശേഖരിക്കുന്നവർ. അവരുടെ കേസുകളാകട്ടെ ദേശീയമോ അന്തർദേശീയമോ ആയ മാധ്യമശ്രദ്ധ നേടിയിട്ടുമില്ല. മാധ്യമ പ്രവർത്തകർക്കുമേൽ ചുമത്തിയ കുറ്റകൃത്യങ്ങളിൽ പലതിനും അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാൽ ഈ നിയമങ്ങളുടെ വിശദീകരണവും കുറ്റപത്രങ്ങളിലെ പദപ്രയോഗങ്ങളുമാകട്ടെ അവ്യക്തവും ദുർഗ്രാഹ്യവുമാണ്. മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരെ ചുമത്തിയിട്ടുള്ള കേസുകളും കുറ്റകൃത്യങ്ങളും എളുപ്പത്തിൽ വ്യാഖ്യാനിക്കാനും കുറ്റംചാർത്താനും കഴിയുന്നതാണ്. എല്ലാ കേസുകളിലും ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തിയിരിക്കുന്നു. ആരോപിക്കപ്പെടുന്ന ‘ക്രിമിനൽ’ പ്രവർത്തനവും കുറ്റകൃത്യവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അധികാരികൾ പരിഗണിക്കുന്നതുമില്ല. മാധ്യമപ്രവർത്തകർക്കെതിരായ ആരോപണങ്ങൾ റിപ്പോർട്ടിങ് വേളയിലെ അവരുടെ പെരുമാറ്റവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഒപ്പം റിപ്പോർട്ട് ചെയ്യുന്ന പ്രസംഗത്തിന്റെ ഉള്ളടക്കവും. 100ലധികം സംഭവങ്ങളിൽ ഇത് കണ്ടെത്താനാകും. ഒരു പ്രതിഷേധത്തിന്റെ റിപ്പോർട്ടിങ്ങും അതിൽ പങ്കെടുക്കുന്നതും തമ്മിൽ വേർതിരിച്ചറിയാൻ അധികാരികൾ ശ്രമിക്കുന്നതുമില്ല.
ക്രിമിനൽ നടപടി നേരിട്ട 427 മാധ്യമപ്രവർത്തകരിൽ 60 പേർക്കെതിരെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 36 മാധ്യമപ്രവർത്തകർ ഒരേ സംഭവത്തിന് ഒന്നിലധികം കേസുകൾ നേരിടുന്നു. കേസ് ആരംഭിക്കുമ്പോൾ തന്നെയുള്ള കാലതാമസം ദീർഘമെന്ന് റിപ്പോർട്ട് കണ്ടെത്തി. ഒരു കേസിന്റെയും ഓരോ ഘട്ടത്തിലും ഇത് സംഭവിക്കുകയാണ്. ഫലമോ മാധ്യമപ്രവർത്തകർക്ക് ‘ഇഴഞ്ഞു നീങ്ങുന്ന, നീളുന്ന നടപടികളാണ് ശിക്ഷ’. സ്ഥിതിവിവരക്കണക്കുകളിൽ ശേഖരിച്ച 244 കേസുകളിൽ 65 ശതമാനത്തിലധികം 2023 ഒക്ടോബർ 30 വരെ പൂർത്തിയായിട്ടില്ല. ഈ കേസുകളിൽ 40 ശതമാനത്തിലും പൊലീസ് അന്വേഷണം പോലും പൂർത്തിയാക്കിയിട്ടില്ല. 16 കേസുകളിൽ (ആറ് ശതമാനം) മാത്രമാണ് വിചാരണ അവസാനിച്ചത്. കേസ് രജിസ്റ്റർ ചെയ്തതുതന്നെ മാധ്യമപ്രവർത്തകരുടെയും അവരുടെ പ്രിയപ്പെട്ടവരെയും ജീവിതങ്ങളെയും കഠിനമായി ബാധിച്ചു. പൊലീസിന്റെയോ രാഷ്ട്രീയക്കാരുടെയോ അറസ്റ്റ്, ഭീഷണി എന്നിവ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്നു. ചുറ്റുമുള്ളവരുടെ പരിഹാസത്തിനും ബഹിഷ്കരണത്തിനും വഴിയൊരുക്കുന്നു. ചെറിയ പട്ടണങ്ങളിലാണ് പൊതുപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുതൽ സാധാരണമായിരിക്കുന്നത്. കൂടാതെ മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള വാർത്താ ശേഖരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ഇവ ചുമത്തപ്പെടുന്നു. ക്രമസമാധാനം ഭംഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ദേശീയ തലത്തിലുള്ള മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിക്കുന്നു. ഡിജിറ്റൽ-സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് എതിരായും സമാനകുറ്റങ്ങൾ ചുമത്തുന്നു. ഡിജിറ്റൽ ‑സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രതിനിധീകരിക്കുന്ന വിശാലമായ പ്രേക്ഷക സമൂഹവും അവർ പറയുന്ന കാര്യങ്ങൾ ‘വൈറൽ’ ആകുമോ എന്ന ആശങ്കയും കാരണമാകാം സമൂഹമാധ്യമ വേട്ടയെ വ്യാപിപ്പിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് അവരുടെ ജോലി തുടരാനുള്ള കഴിവിനെ ഈ കേസുകൾ തടസപ്പെടുത്തുന്നു. ആഴത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത്തരം കേസുകൾ വ്യക്തികളെ മാത്രമല്ല ലക്ഷ്യമിടുന്നത്. അവ കുടുംബങ്ങളെ ശിഥിലമാക്കുന്നു. ആത്യന്തികമായി, അത് മുട്ടുകുത്തി കൈകൂപ്പി ജീവനുവേണ്ടി ഇരക്കാൻ ഇടയാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.