തെയ്യക്കാലം

Web Desk
Posted on February 17, 2019, 8:15 am

പത്മേഷ്

തുലാം പത്തുമുതല്‍ ഇടവപ്പാതിവരെ കെട്ടിയാടപ്പെടുന്ന വടക്കേമലബാറിലെ തെയ്യങ്ങള്‍ ഒരു ജനതയുടെ ജീവിതത്തോട് ഇഴചേര്‍ന്നത് അതിന്റെ വിശ്വാസത്തിലുപരി സാമൂഹ്യ സമത്വത്തിലൂന്നിയ സ്വത്വബോധം കൊണ്ടുമാത്രമാണ്. ജന്മിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ജാതിവ്യവസ്ഥകള്‍ക്കിടയില്‍ തീണ്ടാപ്പാടകലെ നിര്‍ത്തിയ സമുദായങ്ങളുടെ പ്രതിഷേധാഗ്‌നിയില്‍ നിന്നും അവതരിച്ചവയാണ് തെയ്യങ്ങള്‍. കാലമെത്ര മാറിയാലും തെയ്യകോലങ്ങളുടെ ചെണ്ടക്കൂറ്റ് കേട്ടാല്‍ ഓടിയെത്താത്ത തുളുനാട്ടുകാരനോ കോലത്തുനാട്ടുകാരനോ ഉണ്ടാകില്ല. ജീവിതത്തെ ക്രമപ്പെടുത്തുന്ന സപ്ത ആധാരങ്ങള്‍ക്കും കേന്ദ്ര ബിന്ദുക്കളായി പ്രവര്‍ത്തിക്കുന്ന ഇടപിംഗള നാടി പോലെയാണ് ഇവിടെ തെയ്യങ്ങള്‍ക്കുള്ള സ്ഥാനം. കരിച്ചുവാളിയെടത്തും നട്ടുനനച്ചെടത്തും വിള കാക്കാന്‍ ഞാനുണ്ടാകുമെന്ന് പറയാന്‍ തെയ്യങ്ങളാല്ലാതെവേറെ ഏത് ദൈവ സങ്കല്‍പമാണ് നമുക്കുള്ളത്?”

പൊട്ടം തെയ്യം

ശങ്കരാചാര്യരോട് വഴിമാറാന്‍ പറഞ്ഞപ്പോള്‍ ജാതിവ്യവസ്ഥയുടെ പൊള്ളത്തരം തുറന്നു കാട്ടിയ അലങ്കാരന്‍ എന്ന ദളിത് ചെറുപ്പക്കാരനെ ചുട്ടുകൊന്ന തീക്കൂനയില്‍ നിന്നാണ് പൊട്ടന്‍തെയ്യം അവതരിച്ചത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വ്യത്യസ്തങ്ങളായ ഐതിഹ്യമുള്ള തെയ്യമാണ് പൊട്ടംതെയ്യം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ കൂര്‍മ്മന്‍ എഴുത്തച്ഛന്‍ എഴുതിയ പൊട്ടം തെയ്യത്തിന്റെ ചരിത്രത്തില്‍ സര്‍വ്വജ്ഞപീഠം കയറാന്‍ ശ്രീ ശങ്കരാചാര്യര്‍ പോകുമ്പോള്‍ ചണ്ഡാളനായി വേഷംകെട്ടിയ ശിവനാണ് പൊട്ടം തെയ്യമാണെന്നാണ് പറയുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര ഭാഗത്ത് ഈ തെയ്യത്തെ കുറിച്ചുള്ള വിശ്വാസം വേറെയാണ്. ബ്രാഹ്മണരുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്ന കര്‍ണാടക അതിര്‍ത്തിക്ക് സമീപമുള്ള പുളിങ്ങോത്ത് കൂടി ശങ്കരാചാര്യര്‍ കുടജാദ്രിയിലേക്ക് പോകുമ്പോള്‍ ഇടവരമ്പ് എന്ന് ഇന്നറിയപ്പെടുന്ന വയല്‍പ്രദേശത്തെ വരമ്പില്‍വച്ച് ആദിവാസിയായ അലങ്കാരനുമായി ശങ്കരാചാര്യര്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടെന്നും ഇതില്‍ ശങ്കരാചാര്യര്‍ പരാജപ്പെട്ടുവെന്നുമാണ് വിശ്വാസം. ഇതില്‍ കുപിതരായ ബ്രാഹ്ണര്‍ അലങ്കാരനെ ഇന്നത്തെ പുളിങ്ങോം ശങ്കരനാരായണന്‍ ക്ഷേത്രത്തിന് സമീപമുള്ള വാതില്‍മാടത്തില്‍ തല്ലികൊന്ന് കുഴിച്ചിട്ടുവെന്നും ഇവിടെ നിന്ന് ഉയര്‍ന്നു വന്ന തെയ്യരൂപമാണ് പൊട്ടം തെയ്യമെന്നുമാണ് വിശ്വാസം. ഐതിഹ്യത്തിലെ വ്യത്യസ്തതകള്‍ എന്തുമാകട്ടെ ശങ്കരാചാര്യരോട് അലങ്കരാനാവട്ടെ, രൂപം മാറിയ ശിവനാകട്ടെ ചോദിക്കുന്ന ചോദ്യമിതാണ്; ‘ജാതിയുടെ പേരില്‍ കയ്യിലും ഒക്കത്തും തലയിലും മദ്യവും മാംസവും കുട്ടിയെയുമെടുത്ത് പോവുകയായിരുന്ന ദളിതനോട് വഴി മാറാന്‍പറയുന്നത് എന്ത് ന്യായമാണ്?’ ഇത് തോറ്റംപാട്ട്. കാലം തെളിയുന്നതിനും എത്രയും മുമ്പേ ജാതിയുടെ മതിലുകള്‍ പിളര്‍ക്കാന്‍ ആദ്യത്തെ ചുറ്റികയുയത്തിയത് പൊട്ടന്‍ എന്ന ഈ തെയ്യക്കോലം തന്നെയാണ്. പൊട്ടന്‍ എന്ന പൊയ്മുഖക്കോലത്തിന്റെ ചൂരും ചൂടുമായ തോറ്റം ഏതൊരു വിപ്ലവക്കവിതയുടേയും പ്രചോദനമാണ്. നാങ്കളെ കുത്ത്യാലും ചോര്യല്ലേ ച്ചൊവ്വറേ..നീങ്കളെ കുത്ത്യാലും ചോര്യല്ലേ ചൊവ്വറേ (ഞങ്ങളെ മുറിച്ചാലും നിങ്ങളെ മുറിച്ചാലും ഒരേ ചോരയല്ലേ തമ്പുരാനേ) എന്ന പൊട്ടംതെയ്യത്തിന്റെ മേലാളനോടുള്ള ചോദ്യമാണ് ഇന്നും സമൂഹം ചോദിച്ചുകൊണ്ടിരിക്കുന്നത്; കറുത്തവന്റെയും വെളുത്തവന്റെയും വിശ്വാസിയുടെയും അവിശ്വാസിയുടെയും രക്തത്തിലുള്ളത് ഒരേ ചോരയല്ലേ എന്ന ചോദ്യം. പല വീടുകളിലെയും കുല ദൈവമാണ് പൊട്ടം തെയ്യം. ഒരു തറയും ചെറിയൊരു കത്തിയും മാത്രമാണ് പണ്ട് തെയ്യത്തിന്റെ സ്ഥാനമായുള്ളത്. ഇവിടെ കാട് വളര്‍ന്ന് കാവുകളായിട്ടുണ്ടാകും. എന്നാല്‍ പല വീടുകളിലും സ്ഥാനങ്ങളിലും ഇത് ക്ഷേത്രങ്ങളായി മാറി. ബ്രാഹ്ണന്റെയും നായരുടെയും തീയ്യന്റെയും യാദവന്റെയും മാവിലന്റെയും കോപ്പാളന്റെയും വിശ്വാസ മൂര്‍ത്തിയായി ഈ തെയ്യം ആരാധിക്കപ്പെടുന്നത് തെയ്യം ഉയര്‍ത്തുന്ന സാമൂഹ്യ പ്രസക്തി എക്കാലവും നിലനില്‍ക്കുമെന്നതുകൊണ്ടു തന്നെയാണ്.

മുച്ചിലോട്ട് ഭഗവതി

 

സ്ത്രീ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത ഫ്യൂഡല്‍ കാലഘട്ടത്തിലെ സ്ത്രീയുടെ ചെറുത്തുനില്‍പ്പിന്റെ കഥയാണ് മുച്ചിലോട്ട് ഭഗവതിയെന്ന തെയ്യത്തിന്റെ തോറ്റംപാട്ടിലൂടെ അനാവരണം ചെയ്യുന്നത്. വടക്കേമലബാറിലെ തെയ്യങ്ങളില്‍ ഏറ്റവും സൗന്ദര്യവും ആകര്‍ഷകവുമായ തെയ്യങ്ങളിലൊന്നാണ് മുച്ചിലോട്ട് ഭഗവതി. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന തെയ്യം, പുരുഷ മോധാവിത്വകാലത്തെ ഒരു സ്ത്രീയുടെ പ്രതിഷേധ ജ്വാലയാണ്. കന്നുകാലി വളര്‍ത്തലും കൃഷിയുമായി ജീവിക്കുന്ന ഒരു നാടുവാഴി സമൂഹത്തില്‍ സംസ്‌കൃതത്തിലും തര്‍ക്കത്തിലും വ്യാകരണത്തിലും അറിവു നേടി പുരുഷ പ്രജകളെ കാല്‍ക്കീഴിലാക്കിയ ഒരു പതിനാലുകാരി സര്‍വ്വ മേധാവിത്വത്തിന്റെയും പുരുഷ മേല്‍ക്കോയ്മയുടെയും ഇരയായി തീര്‍ന്ന കഥയാണ് ഈ തെയ്യത്തിന്റെ ഇതിവൃത്തം. നാടുവാഴിയുടെ പണ്ഡിത സദസ്സില്‍ അറിവ് പരീക്ഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാലുകാരിയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ പണ്ഡിതന്മാരെല്ലാം ഒത്തുകൂടുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ വേദന ഏതെന്ന ചോദ്യത്തിന് പ്രസവ വേദനയെന്നും ഏറ്റവും നല്ല സുഖം ഏതെന്ന ചോദ്യത്തിന് രതി സുഖമെന്നും ഉത്തരം നല്‍കിയ ബ്രാഹ്മണ കന്യകയെ പുരുഷമേധാവിത്വം ഒന്നടങ്കം അഭിസാരികയെന്ന് മുദ്രകുത്തുകയും അനുഭവമില്ലാതെ ഒരാള്‍ക്കും ഇത്തരം ഉത്തരം നല്‍കാനാവില്ലെന്ന് പറഞ്ഞ് നാട്ടില്‍ ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു. എണ്ണക്കച്ചവടം കുലത്തൊഴിലാക്കിയ വഴി വക്കിലെ വാണിയേനോട് എണ്ണ വാങ്ങി തീകൊളുത്തി ആത്മഹത്യ ചെയ്ത ഈ കന്യയാണെത്രെ മുച്ചിലോട്ട് ഭഗവതി. ആദി മുച്ചിലോട്ടെന്ന് അറിയപ്പെടുന്നത് കരിവെള്ളൂരാണ്. ഇത് കൂടാതെ കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ നിരവധി മുച്ചിലോട്ട് കാവുകളുണ്ട്. 12 വര്‍ഷം കൂടുമ്പോഴാണ് ഓരോ കാവിലും തെയ്യം നടക്കുന്നത്. ഇത് പെരുംകളിയാട്ടമെന്ന് അറിയപ്പെടുന്നു. തെയ്യസ്ഥാനങ്ങള്‍അല്ലാത്ത വാണിയ സമൂഹത്തിന്റെ ആരൂട ദേശങ്ങളില്‍ എള്ള്, തേങ്ങ എന്നിവ ആട്ടിയെടുക്കുന്ന ചക്കും പ്രതിഷ്ഠിക്കാറുണ്ട്. തൊഴിലും ജീവിതവും ഇഴചേര്‍ന്നുള്ള ഈ വിശ്വാസം ഇന്ന് വാണിയ സമുദായത്തിന്റെ മാത്രമല്ല. വടക്കന്‍കേരളത്തിന്റേതായി മാറിയിട്ടുണ്ട്.

കടാംകോട്ട് മാക്കം

എന്റെ മാക്കെ.… കാക്കണേ.…. എന്ന ഉള്ളുതട്ടിയുള്ള അമ്മമാരുടെ വിളി ഒരു തെയ്യത്തോടുള്ള അപേക്ഷയല്ല. സമൂഹത്തില്‍ പീഡനം ഏല്‍ക്കുന്ന ഓരോ സ്ത്രീയുടെയും രോദനമാണ്. അതാണ് മാക്കമെന്നും മാക്കപ്പോതിയെന്നും വിളിക്കുന്ന തെയ്യത്തിന്റെ ചരിത്രം. നാത്തൂന്‍മാരുടെ പോരിനെ തുടര്‍ന്ന് നാലാങ്ങളമാരുടെ പൊന്നോമന പെങ്ങളായ മാക്കത്തെയും മക്കളെയും കൂത്തുകാണാനെന്ന് പറഞ്ഞ് കൊണ്ടുപോയി ആങ്ങളമാര്‍ പൊട്ടകിണറ്റില്‍ തള്ളിയിടുകയായിരുന്നു. പെങ്ങളോടുള്ള സഹോദരങ്ങളുടെ അമിത വാത്സല്യത്തില്‍ അസൂയപൂണ്ട നാത്തൂന്‍മാര്‍ പാതിവ്രത്യത്തില്‍ കളങ്കമാരോപിക്കുകയാണെന്ന് തോറ്റം പറയുന്നു. പൊട്ടകിണറ്റില്‍നിന്നും തെയ്യക്കോലമായി രൂപംകൊണ്ട മാക്കോം മക്കളും നാത്തൂന്മാരെയും കുടുംബത്തെയും ഉന്‍മൂലനം ചെയ്ത് പ്രതികാരം ചെയ്തുവെന്ന് തോറ്റത്തില്‍ പറയുന്നുണ്ട്. സ്ത്രീയുടെ ഈ പ്രതിഷേധം ഒരു സമൂഹം എങ്ങനെ ഏറ്റെടുത്തുവെന്നതാണ് കടാങ്കോട്ട് മാക്കം കെട്ടിയാടുന്ന സ്ഥലത്തുള്ള ജനപങ്കാളിത്തം തെളിയിക്കുന്നത്.

കലഹിച്ചത് സവര്‍ണ്ണ മേധാവിത്വത്തോട്

വടക്കേ മലബാറിലെ തെയ്യങ്ങളുടെ ചരിത്രത്തെ കുറിച്ച് പറയാന്‍ ഏറെയുണ്ട്. കാവുകളിലെ തറകളിലും തറവാടുകളിലെ പടിഞ്ഞാറ്റകളിലും പീഠത്തിലും ആയുധങ്ങളിലും കുടികൊള്ളുന്ന തെയ്യത്തിന്റെ രൂപങ്ങള്‍ എവിടെയും പ്രതിഷ്ഠിക്കാറില്ല. വാളും ശൂലവും പീഠവുമാണ് പ്രതിഷ്ഠ. ഷഢാധാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍നിന്ന് ഏറെ വിഭിന്നമാണ് തെയ്യങ്ങള്‍ കുടികൊള്ളുന്ന കാവുകളും പള്ളിയറകളും കൂലോങ്ങളും. പ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്ന ദൈവ സങ്കല്‍പം കോലം കെട്ടുന്നയാള്‍ പട്ടോ കുരുത്തുലോ ഉടുത്തും മുഖത്തെഴുത്തും നടത്തി കണ്ണാടിയില്‍ നോക്കി തന്നിലേക്ക് ആവാഹിച്ചിറക്കുകയാണ്. ഒരു ബ്രാഹ്മണനും പ്രതിഷ്ഠിച്ചാല്‍ പ്രതിഷ്ഠയില്‍ ഇരിപ്പുറക്കാത്ത തെയ്യക്കോലങ്ങള്‍ പ്രപഞ്ച സാക്ഷികളാണ്. വസൂരിയും മറ്റു മാറാ രോഗങ്ങളകറ്റാനും സന്താന സൗഭാഗ്യം നല്‍കാനും കൂടുതല്‍ വിളവ് തരാനും വിശ്വാസികള്‍ക്ക് കരുത്ത് പകരുന്ന ദൈവം. മലയനും വണ്ണാനും കോപ്പാളനും മാവിലനും കെട്ടുന്ന തെയ്യങ്ങള്‍ക്ക് ജാതി ഭേദമില്ല. വിശ്വാസം ഒന്നു മാത്രമേ ഉള്ളു അതുകൊണ്ടാണ് ജാതി വിവേചനം മറന്ന് ബ്രാഹ്മണന്‍ പോലും തെയ്യങ്ങളെ ഭയക്കുന്നത്.

തെയ്യങ്ങളെ തടവറയിലാക്കും

ബ്രാഹ്മണ്യ മേധാവിത്വത്തോട് കലഹിച്ച് ദളിതന്റെ അസ്തിത്വം സ്ഥാപിച്ചെടുത്ത തെയ്യങ്ങള്‍ ഇന്നു ബ്രാഹ്മണ്യാധിപത്യത്തിന്റെ പിടിയിലായിരിക്കുകയാണ്. വിഷ വൈദ്യം പഠിച്ച തീയ്യനെ ചതിയില്‍ കൊലപ്പെടുത്തിയ ബ്രാഹ്മണനോടുള്ള പ്രതിഷേധത്തിലാണ് വിഷകണ്ഠന്‍ തെയ്യമുണ്ടായത്. തെയ്യത്തിന്റെ ശക്തയില്‍ രോഷാകുലരായ മൂന്നു ബ്രാഹ്ണന്‍മാര്‍ ചെമ്പ് കുടത്തിലാക്കി മൂന്നാള്‍ താഴ്ചയില്‍ കുഴിച്ചിട്ടിട്ടും കുടം പൊട്ടിത്തെറിച്ച് ഉയര്‍ന്നുവന്ന തെയ്യമാണ് മൂവാളംകുഴി ചാമുണ്ഡി. ഈ ചാമുണ്ഡിക്ക് പോലും പ്രതിഷ്ഠയൊരുക്കാന്‍ ബ്രാഹ്മണര്‍ എത്തുന്ന പുതിയ കാലത്ത് തെയ്യങ്ങളുടെ അന്തസത്ത പോലും ചോദ്യം ചെയ്യപ്പെടുകയാണ്.
വേട്ടയാടലും മത്സ്യ മാംസ ഭക്ഷണങ്ങളും ഇഷ്ടമാക്കിയ ബാലനെ ബ്രാഹ്മണരായ മാതാപിതാക്കള്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടതിന്റെ പ്രതിഷേധത്തിന്റെ കഥയാണ് മുത്തപ്പന്‍ തെയ്യത്തിന് പറയാനുള്ളത്. സവര്‍ണ്ണപ്പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ബ്രാഹ്മണര്‍ കൊലപ്പെടുത്തിയ പാലന്തായി കണ്ണനാണ് വിഷ്ണു മൂര്‍ത്തിയായി മാറിയതെന്നാണ് നീലേശ്വരത്തുകാരുടെ വിശ്വാസം. മദ്യവും മാസവും ഇഷ്ടപ്പെടുന്നന തെയ്യങ്ങള്‍ എന്നും ബ്രാഹ്മണ്യത്തോട് കലഹിച്ചിട്ടേയുള്ളു. പ്രകൃതി ഒരുക്കിയ കാവുകളില്‍ അന്തിയുറങ്ങാന്‍ ഇഷ്ടപ്പെടുന്ന കൃഷിയുടെ പരിപാലകരായ തെയ്യങ്ങളെ വീണ്ടും വര്‍ണാശ്രമങ്ങളില്‍ തളക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ക്ഷേത്രങ്ങള്‍ കെട്ടി 10 ഉം 15 ഉം ബ്രാഹ്മണ കര്‍മ്മികളെ കൊണ്ടുവന്ന് പീഠപ്രതിഷ്ഠ നടത്തുകയാണ്. വിശ്വാസത്തോടും പ്രാചീന ചരിത്രത്തോടുകൂടിയുള്ള വെല്ലുവിളിയാണിത്. ദ്രാവിഡാചാരങ്ങളെ ആര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് തെയ്യങ്ങളുടെ അസ്തിത്വംകൂടി നഷ്ടപ്പെടുകയാണ്. വര്‍ണാധിപത്യത്തിനും സാമൂഹ്യനീതിക്കും എതിരെ പോരാടാന്‍ സാധാരണക്കാരന് ഒപ്പം നിന്ന ഈ തെയ്യങ്ങളെ നമുക്ക് ഇനിയും വേണം. വിദേശികള്‍ക്കും സഞ്ചാരികള്‍ക്കും വേണ്ടി കെട്ടിയാടിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു സമൂഹത്തെ നിലനിര്‍ത്തിയ വിശ്വാസത്തിന്റെ ചാരുതയാണ്, ഭാരതത്തിന്റെ ആരാധനാ വൈവിധ്യത്തിന്റെ നിറക്കൂട്ടാണ്.