16 April 2024, Tuesday

ജയൻ മാങ്ങാടിന്റെ തെയ്യാട്ടം

കുരീപ്പുഴ ശ്രീകുമാര്‍
വര്‍ത്തമാനം
September 30, 2021 5:47 am

ത്തരകേരളത്തിലെ അനുഷ്ഠാനപരമായ ഗ്രാമീണ കലയാണ് തെയ്യവും തിറയും എന്ന ആമുഖ വാചകത്തോടെയാണ് ഈ മേഖലയിൽ വലിയ ഗവേഷണങ്ങൾ നടത്തിയ എം വി വിഷ്ണുനമ്പൂതിരി ഉത്തരകേരളത്തിലെ തോറ്റംപാട്ടുകൾ എന്ന പുസ്തകം ആരംഭിക്കുന്നത്. സാധാരണക്കാരന്റെ ആരാധനാ സമ്പ്രദായമാണ് തെയ്യാട്ടവും തിറയാട്ടവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

തെയ്യവും തിറയും ജാതിയിൽ അധിഷ്ഠിതമായ കലാരൂപങ്ങളാണ്. കേരളത്തിലെ മിക്ക കലാരൂപങ്ങളും അങ്ങനെയാണ്. ഓണക്കാലത്ത് ഉത്സവപ്പകിട്ടു നൽകുന്ന പുലികളി, കരടികളി , വള്ളംകളി തുടങ്ങിയവയൊക്കെയാണ് ജാതിമുക്തമായ കലാരൂപങ്ങൾ. മിക്കവയും അധഃസ്ഥിതജനതയുടെ കലാഭിരുചിയാണ് പ്രകടമാക്കുന്നത്. എന്നാൽ ഈ അവസ്ഥയിൽ തന്നെ ചില തെയ്യങ്ങളെ മാറ്റിനിർത്തുന്നുമുണ്ട്. അതിനെക്കാൾ ശ്രദ്ധിക്കേണ്ടത് തോറ്റങ്ങളിൽ ഉണ്ടായ കലർപ്പുകളാണ്.

ശങ്കരാചാര്യരും അലങ്കാരൻ എന്ന ദളിതനും തമ്മിൽ നടന്നതായി സങ്കല്പിക്കുന്ന സംഭാഷണമാണ് പൊട്ടൻതെയ്യത്തെ പ്രസക്തമാക്കുന്നത്. കാഞ്ഞങ്ങാട്ടെ അജാന്നൂരിലുള്ള കൂർമ്മൽ തറവാട്ടിലെ ഒരംഗമായിരുന്ന എഴുത്തച്ഛൻ നിർമ്മിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്തതാണ് പൊട്ടൻ തെയ്യത്തിന്റെ തോറ്റം.

 

ജാതിവ്യവസ്ഥയുടെ അപ്രസക്തി വ്യക്തമാക്കുന്ന വരികളാണ് ഈ തോറ്റത്തിൽ ഉള്ളത്. നാടൻ പാട്ടുകാരും ജാതിവിരുദ്ധ പ്രവർത്തകരും നിരന്തരമായി ഉദ്ധരിക്കുന്നതിനാൽ കാസർകോട് ജില്ലയിൽ മാത്രമല്ല, കേരളത്തിലെമ്പാടും പ്രസിദ്ധമാണ് ഇതിലെ വരികൾ.

നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര / നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര എന്നും നാങ്കളെ കുപ്പയിൽ നട്ടോരു വാഴ / പ്പഴമല്ലേ നീങ്കളെ തേവനു പൂജ എന്നും കേക്കുദിക്കുന്ന തമ്പിരാന് വേറിട്ട വ്യത്യാസമില്ലെന്നും സ്ഥാപിക്കുന്ന തോറ്റം രചിച്ചിട്ടുള്ളത് ദളിതർ തന്നെയാണെന്നും എഴുത്തച്ഛൻമാർ അത് വക്രീകരിച്ചു ഭക്തി സാന്ദ്രമാക്കുകയാണ് ചെയ്തതെന്നും പുതിയ തലമുറയിലെ അന്വേഷകനായ ജയൻ മാങ്ങാട് അഭിപ്രായപ്പെടുന്നു.

കുറച്ചുകൂടി തീവ്രമാണ് പുതിയ തലമുറയിലെ കവി ബാലഗോപാലൻ കാഞ്ഞങ്ങാട് പുലപ്പൊട്ടൻ എന്ന കവിതയിലൂടെ സ്ഥാപിക്കുന്ന അഭിപ്രായം. ആദിശങ്കരനെ ഒരു പുലയൻ തോല്പിച്ചതിൽ പ്രകോപിതരായ സവർണർ പുലയനെയും മക്കളെയും കെട്ടിയിട്ട് കുടിലിനു തീവെച്ചു കൊന്നെന്നും പിന്നീട് തെയ്യമാക്കി ശിവനിൽ ആരോപിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതു സംഭവിച്ചത് പുളിങ്ങോത്തെ അമ്പലവയൽ പരിസരത്താണെന്നും തോറ്റത്തിലും ഈ തീക്കൊല്ലൽ മറച്ചുവച്ചു എന്നും പൊട്ടൻ തെയ്യത്തിന്റെ കനലാട്ടം ഈ സംഭവവുമായി കൂട്ടി വായിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ തോറ്റമായതിനാൽ ഗവേഷകരുടെ അഭിപ്രായങ്ങൾക്കാണ് ഇനി നമ്മൾ ചെവികൊടുക്കേണ്ടത്. പൊട്ടൻ തെയ്യം കനലിലൂടെ നടക്കുകയും ചാരിയിരിക്കുകയും ചെയ്യുന്നത് കണ്ട് ഭക്തിയോടെ കൈകൂപ്പിനില്ക്കുന്ന ജനങ്ങളുടെ മുന്നിൽ, ഇതേ വിദ്യ അവതരിപ്പിച്ചുകൊണ്ട് ഇതിൽ ദൈവീകാത്ഭുതമൊന്നും ഇല്ലെന്നും പരിശീലനം കൊണ്ടു ചെയ്യാവുന്നതാണെന്നും ഗംഗൻ അഴിക്കോടും മറ്റും സ്ഥാപിച്ചത് മറ്റൊരു ചരിത്രം.

തെയ്യം കാണാനും അഭ്രപാളികളിൽ പകർത്താനുമൊന്നും ജാതിമതവിലക്കില്ല. തെയ്യത്തിന്റെ അത്യാകർഷകമായ രൂപഘടനയും തോറ്റത്തിന്റെ സാഹിത്യഭംഗിയുമൊക്കെ നിരീശ്വരവാദികൾക്ക് പോലും അടുത്തുനിന്ന് ശ്രദ്ധിക്കാം. ഈ പുരോഗമന സ്വഭാവത്തെക്കുറിച്ച് പ്രമുഖ സാംസ്കാരിക പ്രവർത്തകനായ ഇ പി രാജഗോപാലൻ കോറോത്തെ മുച്ചിലോട്ട് ഭഗവതിത്തെയ്യം നടത്തിയ ഇടത്തുവച്ച് പ്രസംഗിച്ചത് ഓർക്കുന്നു.

ഓരോ തെയ്യത്തിന്റെയും പിന്നിലുള്ള കഥകളിൽ പോരാട്ടത്തിന്റെ വീര്യമുണ്ട്. പലതിലും രക്തസാക്ഷിത്വത്തിന്റെ നിഴലുണ്ട്. വേദനിപ്പിക്കുന്ന ജീവിതരംഗങ്ങളുണ്ട്. പ്രണയം പോലുമുണ്ട്. പൊലീസ് തെയ്യവും മാപ്പിളത്തെയ്യവുമൊക്കെയുള്ള ഈ സമഗ്ര കലാരൂപത്തെ സവർണദേവതാ സങ്കല്പവുമായി കൂട്ടിക്കെട്ടുന്നതിൽ അനൗചിത്യമുണ്ട്. ഇത്തരം അനൗചിത്യങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് തെയ്യാട്ടമെന്ന പുതിയ ഡോക്യുമെന്ററി രൂപപ്പെടുത്തിയിട്ടുള്ളത്.

ജയൻ മാങ്ങാടാണ് സംവിധായകൻ. തെയ്യങ്ങളുടെ കലാപരത, ജനകീയത തുടങ്ങിയവയൊക്കെ ഈ ലഘുചിത്രത്തിൽ അഭിവാദ്യം ചെയ്യപ്പെടുന്നുണ്ട്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ വാക്കുകളോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ദൈവങ്ങളുടെയും സാധാരണ മനുഷ്യന്റെയും സൗന്ദര്യപരമായ, ചൂഷണാതീതമായ ഐക്യത ഇതിൽ അടയാളപ്പെടുത്തുന്നു. പ്രജകൾ തീരാദുരിതം അനുഭവിക്കുമ്പോൾ അവരുടെ വിയർപ്പുമണികൾ കൊയ്തെടുത്ത് നിലവറകളിൽ പൂട്ടിയിട്ടിരിക്കുന്ന സൂപ്പർ ദൈവങ്ങളുള്ള കേരളത്തിലാണ്, കുംഭഗോപുരങ്ങളില്ലാതെ ഓക്സിജൻ കലവറകളായ കാവുകളിൽ അരങ്ങേറുന്ന പാവപ്പെട്ടവരുടെ തെയ്യങ്ങൾ ശ്രദ്ധേയമാകുന്നത്.

 

സമ്പന്നദൈവമായാലും പട്ടിണിക്കോലമായാലും കോവിഡ് തടയാൻ രണ്ടിനും കഴിയില്ലെന്ന വർത്തമാനകാല വാസ്തവമുഖം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പൗരോഹിത്യത്തിന്റെ ഇടപെടൽ തെയ്യാട്ടം എന്ന ഈ ലഘുചിത്രം ഉറപ്പിച്ച് പറയുന്നുണ്ട്. ചന്ദനഗന്ധവും ഹവിസുമില്ലാത്ത തെയ്യങ്ങളുടെ കീഴാളലാവണ്യം ഈ ചിത്രത്തിന്റെ തേജസാണ്. ശൂളിയാർ ഭഗവതി, കുറത്തിയമ്മ, വില്ലാരൻ, ഒറ്റക്കോലം, മൂവാളംകുഴി ചാമുണ്ഡി, തീക്കുട്ടിച്ചാത്തൻ, മൂച്ചിലോട്ടു ഭഗവതി, ഗുളികൻ, കൈതച്ചാമുണ്ഡി, നെടുബാലിയൻ, കതിവനൂർ വീരൻ പുലിമറഞ്ഞ തൊണ്ടച്ചൻ തുടങ്ങിയ തെയ്യങ്ങളെ കൂടാതെ പഞ്ചൂരുളിത്തോറ്റം, പുളിയും ചെമ്പകവും കത്തിച്ചുകൂട്ടിയ മേലേരി ഇവയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നു. എല്ലാം സമീപദൃശ്യങ്ങളാകയാൽ ഓരോ ഫ്രെയിമും ആകർഷകവും അഴകുറ്റതുമാണ്. ജനങ്ങളുടെ ആവേശവും കസേരയിട്ടു കാണുന്നവരുടെ നിർമ്മമതയും ക്യാമറക്കണ്ണിലൂടെ കടന്നു പോകുന്നുണ്ട്. തെയ്യാവസ്ഥയുടെ ആവാഹനത്തിനായി മുഖത്തെഴുത്തിനു ശേഷം കണ്ണാടിനോക്കുന്ന തെയ്യക്കാരൻ നമ്മുടെ നേരെയും ഒരു കണ്ണാടി പിടിക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള ഗോത്രജനതയോട് മലയാളികൾക്കുള്ള കലാപരമായ സാഹോദര്യം ഈ ചിത്രം പറയാതെ പറയുന്നുണ്ട്. ഇതുവരെ കണ്ട തെയ്യം ഡോക്യുമെന്ററികളിൽ ഏറ്റവും മികച്ചതാണ് തെയ്യാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.