Monday
18 Feb 2019

പഞ്ചലോഹമെന്ന് പറഞ്ഞ് പണം തട്ടന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

By: Web Desk | Friday 15 September 2017 10:24 PM IST

കല്‍പ്പറ്റ: പഞ്ചലോഹമെന്ന് പറഞ്ഞ് പണം തട്ടന്‍ ശ്രമിച്ച രണ്ട് പേരെ കല്‍പറ്റ പോലിസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അരണപ്പാറ ബുഷറ മന്‍സില്‍ യഹിയ (45), മാനാട്ടില്‍ സജീര്‍ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് കോടിയോളം വിലമതിക്കുന്ന അറുപത് വര്‍ഷം പഴക്കമുള്ള പഞ്ചലോഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ ബത്തേരി സ്വദേശികള്‍ക്ക് ഓടിന്റെ ശംഖും,കിണ്ടിയും വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും വലയിലാകുകയായിരുന്നു.
അരണപ്പാറ സ്വദേശികളായ യഹിയയും, സജീറും ചേര്‍ന്ന് ബത്തേരി സ്വദേശിയായ മുസ്തഫയെ തങ്ങളുടെ കയ്യില്‍ അറുപത് വര്‍ഷം പഴക്കമുള്ള കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വലംപിരിശംഖും, കിണ്ടിയുമാണ് കയ്യിലുള്ളതെന്നും അഡ്വാന്‍സ് നല്‍കിയാല്‍ കച്ചവടം ഉറപ്പിക്കാമെന്നും പറയുകയും ഇവരില്‍ നിന്നും അയ്യായിരം രൂപ അഡ്വാന്‍സ് വാങ്ങുകയായിരുന്നു. പറഞ്ഞുറപ്പിച്ച രീതിയില്‍ മുട്ടിലില്‍വെച്ച് ഉരുപ്പടികള്‍ കൈമാറുകയും ചെയ്തു.
പഞ്ചലോഹമെന്ന് പറഞ്ഞ് തങ്ങളെ ഏല്‍പ്പിച്ച സാധനങ്ങള്‍ കണ്ടപ്പോള്‍ ചതി മനസ്സിലാക്കിയ മുസ്തഫയും സംഘവും യഹിയയോടും സജീറിനോടും വാക്കേറ്റത്തിലാകുകയും, സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി തൊണ്ടിമുതലടക്കം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഓടിന്റെ പുറത്ത് സ്വര്‍ണ്ണനിറം പൂശി പഞ്ചലോഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണംതട്ടാനുള്ള സംഘത്തിന്റെ ശ്രമം പൊളിയുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.

 

Related News