സ്വീഡനിലെ രാജകീയ രത്‌നങ്ങള്‍ മോഷ്ടിച്ചു

Web Desk
Posted on August 02, 2018, 10:38 am

സ്റ്റോക്‌ഹോം: സ്വീഡിഷ് രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന രത്‌നം പതിച്ച കിരീടങ്ങള്‍ മോഷണം പോയി. മോട്ടോര്‍ബോട്ടിലെത്തിയ രണ്ട് മോഷ്ടാക്കള്‍ തെക്കുകിഴക്കന്‍ സ്വീഡനിലുള്ള സ്ട്രാങ്‌നാസ് കത്തീഡ്രലില്‍നിന്നാണ് കിരീടങ്ങള്‍ മോഷ്ടിച്ചത്. അമൂല്യങ്ങളായ രത്‌നങ്ങള്‍ പതിച്ചവയാണിവ. പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും മോഷ്ടാക്കള്‍ ബോട്ടില്‍ രക്ഷപ്പെട്ടു.

കാള്‍ ഒമ്പതാമന്‍ രാജാവിന്‍റെയും ക്രിസ്റ്റിന രാജ്ഞിയുടെയും കിരീടങ്ങളാണ് മോഷണം പോയത്. ഇതിനൊപ്പം ഒരു രാജമുദ്രയും അവര്‍ കൊണ്ടുപോയി. 1604 മുതല്‍ 1611 വരെ സ്വീഡന്‍ ഭരിച്ചിരുന്ന രാജാവാണ് കാള്‍ ഒമ്പതാമന്‍. രണ്ട് കിരീടങ്ങളും 1611 മുതല്‍ക്ക് അടക്കം ചെയ്തിരുന്നവയാണെങ്കിലും പിന്നീട് പ്രദര്‍ശനത്തിനുവേണ്ടി പുറത്തെടുക്കുകയായിരുന്നു.
രണ്ട് പേര്‍ പള്ളിയില്‍നിന്ന് പുറത്തേക്കോടുന്നതായും ചെറിയ മോട്ടോര്‍ ബോട്ടില്‍ കയറി വേഗത്തില്‍ ഓടിച്ചുപോകുന്നതായും കണ്ടതായി സാക്ഷിയായ ടോം റോവെല്‍ പറഞ്ഞു. ഞങ്ങള്‍ പൊലീസുമായി ബന്ധപ്പെട്ടെന്നും പള്ളിയില്‍ നിന്ന് എന്തെങ്കിലും കളവ് പോയിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞെന്നും ടോം അറിയിച്ചു. അവരുടെ പെരുമാറ്റത്തില്‍ നിന്നു തന്നെ അവര്‍ കവര്‍ച്ചക്കാരാണെന്ന് തനിക്ക് ബോധ്യമായതായും ടോം കൂട്ടിച്ചേര്‍ത്തു. കവര്‍ച്ചക്കാരെ കണ്ടെത്താനും കവര്‍ച്ച വസ്തുക്കള്‍ തിരിച്ചുപിടിക്കാനും പൊലീസ് വലിയ തോതിലുള്ള അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ക്ക് എന്ത് വിലമതിക്കാനാകുമെന്ന് തങ്ങള്‍ക്കറിയില്ലെന്ന് പൊലീസും പള്ളിയധികാരികളും പറഞ്ഞു.
സംഭവത്തിന്റെ പേരില്‍ ആരെയും പിടികൂടിയിട്ടില്ലെന്ന് പൊലീസ് വക്താവ് തോമസ് ആഗ്‌നെവിക്ക് പറഞ്ഞു. മോഷ്ടിക്കപ്പെട്ട കിരീടങ്ങളിലെ രത്‌നങ്ങളുടെ മൂല്യം നിര്‍ണയിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുറന്ന സ്പീഡ് ബോട്ടിലെത്തിയ സംഘമാണ് മോഷണം നടത്തിയത്. അവര്‍ പോയിരിക്കാനുള്ള വഴികളെല്ലാം തിരയുകയാണെന്നും പൊലീസ് പറഞ്ഞു.

ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ബോട്ട് മാര്‍ഗം ഇവിടെനിന്ന് എത്താന്‍ കഴിയുന്ന മലരേന്‍, കോപിങ്, അര്‍ബോഗ, വാസ്‌റ്റെറാസ്, സ്‌റ്റോക്ക്‌ഹോം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കിരീടവുമെടുത്ത് ആളുകള്‍ക്കിടയിലൂടെ അതിവേഗമോടിമറഞ്ഞ രണ്ടുപേര്‍ ബോട്ടില്‍ കയറി രക്ഷപ്പടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.