Janayugom Online
thikkurrissy awards

തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
Posted on December 13, 2018, 7:43 pm

തിരുവനന്തപുരം : തിക്കുറിശ്ശി ഫൗണ്ടേഷന്റെ 11ാമത് അച്ചടി ദ്യശ്യ മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരം മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജി ശേഖരന്‍ നായര്‍ക്കും മികച്ച പ്രസ്സ് ഫോട്ടോഗ്രാഫര്‍ക്കുളള പുരസ്‌കാരം ചന്ദ്രിക ദിനപത്രത്തിലെ പി ഗോപന്‍ കൃഷ്ണയ്ക്കും സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മികച്ച ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ജീവന്‍ ടിവി തൃശ്ശൂര്‍ ബ്യൂറോ ചീഫ് ബിനോയ് ജോര്‍ജ്ജ് പി കരസ്ഥമാക്കി. മികച്ച വനിത ന്യൂസ് റിപ്പോര്‍ട്ടറായി മാതൃഭൂമി ന്യൂസിലെ റിയയേയും, മികച്ച ക്യാമറാമാനായി ഏഷ്യാനെറ്റ് ന്യൂസിലെ റോണി ജോസഫ് നേയും തെരഞ്ഞെടുത്തു. സ്‌പെഷ്യല്‍ ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിന് മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ അനൂബ് ശ്രീധരനും എസിവി ന്യൂസ് ക്യാമറാമാന്‍ അനോജ് ആനാവൂരും അര്‍ഹരായി. മികച്ച ന്യൂസ് റീഡര്‍ക്കുള്ള പുരസ്‌കാരം ജനം റ്റി വിയിലെ ബിനു മുരളീധരനും വനിതാ വിഭാഗത്തില്‍ മീഡിയ വണ്ണിലെ എം ശിവപ്രിയയും സ്വന്തമാക്കി. മികച്ച ന്യൂസ് ചാനലായി ജനം ടി വിയെ തെരഞ്ഞെടുത്തു. കൂടാതെ നിരവധിപേര്‍ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹരായി.
അച്ചടി മാധ്യമ പുരസ്‌കാര വിഭാഗത്തില്‍ മികച്ച ശിശുക്ഷേമ റിപ്പോര്‍ട്ടിംഗിന് ദീപികയിലെ സബ് എഡിറ്റര്‍ പ്രദീപ് ഗോപിയും യുവജനക്ഷേമ റിപ്പോര്‍ട്ടിംഗിന് വിപി നിസ(മംഗളം)യോയും, പരിസ്ഥിതി റിപ്പോര്‍ട്ടിംഗിന് എം വി വസന്തും (ദീപിക) അര്‍ഹരായി. സാഹിത്യ പുരസ്‌കാര വിഭാഗത്തില്‍ മികച്ച നോവലിനുള്ള പുരസ്‌കാരം ആന്റീ ക്ലോക്കിന് വി ജെ ജെയിംസ് ന് ലഭിക്കും.
മികച്ച സഞ്ചാര സാഹിത്യകൃതിക്കുള്ള പുരസ്‌കാരം ഭൂട്ടാന്‍ ലോകത്തിലെ ഹാപ്പിലാന്റിന് ഹരിലാല്‍ കരസ്ഥമാക്കി. മികച്ച ടെലിവിഷന്‍ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ആനന്ദ് ബാബു ആര്‍ പി ക്കും (ടെലിവിഷന്‍ കാഴ്ചയ്ക്കുമപ്പുറം) നാടക ഗ്രന്ഥത്തിന് പാലോട് ദിവാകരനും (അരങ്ങും അണിയറയും) ലഭിക്കും.
വിജെടി ഹാളില്‍ ഡിസംബര്‍ 15ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പുരസ്‌ക്കാര സമര്‍പ്പണം നടത്തും. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനാകും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, കെ ജയുമാര്‍ ഐഎഎസ്, പ്രഭാവര്‍മ്മ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ രാജന്‍ വി പൊഴിയൂര്‍, സുരേന്ദ്രന്‍ കുര്യാത്തി, എസ് അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.