19 April 2024, Friday

കൂട്ടി വായിക്കേണ്ട കാര്യങ്ങൾ

കെ ദിലീപ്
നമുക്ക് ചുറ്റും
December 13, 2022 4:10 am

ക്ഷരങ്ങളുടെ ക്രിയാത്മകമായ കൂട്ടായ്മയിലൂടെയാണ് ഒരു വാക്ക് ജനിക്കുന്നത്. വാക്കുകൾ അർത്ഥപൂർണമായി സംയോജിപ്പിക്കുന്നതിലൂടെയാണ് ഒരു വാചകം ജനിക്കുന്നത്. വാചകങ്ങൾ അർത്ഥപൂർണമായി സമന്വയിപ്പിച്ചാണ് ആശയങ്ങൾ ജനിക്കുന്നത്. ചിതറിക്കിടക്കുന്ന അക്ഷരങ്ങൾ വെറുതെ ചേർത്തുവച്ചാൽ വാക്കോ വാചകമോ ആശയമോ ജനിക്കുന്നില്ല. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ പരസ്പരബന്ധം മനസിലാക്കാതെ ഓരോ സംഭവങ്ങളും വ്യത്യസ്തമായി എടുത്ത് ചർച്ച ചെയ്യുന്നത് വിഷയം സമഗ്രമായി മനസിലാക്കുവാൻ സഹായകമാവില്ല. ഇന്ത്യൻ സമൂഹത്തെ ബാധിച്ചിരിക്കുന്നത് തൊലിപ്പുറത്തെ വ്രണങ്ങളല്ല. ആന്തരികമായി ബാധിച്ച ഗുരുതരരോഗത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് തൊലിപ്പുറത്തെ വ്രണങ്ങൾ. ലക്ഷണങ്ങളെ ചികിത്സിച്ചതു കൊണ്ട് രോഗം ഭേദമാവുന്നില്ല. കാരണങ്ങളെയാണ് ചികിത്സിക്കേണ്ടത്. 2016 ഓഗസ്റ്റ് 26-ാം തീയതി എല്ലാ പത്രങ്ങളും ഒന്നാം പേജിൽ, ഹൃദയമുള്ളവർക്ക് താങ്ങാൻ പറ്റാത്ത ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒഡിഷയിലെ ഭതാ മഹ്ജി എന്ന ഗ്രാമീണൻ രോഗം ബാധിച്ചു മരിച്ച ഭാര്യ അമങ് ദെയുടെ മൃതദേഹവും തോളിലേറ്റി 60 കിലോമീറ്റർ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് നടന്നു പോകുന്ന വാർത്ത. കൂടെ കൊച്ചുമകളും. അദ്ദേഹത്തിന്റെ കയ്യിൽ ആംബുലൻസിനു നല്കാൻ പണമില്ലായിരുന്നു. വാർത്തകൾ വന്നില്ലായിരുന്നുവെങ്കിൽ ഈ 60 കിലോമീറ്റർ ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടുവഴികളിലൂടെ ആ അച്ഛനും മകളും സഞ്ചരിക്കേണ്ടിവരുമായിരുന്നു. ചിലപ്പോൾ മൂന്നു മൃതദേഹങ്ങൾ ഈ വഴികളിൽ എവിടെയെങ്കിലും ചിതറിക്കിടക്കുമായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇത്തരം വാർത്തകൾ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും നമ്മുടെ അകത്തളങ്ങളിൽ എത്തി മനസിനെ കുത്തിനോവിക്കുന്നു. ഇന്ത്യയിലെ എല്ലായിടത്തും ദളിതർ ആക്രമിക്കപ്പെടുന്നു, പെൺകുട്ടികൾ പോലും. ഇവയെല്ലാം വ്യത്യസ്തവും പരസ്പരബന്ധവും ഇല്ലാത്ത സംഭവങ്ങൾ ആയി മാധ്യമങ്ങൾ വഴി ചർച്ച ചെയ്യപ്പെടുന്നു. നടപടികൾ വാഗ്ദാനം ചെയ്യപ്പെടുന്നു. കൂടുതൽ ദയനീയമായ അടുത്ത ഒരു സംഭവത്തോടെ ചർച്ചകളും വാർത്തകളും അതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു, പഴയത് മറക്കുന്നു. എന്നാൽ രാജ്യം ഇന്ന് നേരിടേണ്ടി വരുന്ന വലിയ വിപത്തുകളെ പറ്റിയുള്ള ആപൽ സൂചനകൾ അടങ്ങിയ വാർത്തകൾ മറക്കുന്നതും തമസ്കരിക്കുന്നതും സമീപഭാവിയിൽ തന്നെ സംഭവിച്ചേക്കാവുന്ന വലിയ ദുരന്തങ്ങൾക്ക് വഴിമരുന്നിടുന്നതിന് തുല്യമാണ്.


ഇതുകൂടി വായിക്കൂ: മാധ്യമപ്രവർത്തകർക്കുനേരെ ക്വാറി മാഫിയയുടെ ആക്രമണം


ഡിസംബർ അഞ്ചിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് 65 -ാം സ്ഥാപക ദിനത്തിൽ സംസാരിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ, കൊക്കയിൻ പോലുള്ള മയക്കുമരുന്നുകൾ രാജ്യത്തേക്ക് കൂടുതലായി കടത്തപ്പെടുകയും അതുവഴി മയക്കുമരുന്ന് ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയും ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ ഡിആർഐയോട് ആവശ്യപ്പെട്ടു. മയക്കുമരുന്നു കടത്ത് ശൃംഖലയിലെ ചെറിയ മീനുകളെയും കടത്തുകാരെയും കോവർ കഴുതകളെയും മാത്രം പിടിക്കുന്നതിനെക്കാൾ ഈ കടത്തിന് പിറകിലുള്ള വലിയ മത്സ്യങ്ങളെ വലയിലാക്കണം. രാജ്യത്തേക്ക് അയയ്ക്കുന്ന മയക്കുമരുന്ന് മലകൾ പിടിക്കുവാനും ഉദ്യോഗസ്ഥർക്ക് സാധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. റവന്യൂ ഇന്റലിജൻസ് ചുമതലയുള്ള കേന്ദ്രമന്ത്രിതന്നെ ഇങ്ങനെ അഭിപ്രായപ്പെടുമ്പോൾ രാജ്യം നേരിടുന്ന മയക്കുമരുന്ന് എന്ന ഭീഷണി എത്രമാത്രം വലുതാണ് എന്ന് നമ്മൾ അറിയേണ്ടതുണ്ട്. ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് 2021 സെപ്റ്റംബർ 17ന് 3000 കിലോ ഹെറോയിനാണ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴിയാണ് ഇത് എത്തിയത്. 21,000 കോടിയോളം ഇതിന് വില വരും. ജൂൺ മാസത്തിൽ 300 കിലോ ഹെറോയിൻ ഇതേ തുറമുഖത്തുനിന്ന് ആലിപ്പൂരിലെ ഒരു ഗോഡൗണിൽ എത്തിയത് അപ്രത്യക്ഷമായി. തുറമുഖത്തിന്റെ നടത്തിപ്പുകാരായ അഡാനി പോർട്സ് ആകട്ടെ ചരക്കുകളുടെ മേൽ തങ്ങൾക്ക് യാതൊരു അധികാരവുമില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പഞ്ചാബ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും യുവാക്കളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചത് വലിയ സാമൂഹ്യപ്രശ്നമായി ഉയർന്നു വന്നിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സാംസ്കാരിക രംഗത്തെ വരുംകാല ദൃശ്യങ്ങൾ


കേരളത്തിൽ നിന്നുള്ള വാർത്തകളും ഒട്ടും ശുഭകരമല്ല. രാസ മയക്കുമരുന്നുകളുടെ ഉപയോഗവും, മാനസികരോഗ ചികിത്സയ്ക്കുള്ള സൈക്കോ ട്രോപിക് മരുന്നുകളുടെ ദുരുപയോഗവും അപകടകരമാംവിധം കേരളത്തിൽ വർധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട 3167 കേസുകൾ സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു. 2020 ൽ 5674 പേർ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായപ്പോൾ ഈ വർഷം ഒക്ടോബർ വരെ 18,743 പേര്‍ അറസ്റ്റിലായി. ഈ വർധനവ് തികച്ചും അപകടകരമാണ്. ഈയടുത്ത ദിവസങ്ങളിൽ വരുന്ന വാർത്തകൾ തികച്ചും ആശങ്കാജനകമാണ്. പ്രായപൂർത്തിയാവാത്ത കൊച്ചു കുഞ്ഞുങ്ങളെ മയക്കുമരുന്ന് അടിമകളാക്കുവാനും അതുപോലെതന്നെ അവരെ ശാരീരികമായി ഉപദ്രവിക്കുവാനും ശ്രമം നടക്കുന്നു എന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. ലഹരിവിരുദ്ധ പ്രചാരണത്തിനിറങ്ങിയവൻ ലഹരിക്കച്ചവടക്കാരൻ ആയിരുന്നു എന്നത് അടുത്ത വാർത്ത. വളരെ വ്യാപകമായിത്തന്നെ കേരളത്തിലെ യുവജനങ്ങളെ കെണിയിൽ വീഴ്ത്തി സംസ്ഥാനത്തിന്റെ ജീവിതഭദ്രത തകർക്കുവാനുള്ള ആസൂത്രിത ശ്രമം തന്നെ നടക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്കവണ്ണം മയക്കുമരുന്ന് വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാന നിയമസഭ വിഷയം ചർച്ച ചെയ്യുവാനായി മാത്രം സമ്മേളിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുവാൻ എല്ലാ കക്ഷികളും ചേർന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, വിതരണം, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണ ഏജൻസികൾ ജാഗ്രതയോടെ, അലംഭാവം തെല്ലും കൂടാതെ അന്വേഷണവും നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വരും തലമുറയുടെ ജീവിതം തകർക്കുന്ന നരാധമന്മാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്കുവാൻ ഒട്ടും കാലവിളംബം ഉണ്ടാവരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.