മതേതരസംരക്ഷണത്തിന് സഭ സ്തംഭിപ്പിച്ച് നടുത്തളത്തില്‍

Web Desk
Posted on December 12, 2018, 11:04 pm

മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാകവാടത്തില്‍ നടത്തിവരുന്ന ആഹാര സത്യഗ്രഹം ഒത്തുതീര്‍ക്കണമെന്ന ആവശ്യവുമായി സഭാനടപടികള്‍ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന നടപടി ഇന്നും പ്രതിപക്ഷം തുടര്‍ന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയം ആഘോഷിക്കാനോ, ജിഎസ്ടി നിയമം നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ചരക്ക് സേവന നികുതിയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കാനോ അവര്‍ സമയം കണ്ടെത്തിയില്ല. മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കുന്ന നിയമഭേദഗതിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാനും പ്രതിപക്ഷം കൂട്ടാക്കിയില്ല. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ നിന്നും അവര്‍ വിട്ടുനിന്നു.
സമരത്തില്‍ പങ്കെടുക്കുന്ന മൂന്ന് എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന മുദ്രാവാക്യം മുഴക്കി, പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പതിവുപോലെ പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍ അവര്‍ നടുത്തളത്തിലെത്തി. ‘മതേതരത്വം വിജയിക്കും, രാഹുല്‍ഗാന്ധിക്ക് അഭിവാദ്യങ്ങള്‍’ എന്നീ മുദ്രാവാക്യങ്ങള്‍ കൂടി പ്രതിപക്ഷാംഗങ്ങള്‍ മുഴക്കിയത് രസകരമായി. മതേതരത്വം സംരക്ഷിക്കാന്‍ എന്തിനാണ് നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.
‘അഹങ്കാരത്തിന് രാജ്യമാകെ തിരിച്ചടി, ജനാധിപത്യം വിജയിക്കുന്നു, ഏകാധിപത്യം അംഗീകരിക്കില്ല’ എന്ന മുദ്രാവാക്യവും പ്രതിപക്ഷം മുഴക്കുന്നുണ്ടായിരുന്നു. രാജ്യമാകെ അഹങ്കാരത്തിന് ഉണ്ടായെന്ന് പ്രതിപക്ഷം അവകാശപ്പെടുന്ന തിരിച്ചടിക്ക് നിയമസഭ എന്തിന് സ്തംഭിപ്പിക്കുന്നു എന്ന ചോദ്യത്തിനും മറുപടിയില്ല.
പ്രതിപക്ഷത്തിന്റെ നടപടിയെ വേദനാജനകമെന്നും ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ വിശേഷിപ്പിച്ചു. ചോദ്യങ്ങള്‍ ഉന്നയിക്കാനും ഉപചോദ്യങ്ങള്‍ ചോദിക്കാനുമുള്ള ഭരണകക്ഷി അംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ല. എല്ലാ ദിവസവും ചോദ്യോത്തരവേള തടസപ്പെടുത്തുന്ന നടപടിയോട് യോജിക്കാനാവില്ല- സ്പീക്കര്‍ വ്യക്തമാക്കി. ബഹളത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കെ ശൈലജയും മറുപടി പറഞ്ഞു.
മുദ്രാവാക്യം വിളി തുടരവേ പ്രതിപക്ഷത്തിന്റെ നടപടി ലജ്ജാകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ചെയറിനോടാണോ പ്രതിഷേധമെന്നും അദ്ദേഹം ചോദിച്ചു. സഭ ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങളുണ്ടെന്നും സ്പീക്കര്‍ ഓര്‍മപ്പെടുത്തി.
കറുത്ത ബാനര്‍ സ്പീക്കറുടെ മുഖം മറച്ച് ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: കഥകളിയിലെ തിരനോട്ടം പോലെ ഇങ്ങിനെ ചെയ്യുന്നത് ശരിയല്ല.
സീറ്റുകളിലേക്ക് മടങ്ങാനുള്ള അഭ്യര്‍ഥന നിരസിക്കപ്പെട്ടതോടെ ചോദ്യോത്തരവേളയുടെ അവശേഷിച്ച സമയം റദ്ദാക്കി മറ്റ് നടപടികളിലേക്ക് സ്പീക്കര്‍ കടന്നു.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്ലും ചരക്ക് സേവനനികുതി ഭേദഗതി ബില്ലും ധനവിനിയോഗ നാലാം നമ്പര്‍ ബില്ലും ചര്‍ച്ച കൂടാതെ പാസാക്കി 9.54ന് നാളത്തേക്ക് ചേരാനായി സഭ പിരിഞ്ഞു. നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ അവസാനിക്കും. ഇതുവരെ തുടര്‍ന്ന് കലാപരിപാടി നാളെയും തുടരാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.