സിപിഐ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്; ടിഎസ്ആർടിസി: വീണ്ടും ചർച്ചയ്ക്കു വഴിതെളിയുന്നു

Web Desk
Posted on October 28, 2019, 7:56 am

ഹൈദരാബാദ്: തെലങ്കാനയിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ തൊഴിലാളികളുടെ സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ സാംബശിവ റാവുവിന്റെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. ഇതോടെ ഇന്ന് വീണ്ടും തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താമെന്ന് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് തുടങ്ങിയ സമരം ഇന്ന് 24ാം ദിവസത്തിലേക്ക് കടക്കും.

തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ടിഎസ്ആർടിസി മാനേജുമെന്റ് തയ്യാറാകാത്തതിനാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഒക്ടോബർ 28‑ന് മുമ്പ് ഒരു രണ്ടാംവട്ട ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് യൂണിയനുകളും സംസ്ഥാന സർക്കാരും സമ്മതം അറിയിച്ചത്. ആദ്യത്തെ ചർച്ച പരാജയപ്പെടാൻ കാരണം ആർടിസി മാനേജ്മെന്റിന്റെ നിലപാടാണെന്നും കോടതിയിൽ വാദം തുടങ്ങുന്നതിന് മുമ്പ് ഒരിക്കൽകൂടി ചർച്ചയ്ക്കു തയ്യാറാണെന്നും തൊഴിലാളി സംഘടനയുടെ നേതാവ് അശ്വത്ഥാമ റെഡ്ഡി അറിയിച്ചു. “സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഐഎഎസ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുന്നുണ്ട്, എന്നാൽ ചർച്ച ഞങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചുവെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്, ”റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാന സർക്കാരും തൊഴിലാളി സംഘടനകളും കൂടിയാലോചിച്ച് പ്രശ്ന പരിഹാരം നടത്തണമെന്നും ഇതിന്റെ റിപ്പോർട്ട് ഒക്ടോബർ 28 ന് സമർപ്പിക്കണമെന്നും തെലങ്കാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം ജീവനക്കാരുടെ 21 ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെന്ന് ആർടിസി മാനേജിംഗ് ഡയറക്ടർ സുനിൽ ശർമ പറഞ്ഞു. എന്നാൽ ആർടിസിയെ സർക്കാരുമായി ലയിപ്പിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ പരാതികളും ചർച്ച ചെയ്യാനാണ് യൂണിയനുകൾ ആഗ്രഹിക്കുന്നതെന്നും അത് സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.