Web Desk

കൊച്ചി:

January 25, 2021, 10:18 pm

ഗെയിൽ പൈപ്പ്‌ലൈൻ മൂന്നാംഘട്ടം മാർച്ചില്‍

Janayugom Online

ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം മാർച്ച് 15ന് മുമ്പ് കമ്മിഷൻ ചെയ്യും. പാലക്കാട് കൂറ്റനാടുമുതൽ കോയമ്പത്തൂർ ഐഒസി സിറ്റി ഗേറ്റുവരെ നീളുന്ന പൈപ്പുലൈനിലാണ് (105 കിലോമീറ്റർ) ഗ്യാസ് നിറയ്ക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുവേണ്ടിയാണ് ആദ്യം ഇന്ധനം നൽകുക.

വാളയാറിനും കോയമ്പത്തൂരിനും മധ്യേ ദേശീയപാതയിലുള്ള പിച്ചന്നൂർ ടെർമിനലിലേക്ക് ഗ്യാസ് എത്തിക്കുകയാണ് ഗെയിൽ ചെയ്യുക. ഇതോടെ തൃശൂർ, പാലക്കാട് ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതി യാഥാർത്ഥ്യത്തിലേയ്ക്ക് കൂടുതൽ അടുക്കും. പൈപ്പുലൈനിന്റെ സുരക്ഷാപരിശോധനയുടെ ഭാഗമായ ഹൈഡ്രോ ടെസ്റ്റിങ് തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഗെയിൽ ഇന്ത്യ ജനറൽ മാനേജർ ജോസ് തോമസ് പറഞ്ഞു. ഗ്യാസ് നിറയ്ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദ്ദത്തിൽ വെള്ളം നിറച്ചാണ് പരിശോധന. പൈപ്പുലൈൻ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കിൽ ലീക്കുണ്ടായാൽ കണ്ടെത്തുന്നതിനാണ് ഹൈഡ്രോ ടെസ്റ്റ്.

ഇലക്ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച് കേടുപാട് പരിശോധിക്കും. ഇതിനുശേഷമാകും കമ്മിഷനിങ്. കൊച്ചിയിലെ വ്യവസായശാലകൾക്ക് പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2010ൽ തുടങ്ങി 2013 ഓഗസ്റ്റിന് 25ന് കമ്മിഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി-മംഗളൂരു പൈപ്പുലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചിന് നാടിന് സമർപ്പിച്ചിരുന്നു. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത് 510 കിലോമീറ്ററാണ്. 2013 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2010‑ൽ ആരംഭിച്ച ഗെയിൽ പദ്ധതിക്ക് വി എസ് സർക്കാരാണ് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകിയത്. പിന്നീട്, അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പുരോഗതിയുണ്ടായില്ല. 2016 ൽ ഇടതുമുന്നണി അധികാരത്തിൽ വന്നതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുകയായിരുന്നു.

ENGLISH SUMMARY:THIRD PHASE OF GAIL PIPELINE IN MARCH

YOU MAY ALSO LIKE THIS VIDEO