തിരിച്ചറിയാന്‍ വൈകിയ സ്‌നേഹം

Web Desk
Posted on August 25, 2019, 10:35 am

സന്തോഷ് പ്രിയന്‍

പണ്ടൊരിടത്ത് യോഗാനന്ദ് എന്നൊരു ഗുരു ഉണ്ടായിരുന്നു. പഠനത്തില്‍ മോശക്കാരായ കുട്ടികളെ രക്ഷിതാക്കള്‍ യോഗാനന്ദിന്റെ ആശ്രമത്തില്‍ എത്തിച്ച് വിദ്യ അഭ്യസിപ്പിച്ചിരുന്നു. പഠനത്തില്‍ എത്ര പിന്നിലായ വിദ്യാര്‍ഥിയും ഗുരുവിന്റെ ശിക്ഷണത്തില്‍ മിടുക്കന്മാരായി തീര്‍ന്നിട്ടുണ്ട്.
അങ്ങനെ അനുസരണശീലം തീരെയില്ലാത്ത ദക്ഷിണന്‍ എന്ന കുട്ടിയെ അയല്‍ഗ്രാമത്തില്‍നിന്നും മാതാപിതാക്കള്‍ ഗുരുവിന്റെ അടുത്തെത്തിച്ചു. മറ്റ് കുട്ടികള്‍ക്കൊപ്പം ദക്ഷിണന്‍ ആശ്രമത്തില്‍ പഠനം തുടങ്ങി.
എന്നാല്‍ പഠനത്തില്‍ യാതൊരു ശ്രദ്ധയോ ഒന്നും തന്നെ ദക്ഷിണനില്‍ ഇല്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റ് കുട്ടികള്‍ ഒരുവിധം നന്നായി അറിവ് സമ്പാദിച്ചു. ഇത് ഗുരുവിനെ ദേഷ്യപ്പെടുത്തി. അവനെ പ്രത്യേകം ഗുരു ശ്രദ്ധിക്കാന്‍ തുടങ്ങി. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവനും മറ്റുള്ള കുട്ടികള്‍ക്കൊപ്പം എത്തി.
എന്നിട്ടും ഗുരു ദക്ഷിണനെ എപ്പോഴും ശകാരിക്കുകയും നിസാര കാര്യത്തിന് ശിക്ഷിക്കുകയും ചെയ്തുവന്നു. താന്‍ കഷ്ടപ്പെട്ട് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഗുരു സഹപാഠികളുടെ മുമ്പില്‍വച്ച് തന്നെ അവഹേളിക്കുകയും ശകാരിക്കുകയും തുടര്‍ന്നപ്പോള്‍ അവന് വലിയ സങ്കടവും ദേഷ്യവും ഉണ്ടായി. താമസിയാതെ അത് വലിയ പകയായിമാറി.
ഒടുവില്‍ ദക്ഷിണന്‍ ഒരു കാര്യം തീരുമാനിച്ചു. — ഗുരുവിനെ കൊല്ലുക തന്നെ. അതിനുള്ള വഴിയും അവന്‍ കണ്ടെത്തി. ഗുരു രാത്രി ഭക്ഷണം കഴിഞ്ഞ് ആശ്രമത്തിനടുത്തുളള വഴിയിലൂടെ നടക്കുന്ന പതിവുണ്ട്. ഒരു ദിവസം ദക്ഷിണന്‍ വലിയ ഒരു പാറക്കല്ല് കയറില്‍ കെട്ടി വഴിയരികിലെ മരത്തിന് മുകളില്‍ കെട്ടി നിര്‍ത്തി. ഗുരു കല്ലിന് നേര്‍ക്ക് വരുമ്പോള്‍ കയറിലെ പിടിവിടുമ്പോള്‍ കല്ല് തലയില്‍വീണ് കൊല്ലാനായിരുന്നു അവന്റെ പദ്ധതി.
അങ്ങനെ ഗുരു അടുത്തെത്തുന്നതും നോക്കി അവന്‍ മരത്തിന് പിന്നില്‍ കല്ല് കെട്ടിയ കയറും പിടിച്ച് കാത്തുനിന്നു. അപ്പോഴതാ ഗുരു വരുന്നു. കൂടെ പരിചാരകനുമുണ്ട്. പരിചാരകന്‍ ഗുരുവിനോട് എന്തോ സംസാരിക്കുന്നുണ്ട്. ദക്ഷിണന്‍ കാതോര്‍ത്തു.
‘അല്ല ഗുരോ, ആ ദക്ഷിണന്‍ പഠനത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം എത്തിയിട്ടും അവനെ എപ്പോഴും അങ്ങ് ശകാരിക്കുന്നതെന്താ?’ പരിചാരകന്റെ വാക്കുകേട്ട് ഗുരു പറഞ്ഞു.
‘എടോ, അത് അവനോട് എനിക്ക് വിരോധമുണ്ടായിട്ടല്ല. ഇവിടുത്തെ കുട്ടികൡ വിദ്യ അഭ്യസിക്കാന്‍ കഴിവ് കൂടുതല്‍ ഉളളത് അവനാ. പക്ഷെ അവന്‍ ആ കഴിവ് പ്രയോഗിക്കുന്നില്ല. ലക്ഷ്യമില്ലാത്തതാണ് അവന്റെ പ്രശ്‌നം. അവനവന്റെ കഴിവ് തിരിച്ചറിഞ്ഞാല്‍ മാത്രമേ ആര്‍ക്കും ലക്ഷ്യത്തിലെത്താന്‍ കഴിയൂ. ദക്ഷിണന്‍ വലിയ ആളായി മാറാനാണ് ഞാന്‍ ശിക്ഷ അല്‍പം കൂടുതല്‍ അവന് കൊടുക്കുന്നത്. അതില്‍ ഒരു സ്‌നേഹം ഒളിച്ചിരിക്കുന്നു. മനസിലായോ.’
ഗുരുവിന്റെ വാക്കുകള്‍ കേട്ട ദക്ഷിണന്‍ അന്തിച്ചുപോയി. ‑ഈശ്വരാ എന്നോട് ഇത്രയും സ്‌നേഹമുള്ള ഗുരുവിനെയാണോ ഞാന്‍ കൊല്ലാന്‍ നോക്കിയത്.- ദക്ഷിണന്‍ പെട്ടെന്ന് കല്ല് മാറ്റിയിട്ട് ഗുരുവിന്റെ കാല്‍ക്കല്‍ വീണ് എല്ലാം തുറന്നു പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. എല്ലാം കേട്ട ഗുരു അവന് ഉപദേശം നല്‍കി അനുഗ്രഹിച്ചു. യഥാര്‍ഥ സ്‌നേഹം തിരിച്ചറിയാന്‍ നാം പലപ്പോഴും വൈകുമെന്ന് അവന് മനസിലായി. അങ്ങനെ ദക്ഷിണന്‍ പഠനത്തില്‍ ഒന്നാമനായി വിദ്യ പൂര്‍ത്തീകരിച്ച് വലിയ ജ്ഞാനിയായി മാറി.