June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഇന്ന് ഓർമ്മപ്പൂരം

By Janayugom Webdesk
May 2, 2020

കടലിനക്കരെ അങ്ങ് തൃശ്ശൂരിൽ ഇന്ന് പൂരം മുടങ്ങിയാലും ലോകത്തിൻ്റെ ഏത് കോണിലും ഉള്ള ലക്ഷക്കണക്കിന് പൂരപ്രാന്തന്മാർ പൂരത്തിൻ്റെ ശിൽപി ശക്തൻ തമ്പുരാനെ സ്മരിച്ച് മുടക്കം വരുത്താതെ അത് മനസ്സിൽ നടത്തും.

മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് വണങ്ങുവാൻ എത്തുന്ന കാഴ്ചയിലാണ് തുടങ്ങിയത്. മേട സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്നു. മനസ്സ് ആദ്യം ചെന്നത് മഠത്തിലിന് മുമ്പിൽ. ഇറക്കി പൂജ കഴിഞ്ഞ് രണ്ടാനകൾക്ക് നടുവിൽ തലയെടുപ്പോടെ തിടമ്പേറ്റി ഓർമ്മകളിൽ ഒരിക്കലും മരണമില്ലാത്ത തിരുവമ്പാടിയുടെ തിലകക്കുറി ശിവസുന്ദർ. ആൾക്കൂട്ടത്തിൽ സുന്ദർ മേനോനെ പോലെ പരിചിതരായ ചിലർ. കോങ്ങാട് മധുച്ചേട്ടൻ്റെ പ്രാമാണ്യത്തിൽ ലഹരി പിടിപ്പിക്കുന്ന പഞ്ചവാദ്യമാസ്വദിച്ച് ജനക്കൂട്ടം.

പിന്നെ പ്രദക്ഷിണവഴിയിലൂടെ നടന്ന് നായ്ക്കനാൽ പന്തലിൽ (നായകൻ ആൽ ) ആനകൾ ഏഴായി. തേക്കിൻ കാടിൻ്റെ നടുവിലെവടക്കുംനാഥൻ്റെ മുമ്പിലേക്ക്. ചാനലുകാരുടെ പതിവ് വെറുപ്പിക്കലുണ്ട്. ഇലഞ്ഞിച്ചോട്ടിലേക്ക് എത്തുവാൻ മനസ്സ് തിടുക്കം കൂട്ടി. ലോകമെങ്ങും എത്തിയ മേളപെരുമയുടെ അമരക്കാരൻ പ്രിയപ്പെട്ട പെരുവനം കുട്ടേട്ടൻ. (ഇത്രയും ലാളിത്യം നിറഞ്ഞ ഒരു കലാകാരനെ കണ്ടിട്ടില്ലാ) ദാ ചുണ്ടിൽ ചെറുപുഞ്ചിരിയും തോളിൽ ചെണ്ടയുമായി ഇരുന്നൂറ്റമ്പതോളം കലാകാരന്മാരെ അണിനിരത്തുന്നു. ചെണ്ടയും ഇലത്താളവും ഇമ്പമാർന്ന കുഴലും തീർക്കുന്ന വാദ്യവിസ്മയത്തിലേക്ക് സ്വാഗതമോതിവലം തലയിൽ ആകണം ആദ്യ കോൽ വീണതും ആരവങ്ങൾ തുടങ്ങി. ആത്മസമർപ്പണത്തോടെ അണിനിരന്ന കലാകാരന്മാരെ എത്ര അനായാസമാണ് കുട്ടേട്ടൻ ഈ മേളവിസ്മയത്തെ നയിക്കുന്നത്.

പത്രികാലത്തിൽ തുടങ്ങി ഇടത്തു കലാശവും അടിച്ചു കാശവും തകൃതയും കാലങ്ങൾ കൊട്ടിക്കേറി മുട്ടിന്മേൽ ചെണ്ടയുമായി സിരകളിൽ ആവേശമുണർത്തുന്ന അസുര വാദ്യത്തിൻ്റെ ലഹരിയുടെ ഉച്ചിലേക്ക് മനസ്സും ശരീരവും. ആവേശത്തെ ആകാശത്തോളം എത്തിച്ച് മേള മഴയിൽ മുങ്ങി നിൽക്കുന്നതിനൊടുവിൽ ഒരു നിമിഷാർദ്ധത്തിൽ എല്ലാം നിൽക്കുന്നു. അതെ നിശ്ചിത സമയത്തിൽ തീർത്ത് അവസാന കോൽ ചെണ്ടയിൽ വീണു കഴിഞ്ഞു.

അതോടെ നേരെ തെക്കേ ഗോപുരനടയിലേക്ക് തിരക്കിനിടയിലൂടെ. പൂഴി വാരിയിട്ടാൽ താഴാത്ത ആൾക്കൂട്ടത്തിൽ തിരുവമ്പാടിയുടെ തെക്കോട്ടിറക്കം കാണാൻ അക്ഷമയോടെ കാത്തു നിന്നു, ഒടുവിൽ ഒരാര്‍പ്പു വിളി ഉയർന്നു. അതാ ഗോപുര വാതിൽ കടന്ന് ചന്ദ്രേട്ടനും സുന്ദര മേനോനും ഇടവും വലവും നിന്ന് ശിവ സുന്ദറിനെ ആനയിച്ചു കൊണ്ടുവരുന്നു. പുറകെ മറ്റാനകളും. എതിർവശത്ത് പാറമേക്കാവ് ഭഗവതിയും സംഘവും രാജാവിൻ്റെ പ്രതിമയെ വണങ്ങി മടങ്ങി വന്ന് നിരന്നു. സായാഹ്ന സൂര്യൻ സ്വർണ്ണവർണ്ണമാർന്ന ആശംസകൾ ചൊരിയുന്ന മനോഹരമായ അന്തരീക്ഷം.

തിരുവമ്പാടിയുടെ ആനപ്പുറത്ത് ആദ്യ കുട മാറി ഉടനെ പാറമേക്കാവിൻ്റെ മറുപടി എത്തി. പിന്നെ 30 കരിവീരന്മാരുടെ മുകളിൽ മാറ്റുരച്ചത് കരവിരുതിൻ്റെ നിറച്ചാർത്തുകളും രൂപങ്ങളും. ഒടുവിൽ അന്തിമാനത്ത് കുങ്കുമം വിതറി സൂര്യൻ വിരിച്ച വലിയ കുടയോടെ അതിന് സമാപനം. ആനകളും മേളവും നിറച്ചാർത്തുകളും കണ്ട്മനസ്സ് നിറഞ്ഞ ആൾക്കൂട്ടം പിരിയുവാൻ തുടങ്ങി.

രാത്രിയിലെ ആകാശപ്പൂരത്തിനായുള്ള കാത്തിരിപ്പാണിനി. ഒടുവിൽ വടക്കുംനാഥൻ്റെ ആകാശത്ത് ആദ്യത്തെ അമിട്ട് പൊട്ടി വിരിഞ്ഞ ആഹ്ലാദം കാഴ്ചക്കാരുടെ മുഖത്ത് പ്രകാശമായി പ്രതിഫലിച്ചു. പിന്നെ സമാനതകൾ ഇല്ലാത്ത വിധം അഗ്നിയുടെ ശബ്ദ — വർണ്ണ ജാല പ്രകടനം.

പുലർവെട്ടം വീഴുമ്പോൾ രാത്രിപ്പൂരം കഴിഞ്ഞ ഉറക്കക്ഷീണം ചൂട് ചായയിൽ തീർത്ത് വീണ്ടും ഭഗവതിമാരുടെ എഴുന്നള്ളത്ത് കാണാൻ പോകും. പാണ്ടിമേളം ഉച്ചയോടെ അവസാനിച്ച് ശ്രീമൂലസ്ഥാനത്ത് വികാരനിർഭരമായ വിട പറച്ചിലിന് സാക്ഷിയാകും. പൂരം മുതൽ പൂരം വരെ വർഷം കണക്കാക്കുന്നവർക്ക് അടുത്ത വർഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.