Web Desk

തൃശൂർ

January 12, 2021, 7:01 pm

തൃശ്ശൂർ‑പൊന്നാനി കോൾനിലങ്ങളിൽ മുപ്പതാമത് നീർപ്പക്ഷിസർവ്വെ സംഘടിപ്പിച്ചു

Janayugom Online

ഏഷ്യൻ വാട്ടർബേഡ് സെൻസസ്സിന്റെ ഭാഗമായി തൃശ്ശൂർ‑പൊന്നാനി കോൾനിലങ്ങളിൽ മുപ്പതാമത് നീർപ്പക്ഷിസർവ്വെ, ജനുവരി 3നു‌ ഞായർ, വിവിധ കോൾപ്പാടശേഖരങ്ങളിൽ സംഘടിപ്പിച്ചു. മാറഞ്ചേരി, ഉപ്പുങ്ങൽ, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കൽ, ഏനമാവ്, പുല്ലഴി, അടാട്ട്, മുള്ളൂർക്കായൽ തുടങ്ങിയ കോൾമേഘകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വെയിൽ 56 ഇനങ്ങളിലായി 16,000 ഓളം പക്ഷികളെ സർവ്വെയിൽ പക്ഷിനിരീക്ഷകർ നിരീക്ഷിച്ചു.

പുള്ളിച്ചുണ്ടൻ കൊതുമ്പന്നം-  Spot-billed pelican

താലിപ്പരുന്ത് Osprey

മുൻവർഷങ്ങളെ അപേക്ഷിച്ച് നീർപക്ഷികൾ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (2018–33499, 2019–27519, 2020–22049) വിവിധയിനം എരണ്ടകൾ, വർണ്ണക്കൊക്ക്, ഞവുഞ്ഞിപ്പൊട്ടൻ, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീർക്കാക്കകൾ തുടങ്ങിയവയുടെ എണ്ണത്തിൽ ഇത്തവണ കാര്യമായ കുറവ് രേഖപ്പെടുത്തി. ചാരത്തലയൻ തിത്തിരി, കായൽപുള്ള്, ചെങ്കണ്ഠൻ വരമ്പൻ, വെള്ളക്കറുപ്പൻ മേടുതപ്പി, താലിപ്പരുന്ത്, പുള്ളിച്ചുണ്ടൻ പെലിക്കൺ, മീവൽക്കാട തുടങ്ങി പക്ഷികളെയും കോൾനിലങ്ങളിൽനിന്ന് കണ്ടെത്താനായി.

ഉപ്പൂപ്പൻ- Hoopoe

കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സിന്റെയും കാർഷിക സർവ്വകലാശാല വന്യജീവി പഠനവിഭാഗവും സംയുക്തമായാണ് സർവ്വെ സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട സർവ്വെയിൽ സി.പി.സേതുമാധവൻ, മുകുന്ദൻ കിഴക്കേമഠം, മിനി ആന്റോ, ജയ്ദേവ് മേനോൻ, നിഥീഷ് കെ.ബി, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, ലതീഷ് ആർ. നാഥ്, അരുൺ ജോർജ്, സിജി.പി.കെ, വിവേക് ചന്ദ്രൻ, ശ്രീകുമാർ ഇ.ആർ, ശ്രീഹരി, മനോജ് കരിങ്ങാമഠത്തിൽ, അദിൽ നഫർ, കൃഷ്ണകുമാർ കെ.അയ്യർ, സുബിൻ മനക്കൊടി, മാത്യൂസ് തെക്കേതല, പ്രശാന്ത് എസ്, രവീന്ദ്രൻ കെ.സി, ഷിനോ കൂറ്റനാട് തുടങ്ങി അമ്പതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. തുടർന്ന് ഓൺലൈനിൽ നടന്ന അവലോകനയോഗത്തിൽ ഡോ.നമീർ.പി.ഓ അധ്യക്ഷത വഹിച്ചു.

ചെങ്കണ്ഠൻ വരമ്പൻ - Red-throat­ed Pipit

ഇബേഡ് ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ ആയി നടത്തിയ വിവരശേഖണം വെറ്റ്ലാന്റ് ഇന്റർനാഷ്ണൽ, ബേഡ്കൌണ്ട് ഇന്ത്യ തുടങ്ങിയ ഏഷ്യൻ വാട്ടർബേഡ് സെൻസസ്സ് ഏകോപനം നടത്തുന്ന ഏജൻസികൾക്ക് പങ്കുവെക്കുകയും ഈ വിവരങ്ങൾ നീർപക്ഷികളെക്കുറിച്ച് പഠിക്കാൻ താല്പര്യമുള്ള ആർക്കും പരിശോധിക്കാവുന്ന തരത്തിൽ ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്തു. പക്ഷിപ്പനി കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദേശാടനപക്ഷികൾ കുട്ടത്തോടെ ചാകുന്നുണ്ടോ എന്നും ഇത്തവണ സർവ്വെയുടെ ഭാഗമായി ഫീൽഡിൽ അന്വേഷണം നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്തിയില്ല.

ചാരത്തലയൻ തിത്തിരി — Grey-head­ed lapwing

ENGLISH SUMMARY:Thirty birds Sur­vey was con­duct­ed at Thrissur-Ponnani
You may also like this video