ഇനിയുണ്ടാകില്ല, ഇങ്ങനെയൊരു സൂപ്പർ താരം; ജയൻ ഒരോർമ്മക്കുറിപ്പ്

സുരേഷ് ചൈത്രം
Posted on November 16, 2019, 12:34 pm

മലയാള സിനിമയുടെ താരസൂര്യൻ അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ടു ഇന്ന് മുപ്പത്തൊൻപതു വർഷം തികയുന്നു. മലയാള സിനിമയുടെ സുവർണ്ണകാലമായിരുന്ന എഴുപതുകളുടെ അവസാനത്തിൽ പ്രേംനസീറും മധുവും സോമനും സുകുമാരനും അടക്കമുള്ള മുൻനിര താരങ്ങൾ തിളങ്ങി നിൽക്കുന്നകാലത്താണ് കൊല്ലം തേവള്ളി കൊട്ടാരം വീട്ടിൽ മാധവൻ പിള്ളയുടെയും ഭാരതി അമ്മയുടെയും മകനായ കൃഷ്ണൻനായർ എന്ന ജയൻ വെള്ളിത്തിരയിൽ എത്തുന്നത് 1974 ൽ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടാണ് ജയന്റെ സിനിമാപ്രവേശം. ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസർ ആയിരുന്ന കൃഷ്ണൻനായർ നേവിയിലെ ജോലിത്തിരക്കിനിടയിലും കലാപരിപാടിളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഒത്ത ഉയരവും കടഞ്ഞെടുത്ത ശരീരവും ഗാംഭീര്യമുള്ള ശബ്ദവുമുള്ള കൃഷ്ണൻനായർ സിനിമയിൽ എത്തിയാൽ ശോഭിക്കും എന്ന സുഹൃത്തുക്കളുടെ അഭിപ്രായമാണ് അഭിനയമോഹത്തിന്റെ തുടക്കം.

Image result for jayan

ബോംബെയിൽ നിന്നും സ്ഥലം മാറി കൊച്ചിയിലെത്തിയ ജയൻ, കൊച്ചിൻ നേവൽ ബേസിന് സമീപം ഡ്രൈക്ളീനിങ് സ്ഥാപനം നടത്തുന്ന നടൻ ജോസ് പ്രകാശിന്റെ മകൻ രാജനുമായി ചങ്ങാത്തം കൂടുകയായിരുന്നു. രാജനുമായി അടുത്താൽ ജോസ് പ്രകാശ് വഴി സിനിമയിൽ എത്താമെന്ന് കരുതി ആയിരുന്നു ആ കൂട്ടുകെട്ട്. ഒരിക്കൽ ഷോപ്പിലെത്തിയ ജോസ്‌പ്രകാശിന് ജയനെ രാജൻ പരിചയപ്പെടുത്തി, ‘ഇത് കൃഷ്ണൻനായർ, നേവൽ ഓഫീസറാണ്, സ്ഥലം കൊല്ലം’ എന്നായിരുന്നു പരിചയപ്പെടുത്തൽ. ആദ്യ നോട്ടത്തിൽ തന്നെ ജയനെ ഇഷ്ടപെട്ട ജോസ്‌പ്രകാശ് പിന്നീട് ഉറ്റ സുഹൃത്തായി ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടയിൽ പലപ്പോഴും ജോസ്‌പ്രകാശിനോട് തന്റെ അഭിനയ മോഹം പങ്കുവച്ചിരുന്നു. അങ്ങിനെയിരിക്കയാണ് പ്രശസ്ത നാടക നടനും സംവിധായകനുമായ ജേസി ശാപമോക്ഷം എന്ന പുതിയ സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുന്നത്.

Image result for jayan

ജോസ്‌പ്രകാശ് ഉറ്റ സുഹൃത്തായ ജേസിയോട് ജയന്റെ കാര്യം സൂചിപ്പിച്ചു. അങ്ങിനെ ആദ്യമായി കൃഷ്ണൻ നായർ വെള്ളിത്തിരയിൽ എത്തി. വിവാഹ സൽക്കാരത്തിൽ ഗായകനായുള്ള ആദ്യ അരങ്ങേറ്റം അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു. അതിനു ശേഷം സോമൻ നായകനായ “ഇതാ ഇവിടെവരെ” എന്ന ചിത്രത്തിൽ വള്ളക്കാരനായി ചെറിയ വേഷത്തിൽ എത്തി. ജയന്റെ അഭിനയത്തോടുള്ള അഭിനിവേശം കണ്ടു സംവിധായകൻ ഐ വി ശശി കുറച്ചു സീൻ എഴുതി ഉണ്ടാക്കി സിനിമയുടെ ടൈറ്റിൽ സീനിലെ ഗാനരംഗത്തിൽ ജയനെ അഭിനയിപ്പിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ ജയൻ സിനിമയിൽ സജീവമായി. കൃഷ്ണൻനായർ എന്ന പേര് സിനിമയ്ക്ക് പറ്റില്ല നല്ലൊരു പേരിടണം എന്ന് പറഞ്ഞത് ജോസ്‌പ്രകാശാണ്. ജയൻ എന്ന് പേരിട്ടതും ജോസ്‌പ്രകാശ് തന്നെയാണ്. നിരവധി ചിത്രങ്ങളിൽ കമലഹാസനൊപ്പവും അഭിനയിച്ചു. അതിൽ മദനോത്സവത്തിലെ ഡോക്ടർ വേഷം ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ഇതാ ഒരു മനുഷ്യൻ, രതിമന്മഥൻ, പഞ്ചമി, ജയിക്കാനായ് ജനിച്ചവൻ, കണ്ണപ്പനുണ്ണി, മുക്കുവനെ സ്നേഹിച്ച ഭൂതം, കാത്തിരുന്ന നിമിഷം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. അഭിനയ ജീവിതത്തിൽ മാറ്റമുണ്ടാക്കിയ ചിത്രമാണ് ഹരിഹരൻ സംവിധാനം ചെയ്ത “ശരപഞ്ജരം” എന്ന സിനിമ.

Image result for jayan

ഒരേ സമയം വില്ലനായും നായകനായും ജയൻ തകർത്തഭിനയിച്ചു. ശരപഞ്ജരം മലയാളത്തിലെ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. ജയൻ എന്ന നടന്റെ കരിയർ ആ സിനിമ മാറ്റിമറിച്ചു. സിനിമയിലെ ചടുലമായ സംഭാഷണങ്ങളും സാഹസിക രംഗങ്ങളും കുതിരയോട്ടവും എല്ലാം ഒരു ഹോളിവുഡ് സിനിമയ്ക്ക് സമാനമായിരുന്നു. മലയാളികൾ രണ്ടു കയ്യും നീട്ടി ജയനെ സ്വീകരിച്ചു. കുടുംബ ചിത്രങ്ങളിലും ആക്ഷന്‍ സിനിമകളിലും ഒരുപോലെ അദ്ദേഹം നായകനായി. ഐ വി ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന ചിത്രത്തിലെ ചുമട്ടുതൊഴിലാളി ബാബു എന്ന കഥാപാത്രം ജയൻ എന്ന നടന്റെ അഭിനയ പാടവത്തിന്റെ മികവിൽ സൂപ്പർഹിറ്റായ സിനിമയായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ജയനോടൊപ്പം നായികാവേഷം ചെയ്തത് സീമ ആയിരുന്നു. ജയൻ‑സീമ ജോഡി അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കോസ്റ്റ്യൂം സെൻസുള്ള നടനും ജയൻ തന്നെ ആയിരുന്നു.

Image result for jayan and seema

എല്ലാവരിൽ നിന്നും വ്യത്യസ്തമായ വസ്ത്രധാരണ രീതിയും ചലനങ്ങളും ശരീര വടിവും ശബ്ദവും ജയനെ ആരാധകരുടെ ഇഷ്ട നടനാക്കി മാറ്റി. ജയന്റെ തുടർന്നുവന്ന ഏതോ ഒരു സ്വപ്നം, നായാട്ട്, തടവറ, സർപ്പം, മാമാങ്കം, അങ്കക്കുറി,അന്തപ്പുരം, മൂർഖൻ, ശിഖരങ്ങൾ, അഭിനയം, ലവ് ഇൻ സിംഗപ്പൂർ, കരിപുരണ്ട ജീവിതങ്ങൾ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ഇടിമുഴക്കം, ബെൻസ് വാസു തുടങ്ങി എല്ലാ സിനിമകളും വൻ ഹിറ്റുകളായിരുന്നു. പ്രേംനസീറും ജയനും മലയാള സിനിമയിൽ ആ കാലയളവിലെ ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നു. രണ്ടുപേരും ഒരുമിച്ചു അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രദർശന വിജയം നേടി. ഡ്യുപ്പില്ലാതെയുള്ള അതിസാഹസികരംഗങ്ങളും, സംഘട്ടനങ്ങളും കൊണ്ട് നിറഞ്ഞ ജയൻ സിനിമകൾ പ്രേക്ഷകരെ വ്യത്യസ്‍തമായ ഒരു കാഴ്ചയുടെ തലത്തിൽ എത്തിക്കുകയായിരുന്നു. മലയാളസിനിമ കണ്ട എന്നത്തേയും പൗരുഷമുള്ള നടൻ എന്ന ഖ്യാതിയും ജയൻ നേടിയെടുത്തു. തിരക്കിനിടയിലും തമിഴിലെ പ്രമുഖ സംവിധായകൻ മഹേന്ദ്രൻ ജയനെ വച്ച് സംവിധാനം ചെയ്ത ഏക തമിഴ് സിനിമ “പൂട്ടാത്ത പൂട്ടുകൾ” എന്ന സിനിമയും അതിലെ ഗാനങ്ങളും ഹിറ്റായിരുന്നു മലയാളത്തിലെയും തമിഴിലെയും വൻ ബാനറുകളായിരുന്നു ജയനെ വച്ച് അക്കാലത്തു ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്.

Image result for jayan

മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ എന്ന പേരും അദ്ദേഹത്തിന് മാത്രം സ്വന്തം. കേവലം ഒന്നര വർഷം മാത്രം മലയാള സിനിമയിൽ നായകനായി ജീവിച്ച ജയൻ ചുരുങ്ങിയ കാലയളവിൽ സിനിമയിൽ കാഴ്ചവച്ച മാസ്മരികത പതിറ്റാണ്ടുകൾക്കപ്പുറവും ജ്വലിച്ചു നിൽക്കുന്നു. കാലങ്ങൾ കഴിയുംതോറും മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റുന്ന താരം മലയാള സിനിമയിൽ മറ്റാരുമില്ല എന്നതാണ് സത്യം. പുതിയ തലമുറയ്ക്കുപോലും ജയൻ എന്ന നടൻ സുപരിചിതനാണ്. ഇന്ത്യൻ സിനിമ കണ്ട എന്നത്തേയും സാഹസിക താരമായ ജയന് ആ സാഹസികത തന്നെ ജീവൻ നഷ്ടപ്പെടാൻ കാരണമായി. പ്രേംനസീറും ജയനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അറിയപ്പെടാത്ത രഹസ്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ജയൻ മലയാളത്തിലെ അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രമായ കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി മദ്രാസിലേക്ക് പോയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാംനിര സംവിധായകനും ക്യാമറാമാനുമായ പി എൻ സുന്ദരം ആയിരുന്നു കോളിളക്കത്തിന്റെ സംവിധായകൻ. മദ്രാസിലെ കാറോട്ട മത്സരങ്ങൾക്ക് പേരുകേട്ട പഴയ “ഷോലാവാരം” എയർസ്‌ട്രിപ്പിലായിരുന്നു സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം.

Related image

വില്ലനായ ബാലൻ കെ നായർ ഹെലികോപ്റ്ററിൽ രക്ഷപെടുമ്പോൾ നായകനായ ജയൻ, സുകുമാരന്റെ ബൈക്കിന്റെ പിന്നിൽ കയറി നിന്ന് ഹെലികോപ്റ്ററിന്റെ ലാന്റിംഗ് പാഡിൽ പിടിച്ചു തൂങ്ങി കയറുന്ന ദൃശ്യമാണ് ഷൂട്ട് ചെയ്യേണ്ടി ഇരുന്നത്
ആദ്യ ചിത്രീകരണത്തിൽ തന്നെ സംവിധായകന് തൃപ്തിയായ രംഗം നായക നടനായ ജയന് തൃപ്തിവരാത്തതു കാരണം രണ്ടാമത് ചിത്രീകരിക്കുകയായിരുന്നു. തോട്ടങ്ങളിൽ മരുന്ന് തളിക്കുന്ന ഹെലിക്കോപ്റ്ററാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.

Related image

 

 

ഹെലികോപ്റ്റർ ഉയർന്നു പൊങ്ങുകയും സുകുമാരൻ ഓടിക്കുന്ന ബൈക്കിൽ കയറി നിന്ന് ജയൻ ലാൻഡിംഗ് പാഡിൽ തൂങ്ങുകയും ചെയ്താൽ മതി എന്നുമായിരുന്നു സംവിധായകൻ നിർദേശിച്ചിരുന്നത്. പക്ഷെ അഭിനയത്തിന്റെ സ്വാഭാവികതയ്ക്കുവേണ്ടി ജയൻ ഹെലികോപ്റ്ററിലേക്കു കയറാൻ ശ്രമിക്കുകയും കൂടി ചെയ്തപ്പോൾ ഭാരം മൂലം കോപ്റ്റർ ഒരു വശത്തേയ്ക്ക് ചരിഞ്ഞു നിയന്ത്രണം വിട്ടു തറയിലിടിക്കുകയും വീണ്ടും പൊങ്ങി ദൂരേയ്ക്ക് പതിക്കുകയുമായിരുന്നു. എല്ലാവരും ഓടി എത്തുമ്പോഴേക്കും ജയൻ തനിയെ എണീറ്റു. ജയന്റെ ഡ്രൈവർ കാറുമെടുത്തു പെട്ടെന്ന് തന്നെ എത്തി. അദ്ദേഹത്തിന്റെ തലയിൽ നിന്നും രക്തം ഒഴുകികൊണ്ടേയിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹത്തെ മദ്രാസ് ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും വൈകിട്ട് ആറുമണിയോടെ മലയാളത്തിന്റെ എന്നത്തേയും താര സൂര്യൻ അസ്തമിച്ചു. 1980 നവംബർ 16 ന് ജയൻ നമ്മെ വിട്ടുപോകുമ്പോൾ അദ്ദേഹത്തിന് 42 വയസ്സ് പ്രായം മാത്രം. പക്ഷെ മലയാളികൾക്ക് ഇന്നും ജയൻ ചെറുപ്പത്തിന്റെ ഓർമ്മയാണ്. നാല് പതിറ്റാണ്ടുകൾക്കപ്പുറവും ആ പുഞ്ചിരിയും ചലനങ്ങളും സൗന്ദര്യവും ഇന്നും മലയാളിയുടെ മനസിൽ മായാതെ നിൽക്കുന്നു.