February 8, 2023 Wednesday

മനുഷ്യമനസ്സുകളിലെ ആത്മബന്ധങ്ങളുടെ കഥപറഞ്ഞ ഗന്ധര്‍വന്‍ വിടവാങ്ങിയിട്ട് 31 വര്‍ഷങ്ങള്‍

പുളിക്കല്‍ സനില്‍രാഘവന്‍
January 23, 2022 11:19 am

വിലയിടാത്തസർഗവിസ്മയങ്ങൾ തീർത്ത ഗന്ധര്‍വനായ പി. പത്മരാജന്‍റെ മുപ്പത്തിഒന്നാം ചരമ വരാ‍ഷിക ദിനമാണ് ജനുവരി 23. ഓർമ്മകൾ മാഞ്ഞ ഇന്നലകളെ തീരാനൊമ്പരമാക്കിയ ഗന്ധർവനാണ് പപ്പൻ എന്ന പി.പത്മമരാജൻ. കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതി വെച്ച് സർഗ്ഗാത്മകതയുടെ ഏറ്റവും വ്യത്യസ്തതമായ വഴികളിലൂടെ സഞ്ചരിച്ച പത്മരാജൻ എന്ന ഗന്ധർവൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്നു പതിറ്റാണ്ട് കഴിയുന്നു,

1945 മേയ് 23‑ന് ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ തുണ്ടത്തിൽ അനന്തപത്മനാഭ പിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പത്മരാജൻ ജനിച്ചു. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു .

ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു.

പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.[ ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവയാണ്

കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971‑ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്

. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ. 1975‑ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനം ചെയ്തു. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ അറിയുന്നത് പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ്. സിനിമയിൽ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളിൽ കൊണ്ട് വരാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട്.പത്മരാജന്റെ രചനകൾ ഏതൊരു ക്ഷുഭിതന്റെയും മനസ്സിൽ പ്രണയം നിറയ്ക്കുന്നവയായിരുന്നു. സിനിമാലോകത്ത് എത്തിയില്ലെങ്കിൽ, പൂർണ്ണ അർത്ഥത്തിൽ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു പി പത്മരാജൻ.പത്മരാജന്റെ രചനകളിൽ എന്നും എടുത്തു പറയേണ്ടത് പ്രണയം തന്നെയായിരുന്നു.

“വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം , ആ കഥാതന്തു വായനക്കാർ ഏറ്റെടുത്തു. നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്. നിരര്‍ത്ഥകമാകാത്ത പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതും ഒക്കെയാണ് എന്ന് ലോല ഉൾപ്പെടെയുള്ള പത്മരാജൻ കൃതികൾ തെളിയിച്ചു.

തുളച്ചു കയറുന അസ്‌ത്രങ്ങളുടെ സ്ഥൂലതയുണ്ടായിരുന്നു പത്മരാജന്‍ കൃതികളിലെ പ്രണയ വർണ്ണനകള്‍ക്ക്‌. പണ്ടെവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്, ഉറക്കംവരാത്ത, വാശിപിടിച്ചിരിക്കുന്ന രാത്രികളില്‍ കഥകളുടെ തറവാടായ ഞവരയ്‌ക്കല്‍ വീട്ടിൽ അമ്മയുടെ മടിയില്‍ കിടന്ന്‌ കഥകള്‍ കേട്ടു വിസ്‌മയിച്ചിരുന്ന കുട്ടിയുടെ മനസ്സായിരുന്നു പത്മരാജന്‍ എന്നഎഴുത്തുകാരനും . ആ വാക്കുകളിൽ സത്യമുണ്ട് എന്ന് തോന്നുന്ന രീതിയിലായിരുന്നു പത്മരാജന്റെ ഓരോ കൃതിയുടെയും കഥാഗതി.

തന്നിലെ പ്രണയത്തിന്റെ ആശയങ്ങള്‍ക്ക്‌ പുതുകാലഘട്ടത്തിന്റെ പുതുമ നൽകുന്ന കാര്യത്തിൽ പത്മരാജൻ പൂർണ വിജയമായിരുന്നു. എന്നാൽ പ്രണയം വാരിവിതറിറ്റും ജനഹൃദായങ്ങൾ കീഴടക്കിയപ്പോൾ, ആധുനിക തത്വശാസ്‌ത്രത്തിന്റെ ചേലു ചേർത്ത എഴുത്ത് തനിക്ക് അപരിചിതമാല്ലെന്ന് ചൂണ്ടല്‍, കിഴക്കേയറ്റം, പ്രതിമയും രാജകുമാരിയും, തുടങ്ങി കൃതികളിലൂടെ പത്മരാജൻ തെളിയിച്ചു. ശക്തമായ ഭാഷ, അയത്നമായ എഴുത്തിന്റെ അനായാസത , ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത പത്മരാജൻ രചനകളിലെ സർഗാത്മകതയെ വർണ്ണിക്കാൻ തുടങ്ങിയാൽ അവസാനമില്ല.

പത്മരാജന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു .തിരക്കഥയുടെ ലോകത്തും, തന്റേതായ ഒരു പത്മരാജത്വം അദ്ദേഹം കൊണ്ട് വന്നു. മറക്കാനാകാത്ത കഥാപാത്രങ്ങലെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങൾ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത്. മറക്കാനാകാത്ത കഥാപാത്രങ്ങലെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചത് പത്മരാജന്റെ തിരക്കഥകൾ ആയിരുന്നു.

എഴുത്തിൽ നിലനിർത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്റെ സിനിമകളെ പുതിയ തലത്തിലേക്കുയര്‍ത്തി.പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികള്‍, സ്വവര്‍ഗ്ഗാനുരാഗത്തെ അശ്ലീലതകളില്ലാതെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല, മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും കൈകോർത്ത നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി താന്‍ തനിക്കായി മാത്രം നിർമ്മിച്ച ഒരു പന്ഥാവിലൂടെയായിരുന്നു പത്മരാജൻ എന്ന എഴുത്തുകാരന്റെ യാത്ര. ശക്തമായ ഭാഷയുടെ പിന്‍ബലത്തിൽ ഭാവന കൂട്ടിച്ചേർത്ത് മെനെഞ്ഞെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരിക വർണ്ണനകൾ എന്നും പത്മരാജന്റെ രചനകളെ വേറിട്ട്‌ നിർത്തി.പത്മരാജന് ഗന്ധർവൻ എന്ന വിശേഷണം കിട്ടിയത് അദേഹത്തിന്റെ മരണശേഷമാണ്.

ഞാൻ ഗന്ധർവൻ എന്ന സിനിമയാണ് അതിന്റെ മുഖ്യ കാരണം. പെണ്ണിനെ അറിയുന്നവനാണ് ഗന്ധർവൻ. മറ്റാർക്കും കടന്നെത്താൻ കഴിയാത്ത പെണ്ണിടങ്ങളിലൊക്കെയും, പ്രവേശനമുള്ള, ആയുഷ്കാലം മറ്റൊരാളും, അറിയാതെ ഉൾച്ചുഴികളിൽ അവൾ സുക്ഷിച്ച തൊക്കെയും തൊട്ടറിയുന്ന ഒരാൾ, കലാകാരനിൽ ബോണസ് പോലെ കാണാറുള്ള, ചെറിയ ഉന്മാദങ്ങളിൽ ഇങ്ങനെയൊരു അപര വ്യക്തിത്വം കുടിയുണ്ടങ്കിൽ പിന്നൊന്നും വേണ്ട’ പത്മരാജൻ ഇക്കുട്ടത്തിൽപ്പെടും.

അത്ര വിശാലമായ ഭൂമികയിലാണ് അദ്ദേഹത്തിലെ കാമുകനും, എഴുത്തുകാരനും. ഭ്രമ കൽപനയുടെ ഏറ്റവും കൊതി തോന്നിപ്പിക്കുന്ന തലങ്ങളിൽ മനസും, ഭാവനയും, വികാരങ്ങളും ഒരു പോലെ സന്നിവേശിപ്പിച്ചിരിക്കുകയാണ്.. പത്മരാജൻ സൃഷ്ടിച്ച സർഗപ്രതിഭ ചേതോഹരങ്ങളായ വാക്കുകളും, ദൃശ്യങ്ങളുമാണ്. പ്രമേയത്തിലും, ആഖ്യാനത്തിലും അവതരണത്തിലും, കഥാചിത്രീകരണത്തിലും വ്യത്യസ്തവും, വിമത സ്വരവും പ്രകടമാക്കിയ കഥകൾ പത്മരാജന്റെ പ്രത്യേകതയാണ്. ആധുനികതയുടെ അരങ്ങേറ്റത്തിനും മുമ്പേ, മലയാളിയെ ആധുനികോത്തരതയുടെ അത്ഭുത പ്രപഞ്ചം അനുഭവിപ്പിച്ച കഥകളും, നോവലുകളും പത്മരാജന്റെ സംഭാവനയാണ്.

സംവേദനത്തിനു പത്മരാജൻ തിരഞ്ഞെടുത്ത മാധ്യമങ്ങളിൽ ഒന്നായിരുന്നു സിനിമ. ” വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല, നീ മരിച്ചതായി ‍ ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.

ജീവിതയാത്രയില്‍ അത്യന്താപേക്ഷിതമായി മാറുന്ന വേര്‍പാട് മുന്നില്‍ കാണുമ്പോഴും തീവ്രമായ പ്രണയത്തിന്‍റെ അലയടികള്‍ നല്‍കിയാണ് പത്മരാജന്‍ വിടപറഞ്ഞത്. ജീവിതത്തിന്‍റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിച്ചിരുന്ന എഴുത്തുകാന്‍ കൂടിയായിരുന്നു പപ്പന്‍ എന്ന പി. പത്മരാജന്‍

Eng­lish Sumam­ry: Thir­ty-one years have passed since the depar­ture of Gand­har­va, who nar­rat­ed the sto­ry of per­son­al rela­tion­ships in the human mind

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.