Saturday
19 Oct 2019

ജീവന്റെ ജീവനിരിപ്പൂ……

By: Web Desk | Sunday 28 April 2019 1:47 AM IST


ശ്യാമളാ കരുണാകരന്‍

പ്രേമത്തിന്റെ മധുരവും വിയര്‍പ്പിന്റെ ഉപ്പും കണ്ണീരിന്റെ നനവും പോരാട്ടത്തിന്റെ കനലും കവിതയിലാവാഹിച്ച മഹാകവിയാണ് തിരുനല്ലൂര്‍ കരുണാകരന്‍. കവിയുടെ സഹധര്‍മ്മിണി ശ്യാമളാ കരുണാകരന്‍ 2011ലെ ജനയുഗം വാരാന്തത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ അനുസ്മരണകുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍. കഴിഞ്ഞ ഏപ്രില്‍ എട്ടിന് ശ്യാമളാ കരുണാകരനും നമ്മെ വിട്ടുപിരിഞ്ഞു…..

ഞാന്‍ വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേരാണ് തിരുനല്ലൂര്‍ കരുണാകരന്‍. എന്റെ മൂത്ത സഹോദരന്‍ രവീന്ദ്രബാബുവിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറ് അറ്റത്തുളള മുകളിലത്തെ നിലയിലെ മുറിയും മട്ടുപ്പാവുമാണ് അണ്ണന്‍ (എന്റെ സഹോദരന്‍) ഉപയോഗിച്ചിരുന്നത്. അണ്ണന്‍ വീട്ടിലുളളപ്പോഴെല്ലാം പഠിത്തവും ചര്‍ച്ചകളുമൊക്കെയായി ധാരാളം സുഹൃത്തുക്കള്‍ അവിടെ എപ്പോഴുമുണ്ടാകും. അക്കൂട്ടത്തില്‍ എല്ലാവരും ഏറ്റവും മതിപ്പോടെ കണ്ട വ്യക്തിയായിരുന്നു തിരുനല്ലൂര്‍ കരുണാകരന്‍. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ കവിയെന്ന നിലയില്‍ അദ്ദേഹം നാട്ടില്‍ പ്രസിദ്ധനായിരുന്നു. കോളജിലെത്തുന്നതിനു മുമ്പുതന്നെ ‘മഞ്ഞു തുളളികള്‍’, ‘സമാഗമം’ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഞാന്‍ കൊച്ചുകുട്ടിയായിരുന്നെങ്കിലും ആ കവിതകള്‍ വായിച്ചു നോക്കുകയും ഗ്രന്ഥകര്‍ത്താവിനോടു തന്നെ ചോദിച്ചു അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും അദ്ദേഹത്തോട് വളരെ ബഹുമാനത്തോടെ പെരുമാറുന്നതേ കണ്ടിട്ടുളളു. സുഹൃത്തുക്കള്‍ പോലും സാര്‍ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. ഞാനും അങ്ങനെയാണ് വിളിച്ചു ശീലിച്ചത്. പിന്നീടും അങ്ങനെ തന്നെ വിളിച്ചു.
അണ്ണനും സുഹൃത്തുക്കളും സ്‌കൂള്‍ ഫൈനല്‍ പാസ്സാകുമ്പോള്‍ കൊല്ലത്ത് എസ് എന്‍ കോളജ് തുടങ്ങിയിട്ടില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലുളള കോളജുകളിലേക്ക് അവര്‍ പഠിക്കാന്‍ പോയി. അണ്ണന്‍ ആലുവ യു സി കോളജില്‍ ചേര്‍ന്നു. സാര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലാണ് ഇന്റെര്‍മീഡിയറ്റിനു ചേര്‍ന്നത്. ഇന്റെര്‍മീഡിയറ്റ് പഠനം കഴിഞ്ഞ് അവര്‍ തിരികെ എത്തുമ്പോള്‍ കൊല്ലത്ത് എസ് എന്‍ കോളജ് ആരംഭിച്ചിരുന്നു. അണ്ണനും സാറുമെല്ലാം എസ് എന്‍ കോളജില്‍ ചേര്‍ന്നു. അപ്പോഴേക്ക് കല്‍ക്കത്ത തീസിസിന്റെ കാലമായി. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നിരോധിക്കപ്പെട്ടു. എസ് എന്‍ കോളജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തനം വളരെ സജീവമായിരുന്നു. അണ്ണന്‍ കോളജിലെ എസ് എഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. വീട്ടിലെ മുകളിലത്തെ നിലയില്‍ പാര്‍ട്ടിയുടെയും തൊഴിലാളിസംഘടനകളുടെയും വിദ്യാര്‍ഥി പ്രവര്‍ത്തകരുടെയും യോഗങ്ങള്‍ പതിവായി. അണ്ണന്‍ കമ്മ്യുണിസ്റ്റായതിനെയോ പാര്‍ട്ടിക്കാരെ വീട്ടില്‍ താമസിപ്പിക്കുന്നതിനെയോ ഒന്നും അച്ഛന്‍ എതിര്‍ത്തിരുന്നില്ല. എത്രപേര്‍ വന്നാലും ഭക്ഷണം കൊടുക്കാന്‍ അമ്മയക്ക് സന്തോഷമേ ഉണ്ടായിരുന്നുളളു. എം എന്‍, സുഗതന്‍ സാര്‍, സി എസ് ഗോപാലപിളള തുടങ്ങിയ നേതാക്കള്‍ ഇടക്ക് വരും. ജെ ചിത്തരഞ്ജന്‍, ടി വി സ്ഥാണുദേവന്‍, കെ എസ് ആനന്ദന്‍, പി ഭാസ്‌കരന്‍ തുടങ്ങിയ കൊല്ലത്തെ പാര്‍ട്ടി നേതാക്കളും വെളിയം ഭാര്‍ഗ്ഗവനെയും ഒ എന്‍ വിയേയും പോലുളള വിദ്യാര്‍ഥി പ്രവര്‍ത്തകരും കൂടെക്കൂടെ വരാറുണ്ടായിരുന്നു. അകൂട്ടത്തിലൊക്കെ സജീവമായി തിരുനല്ലൂര്‍ സാറുണ്ടായിരുന്നു.

പാര്‍ട്ടി നിരോധിക്കപ്പെട്ടതോടെ ഞങ്ങളുടെ വീടിനോടു ചേര്‍ന്ന ഒരു കെട്ടിടത്തില്‍ അണ്ണനും സാറും മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്ന് ജനതാവായനശാല ആന്‍ഡ് ഗ്രന്ഥശാല എന്ന പേരില്‍ ഒരു ലൈബ്രറിയും സാംസ്‌കാരിക സംഘടനയും ആരംഭിച്ചു. വളരെ വേഗം ഞങ്ങളുടെ പ്രദേശത്തെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായി അതു മാറി. കൊല്ലം എസ് എന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ ഇംഗ്ലീഷ് എം എയ്ക്ക് ചേരാന്‍ മെമ്മോ വന്ന് അതിനൊരുങ്ങുമ്പോഴാണ് കൊല്ലം എസ് എന്‍ കോളജില്‍ മലയാളം ട്യുട്ടറായി ജോലിക്കു ക്ഷണിച്ചു കൊണ്ടുളള കത്ത് അദ്ദേഹത്തിനു കിട്ടിയത്. ബി എയ്ക്ക് മലയാളത്തിന് സ്റ്റേറ്റില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് കൊണ്ടാണ് എസ് എന്‍ കോളജിലേക്ക് അവര്‍ ക്ഷണിച്ചത്. അന്ന് എസ് എന്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്നു പ്രൊഫ. എം പി ബാലകൃഷ്ണന്‍നായരുടെ പ്രത്യേക താല്പര്യവും അതിനു പിന്നിലുണ്ടായിരുന്നു. ബാലകൃഷ്ണന്‍നായര്‍ സാറിന് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. ഒരു വര്‍ഷം എസ് എന്‍ കോളജില്‍ മലയാളം ട്യുട്ടറായി ജോലി നോക്കി. അദ്ദേഹം ട്യൂട്ടറായി ജോലി ചെയ്ത വര്‍ഷം പ്രശസ്തകവിയും കമ്മ്യൂണിസ്റ്റു സഹയാത്രികനും സരോജിനിനായിഡുവിന്റെ സഹോദരനുമായിരുന്ന ഹരീന്ദ്രനാഥ് ചതോപാദ്ധ്യായ ആണ് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നത്. ഹരീന്ദ്രനാഥ് ചതോപാദ്ധ്യായ കമ്മ്യൂണിസ്റ്റായതുകൊണ്ട് അധ്യാപകരാരും ആ യോഗത്തില്‍ പങ്കെടുക്കരുതെന്ന് അന്ന് പ്രിന്‍സിപ്പിലായിരുന്ന പ്രൊഫ. സഹസ്രനാമയ്യര്‍ നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശം അനുസരിക്കില്ലെന്ന് പ്രിന്‍സിപ്പിലിനെ അറിയിക്കുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. അതിനു ശേഷം രാജിക്കത്തെഴുതി നല്കുകയും യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളം എം എയ്ക്ക് ചേരുകയും ചെയ്തു. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ എം എ പാസ്സായി. ഉടന്‍ തന്നെ ഗവണ്‍മെന്റ് സര്‍വ്വീസില്‍ കോളജ് അധ്യാപകനായി ജോലികിട്ടി. 1954ലാണ് കോളജ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യത്തെ 3 വര്‍ഷം ഗവ ആര്‍ട്‌സ് കോളജിലും ബാക്കികാലം മുഴുവന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ എം എയ്ക്ക് ചേര്‍ന്നതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയെങ്കിലും എല്ലാ ആഴ്ച അവസാനവും നാട്ടില്‍ വരുമായിരുന്നു. വായനശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തന്നെ ഉണ്ടായിരുന്നു. അപ്പോഴേക്ക് ഞാന്‍ ഇന്റര്‍മീഡിയറ്റിന് എസ് എന്‍ വിമന്‍സ് കോളജില്‍ ചേര്‍ന്നിരുന്നു. ഞാന്‍ വിമന്‍സ് കോളജിലും എസ് എന്‍ കോളജിലും പഠിക്കുമ്പോള്‍ അവിടെ കോളജൂ യൂണിയന്‍ മീറ്റിംഗുകളിലിലെ സ്ഥിരം പ്രസംഗകനായിരുന്നു അദ്ദേഹം. അന്ന് യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകനായിരുന്ന അദ്ദേഹത്തിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ അംഗീകാരമായിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ ധാരാളം വായനക്കാരുണ്ടായിരുന്നു. ഞാന്‍ ഇന്റെര്‍മീഡിയറ്റ് ആദ്യവര്‍ഷം പഠിക്കുമ്പോള്‍ മേഘസന്ദേശം തര്‍ജ്ജമ പുസ്തകമാക്കുന്നതിനുമുമ്പ് മുഴുവന്‍ പകര്‍ത്തിയെഴുതാന്‍ എന്നെ ഏല്പിച്ചു. പിന്നീട് മറ്റുകവിതകളും പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വായിക്കാന്‍ തരാറുണ്ടായിരുന്നു. റാണി 1955ലെ കേരളകൗമുദി ഓണം വിശേഷാല്‍പ്രതിയിലാണ് പ്രസിദ്ധീകരിച്ചത്. ഏതാണ്ട് അക്കാലത്തു തന്നെ മേഘസന്ദേശം വിവര്‍ത്തനവും പ്രസിദ്ധീകരിച്ചു. അതോടെ അദ്ദേഹത്തിന് കവിയെന്ന നിലയില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്.
എസ് എന്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. എം പി ബാലകൃഷ്ണന്‍നായര്‍ക്ക് എന്നോട് വലിയ ഇഷ്ടമായിരുന്നു. കോളജ് യൂണിയന്റെ ഡപ്യൂട്ടി സ്പീക്കറും എസ് എഫിന്റെ ജില്ല വൈസ് പ്രസിഡന്റും ഒക്കെയായി പ്രവര്‍ത്തിക്കുമ്പോഴും മലയാളത്തിന് നല്ല മാര്‍ക്ക് വാങ്ങുകയും ക്ലാസ്സില്‍ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുകയും മീറ്റിംഗുകളില്‍ പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നതുകൊണ്ടായിരുന്നു അത്. ക്ലാസ്സില്‍ പരിചയപ്പെടുമ്പോള്‍ സാര്‍ ആദ്യം എന്നോട് ചോദിച്ചത്, തിരുനല്ലൂര്‍ കരുണാകരന്‍ നിങ്ങളുടെ നാട്ടുകാരനല്ലേ, അറിയുമോ എന്നാണ്. നന്നായി അറിയുമെന്നും സംശയങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തോടാണെന്നും ഞാന്‍ പറഞ്ഞു.

തിരുനല്ലൂര്‍ സാറിന്റെ അടുത്ത സുഹൃത്തും കവിയുമായ പുതുശ്ശേരി രാമചന്ദ്രന്‍ സാര്‍ എസ് എന്‍ കോളജില്‍ എന്റെ അധ്യാപകനായിരുന്നു. തിരുനല്ലൂര്‍ കരുണാകരന്‍ എന്ന കവിയെ ബേബിക്കറിയാമല്ലോ (എന്റെ വീട്ടില്‍ വിളിക്കുന്ന പേരാണ് ബേബി) എന്നു ക്ലാസ്സില്‍ വച്ച് ചോദിച്ചതിനുശേഷം ഞങ്ങള്‍ തമ്മില്‍ അടുപ്പമാണ് എന്ന് മറ്റുകുട്ടികളോട് പുതുശ്ശേരി സാര്‍ പറഞ്ഞു . കോളജ് യൂണിയന്‍ വാര്‍ഷികത്തിന് ഉപന്യാസമത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയത് എനിക്കാണ് . കോളജ് യൂണിയന്റെ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ തീരുനല്ലൂര്‍ സാറുമുണ്ടായിരുന്നു. സമ്മാനം വാങ്ങാന്‍ ഞാന്‍ പോയില്ല, പല പ്രാവശ്യം ആവര്‍ത്തിച്ചു പേരു വിളിക്കുകയും എല്ലാവരും അന്വേഷിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ തമ്മിലുളള അടുപ്പത്തെക്കുറിച്ച് കോളജില്‍ മിക്കവാറും എല്ലാവരും അറിഞ്ഞു.
1958 ജൂണ്‍ 5 നായിരുന്നു ഞങ്ങളുടെ വിവാഹം. ചടങ്ങ് എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. പരസ്പരം പൂമാലയണിയിക്കല്‍ മാത്രം. വിരലിലെണ്ണാവുന്ന വളരെ അടുത്ത സുഹൃത്തുക്കളെ മാത്രമേ വിളിച്ചിരുന്നുളളു. പൊട്ട്, താലി, മോതിരം തുടങ്ങിയ ഏര്‍പ്പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മതപരമായ ആചാരങ്ങള്‍ പാലിക്കാറില്ല എന്നു മാത്രമല്ല, ഉറച്ച ഭൗതികവാദിയായിരുന്നതുകൊണ്ട് ആചാരാനുഷ്ഠാനങ്ങളോട് ജീവിതത്തിലുടനീളം തീര്‍ത്തും വിമുഖനുമായിരുന്നു അദ്ദേഹം.
കല്യാണത്തിനുശേഷം ശാസ്തമംഗലത്തു ഒരു വീട് വാടകയ്‌ക്കെടുത്താണ് ഞങ്ങള്‍ താമസിച്ചത്.കമ്മ്യുണിസ്റ്റു പാര്‍ട്ടിയുടെയും ജനയുഗത്തിന്റെയുമൊക്കെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു പാഞ്ചേട്ടന്‍ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന കെ എന്‍ പങ്കജാക്ഷന്‍ പിളള താമസിച്ചിരുന്ന വീടിനു തൊട്ടടുത്തായിരുന്നു ഞങ്ങളുടെ വീട്, ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതിയ പാഞ്ചേട്ടനും ചേച്ചിയും ഒരര്‍ഥത്തില്‍ ഞങ്ങളുടെ രക്ഷാകര്‍ത്താക്കളെപ്പോലെയായിരുന്നു. ഒ എന്‍ വിയും ദേവരാജനും മറ്റു ചില സുഹൃത്തുക്കളും പാഞ്ചേട്ടന്റെ വീട്ടില്‍ അവരോടൊപ്പം താമസിച്ചിരുന്നു. വിവാഹത്തിനുശേഷവും ഒ എന്‍ വിയും ഭാര്യയും പാഞ്ചേട്ടന്റെ കുടുംബത്തോടൊപ്പമായിരുന്നു കുറേക്കാലം താമസിച്ചത്. മതത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുകയും മാതൃകാപരമായി ജീവിക്കുകയും ചെയ്ത പാഞ്ചേട്ടനെയും ചേച്ചിയേയും പോലെ അക്കാലത്ത് ഞങ്ങള്‍ക്കു സ്‌നേഹം പകര്‍ന്നു നല്കിയ ഒട്ടനവധി പേരുണ്ട്. സി ഉണ്ണിരാജയുടെ സഹധര്‍മ്മിണിയും കമ്മ്യുണിസ്റ്റു നേതാവുമായിരുന്ന രാധമ്മചേച്ചി അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ആളാണ്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനങ്ങളിലൊന്നായിരുന്നു പ്രൊഫ ഇളംകുളം കുഞ്ഞന്‍പിളള. ഇളംകുളം സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു അദ്ദേഹം. കരുണാകരന്‍ വായിച്ചു നോക്കാതെ എന്റെ ഒരു പുസ്തകവും അച്ചടിക്കാന്‍ കൊടുത്തിട്ടില്ലെന്ന് ഇളംകുളം സാര്‍ പറയുമായിരുന്നു. ഇളംകുളം സാറിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.
മൂത്ത രണ്ട് പെണ്‍കുട്ടികളും ജനിച്ചതിനുശേഷം അവരെ നോക്കുന്നതിനുളള സൗകര്യത്തിനുവേണ്ടി കൊല്ലത്ത് എന്റെ വീട്ടിലേക്ക് ഞങ്ങള്‍ താമസം മാറ്റി. പിന്നീട് പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായപ്പോള്‍ തിരുവനന്തപുരത്ത് തിരികെ താമസമാക്കുന്നതുവരെ കൊല്ലത്തായിരുന്നു. അന്ന് എല്ലാ വെളളിയാഴ്ചയും വൈകുന്നേരം വീട്ടിലെത്തി തിങ്കളാഴ്ച രാവിലെ മടങ്ങിപ്പോകുന്നതായിരുന്നു പതിവ്.
സുഗതന്‍ സാറിനോടും എം എന്നോടും അച്ചുതമേനോടും എം എസ് ദേവദാസിനോടും ഗുരുതുല്യമായ ബഹുമാനവും സ്‌നേഹവുമായിരുന്നു. കത്തുകള്‍ക്ക് കൃത്യമായി മറുപടി അയയ്ക്കുകയോ ഫോണില്‍ ക്ഷേമവിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്യുന്ന പതിവൊന്നുമില്ലായിരുന്നെങ്കിലും ബന്ധങ്ങള്‍ ദൃഢമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം തിരുവനന്തപുരത്തു വരുമ്പോള്‍ കാണാന്‍ അച്ചുതമേനോന്‍ എപ്പോഴും ശ്രമിക്കുമായിരുന്നു. അച്ചുതമേനോന്റെ കത്തിനുള്ള മറുപടി, കാണുമ്പോള്‍ പറയുകയായിരുന്നു പതിവ്. പ്രത്യേകമായ ഒരു സ്‌നേഹമായിരുന്നു സുഗതന്‍ സാറിന്റേത്. ‘നമ്മുടെ കരുണാകരന്‍’ എന്നായിരുന്നു സുഗതന്‍ സാര്‍ എപ്പോഴും പറഞ്ഞിരുന്നത്. പ്രായത്തില്‍ കുറഞ്ഞവരെ സ്‌നേഹത്തോടെ എടാ, പോടാ എന്നു വിളിക്കാറുണ്ടായിരുന്ന സുഗതന്‍ സാര്‍ അതില്‍നിന്നു വ്യത്യസ്തമായി അല്‍പം ബഹുമാനത്തോടെയായിരുന്നു അദ്ദേഹത്തോട് പെരുമാറിയിരുന്നത്. സുഗതന്‍ സാര്‍ എഴുതിയ കവിതകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് തിരുനല്ലൂര്‍ സാര്‍ തന്നെ അവതാരിക എഴുതണമെന്ന് സുഗതന്‍ സാറിന് നിര്‍ബന്ധമായിരുന്നു.
ഇന്റര്‍മീഡിയറ്റ് ക്ലാസുമുതലുള്ള അടുത്ത സുഹൃത്തായിരുന്നു പുനലൂര്‍ ബാലന്‍. രണ്ടുപേരും ഒരുപോലെ ചെസ്സുകളിയില്‍ കമ്പമുള്ളവര്‍. ചെസ്സു കളിക്കാനിരുന്നാല്‍ മറ്റൊന്നും ശ്രദ്ധിക്കില്ല. വിദ്യാര്‍ഥികള്‍ പലരും ഉറ്റ സുഹൃത്തുകളെപ്പോലെയായിരുന്നു. ഇന്റര്‍മീഡിയറ്റിനും ബി എയ്ക്കും എം എയ്ക്കും തുടര്‍ച്ചയായി വിദ്യാര്‍ഥികളായിരുന്നു സുന്ദരം ധനുവച്ചപുരം, കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഞങ്ങള്‍ ശാസ്തമംഗലത്തു താമസിക്കുമ്പോള്‍ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു.
സാമൂഹിക-രാഷ്ട്രീയ ചര്‍ച്ചകള്‍ വീട്ടിലെ അന്തരീക്ഷത്തിന്റെ ഭാഗമായിരുന്നു. മക്കള്‍ എല്ലാവരും നല്ല വായനാശീലമുള്ളവരാണ് എന്നത് അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു. അവരുടെ പഠനത്തിലോ ഇഷ്ടാനിഷ്ടങ്ങളിലോ ഒന്നും അനാവശ്യമായി കൈകടത്താറില്ലായിരുന്നു. അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും അംഗീകരിച്ചുകൊണ്ട് തുല്യരായിട്ടാണ് അവരെ കണ്ടത്. ഞങ്ങളുടെ നാലു മക്കളില്‍ രണ്ടാമത്തെ മകള്‍ മധുമാല മാത്രമാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷം അതേ അസുഖം ബാധിച്ച് ഞങ്ങളെ വിട്ടുപോയ മൂത്ത മകള്‍ അവനീബാല വിവാഹം കഴിച്ചിരുന്നില്ല. ഇളയ രണ്ടു ആണ്‍മക്കളും ഇതുവരെ വിവാഹിതരായിട്ടില്ല. അക്കാരണങ്ങളൊക്കെ അവര്‍ തീരുമാനിക്കേണ്ടതാണ് എന്നതുകൊണ്ട് ഒരു നിര്‍ബന്ധവും ചെലുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പരസ്യമായി പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യമായി ഒരഭിപ്രായവും അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വഭാവസവിശേഷതയായി ഞാന്‍ കാണുന്നു.
വലിയ സല്‍ക്കാരപ്രിയനായിരുന്നു അദ്ദേഹം. ഒരു നേരത്തെ ഭക്ഷണത്തിനെങ്കിലും അതിഥികളില്ലാതെ ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. അവസാനത്തെ 17 വര്‍ഷങ്ങള്‍ നാട്ടിലാണ് ജീവിച്ചത്. നാട്ടിലെത്തുന്ന അടുത്ത സുഹൃത്തുക്കളെ അഷ്ടമുടിക്കായല്‍ കൊണ്ടുപോയി കാണിക്കുക അദ്ദേഹത്തിന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനുശേഷം ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കൊല്ലം ബീച്ചുവരെ പോകുക നിര്‍ബന്ധമായിരുന്നു. കൊച്ചുമോള്‍ പ്രിയതയെ കൂട്ടിയായിരുന്നു അവസാനകാലത്തെ എല്ലാ യാത്രയും.
വല്ലപ്പോഴും വരുന്ന പനിയല്ലാതെ കാര്യമായ അസുഖമൊന്നും അദ്ദേഹത്തിനു വന്നിട്ടില്ല. 2001 തുടക്കത്തോടെയാണ് വിട്ടുമാറാത്ത നടുവേദന ആരംഭിച്ചത്. ആയുര്‍വേദ കോളജില്‍ രണ്ട് മാസത്തോളം ചികിത്സ നടത്തിയിട്ടും അസുഖം കൂടിയതല്ലാതെ കുറഞ്ഞില്ല. ഒടുവില്‍ എം ആര്‍ ഐ സ്‌കാന്‍ ചെയ്തപ്പോഴാണ് ക്യാന്‍സര്‍ ആണെന്നും പ്രോസ്റ്റേറ്റില്‍ ബാധിച്ച രോഗം നട്ടെല്ലിലേയ്ക്ക് വ്യാപിച്ചെന്നും മനസ്സിലായത്. രോഗത്തെ തികഞ്ഞ ആത്മധൈര്യത്തോടെയാണ് നേരിട്ടത്. രോഗം സ്ഥിരീകരിച്ചതിനുശേഷം അഞ്ച് വര്‍ഷത്തിലേറെ അദ്ദേഹം ജീവിച്ചിരുന്നു. കടുത്ത രോഗമുള്ളപ്പോള്‍പോലും തന്റെ രോഗത്തെക്കാള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.
ആര്‍ സി സിയിലെ ചികിത്സയോടൊപ്പം പച്ചമരുന്നുകള്‍ കൂടി കഴിച്ചിരുന്നതുകൊണ്ടാകാം, കടുത്ത വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് നേരിടേണ്ടിവന്നില്ല. രോഗബാധിതനാണെന്ന് കാണുന്ന ആര്‍ക്കും തോന്നുകയില്ലായിരുന്നു. 2006 ജൂലൈ 5 ന് അവസാനത്തിന് അല്‍പം മുമ്പുവരെയും ഞങ്ങളോടെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. ധൈര്യമായും സമാധാനമായും ഇരിക്കണം എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഇണങ്ങുന്ന തരത്തില്‍ ജീവിക്കാന്‍ കഴിയണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.