‘ഹേയ് ഓട്ടോ’, ഓട്ടോ സൗഹൃദ നഗരമാവാനൊരുങ്ങി തിരുവനന്തപുരം നഗരസഭ

Web Desk

തിരുവനന്തപുരം

Posted on February 15, 2020, 10:26 am

നഗരത്തിൽ ഇനി ഓട്ടോക്കാരും യാത്രക്കാരും തമ്മിൽ തർക്കിക്കേണ്ടിവരില്ല. യാത്രയ്ക്കു ശേഷം അഭിപായം രേഖപ്പെടുത്തി ഇരു കൂട്ടർക്കും ഹാപ്പിയായി പിരിയാം. അതിനവസരം ഒരുക്കുകയാണ് നഗരസഭയുടെ ഹേയ് ഓട്ടോ റേറ്റിംഗ് പദ്ധതി. 19 ന് ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ മെയിൻ ഓഫീസ് അങ്കണത്തിൽ പദ്ധതി മേയർ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായ യാതാ സൗകര്യം ഒരുക്കുന്നതോടൊപ്പം തന്നെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഓട്ടോ ഡ്രൈവർമാർ നൽകുന്ന സേവനം വിലയിരുത്തി പോയിന്റ് അടിസ്ഥാനത്തിൽ റേറ്റ് ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ഇതിനായി ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിൽ ഇന്ററാക്ടീവ് വെബ് പേജും, ഗൂഗിൾ പ്ലേ സ്റ്റോറുവഴി ഡൗൺലോഡ് ചെയ്യാവുന്ന ഹേയ് ഓട്ടോ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ഡ്രൈവർമാർക്കും നൽകുന്ന യൂണിക് ഐഡി കാർഡിൽ നിന്നും ബാർക്കോഡ്, ക്യൂആർ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഐഡി കാർഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെർമിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാർ ഡ്രൈവിംങ് ലൈസൻസ്, ലൈസൻസിന്റെ കോപ്പി, ഓട്ടോറിക്ഷാ പെർമിറ്റ് കാർഡിന്റെ കോപ്പി എന്നിവയുമായി 19 ന് 12 മണി മുതൽ നഗരസഭയിൽ ഹാജരാകേണ്ടതാണ്. ലഭ്യമാകുന്ന ഐഡി കാർഡ് യാതക്കാർ കാണുന്ന വിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. യാതക്കാർക്ക് പരാതി രേഖപ്പെടുത്താനുള്ള സൗകര്യവും ഇതുവഴി സജ്ജമാക്കിയിട്ടുണ്ട്.

സിറ്റി ട്രാഫിക് പൊലീസുമായി ചേർന്ന് ഇവ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും. നഗരത്തിലെ ഓട്ടോറിക്ഷാ യാത്രക്കാർക്ക് സുഖയാത്ര ഒരുക്കുന്നതോടൊപ്പം ഓട്ടോ ഡ്രൈവർമാരുടെ സേവനത്തെക്കുറിച്ച് നഗരസഭയെ അറിയിക്കുവാനുള്ള അവസരം കൂടിയാണ് ഈ പദ്ധതി. മികച്ച സേവനം നൽകുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നഗരസഭ അവാർഡ് നൽകുമെന്നും മേയർ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ പൂർണ്ണമായും ഓട്ടോ സൗഹൃദ നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് നഗരസഭ ഭരണസമിതി പ്രതീക്ഷിക്കുന്നതെന്നും മേയർ അറിയിച്ചു.

Eng­lish Sum­ma­ry: Thiru­vanan­tha­pu­ram Cor­po­ra­tion to become auto friend­ly city.

you may also like this video;