Site iconSite icon Janayugom Online

തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു മാങ്കോട് രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറി

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റും 12 വർഷക്കാലം സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയും ആയിരുന്നു. 1994 മുതൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. 2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു.
അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളുൾപ്പെടെ 59 അംഗ ജില്ലാ കൗൺസിലിനെയും 58 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു.
നെടുമങ്ങാട് എം സുജനപ്രിയൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റവന്യു മന്ത്രി കെ രാജൻ, സി ദിവാകരൻ, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, ദേശീയ കൗൺസിൽ അംഗം എൻ രാജൻ എന്നിവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും രാഷ്ട്രീയ വിഷയങ്ങളിലുള്ള ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മറുപടി നൽകി.
തലസ്ഥാന ജില്ലയുടെ റയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും തിരുവനന്തപുരത്തിന്റെ വ്യാവസായിക പുരോഗതി ഉറപ്പുവരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാകണമെന്നും ജില്ലാ സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Thiru­vanan­tha­pu­ram Dis­trict Con­fer­ence concluded

You may like this video also

Exit mobile version