മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശി മുങ്ങിമരിച്ചു

Web Desk
Posted on June 17, 2019, 4:19 pm

അടിമാലി: മൂന്നാര്‍ മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരം സ്വദേശി പുഴയില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പെരിങ്ങാമല സ്വദേശി മിഥുന്‍കൃഷ്ണനാ(23)ണ് അപകടത്തില്‍മരിച്ചത്. ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം നടന്നത്. ആനക്കുളം വല്യപാറക്കുട്ടിക്ക് സമീപം സഞ്ചാരികളായ സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. മാങ്കുളത്ത് പ്രവര്‍ത്തിച്ച് വരുന്ന ഹോംസ്‌റ്റേയില്‍ താമസിച്ച് ആനക്കുളത്ത് വിനോദ സഞ്ചാരം നടത്താനെത്തിയ നാലംഗ സംഘത്തില്‍പ്പെട്ട യുവാവാണ് അപകടത്തില്‍പ്പെട്ടത്. ചേര്‍ത്തല സ്വദേശി സനു, പെരുമ്പാവൂര്‍ ഐമുറി സ്വദേശി ജ്യോതിഷ്, കോട്ടയം സ്വദേശി അഖില്‍ എന്നിവര്‍ക്കൊപ്പം ശനിയാഴ്ച്ച രാത്രി 12 അരയോടെയായിരുന്നു മിഥുന്‍ മാങ്കുളത്തെ ഹോംസ്‌റ്റേയില്‍ താമസിക്കുവാനെത്തിയത്. ഞായറാഴ്ച്ച രാവിലെ മുറി വെക്കേറ്റ് ചെയ്ത ശേഷം യുവാക്കള്‍ സാഹസിക വിനോദ സഞ്ചാരത്തിനായി ട്രക്കിംഗ് ജീപ്പില്‍ ആനക്കുളത്തിന് പോകുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ വല്യപാറകുട്ടിക്ക് സമീപമുള്ള പുഴയില്‍ എത്തി.
കുളിക്കുന്നതിനിടയില്‍ മരിച്ച മിഥുനും സനുവും വെള്ളത്തില്‍ മുങ്ങി പോയി.
ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന അഖിലും ജ്യോതിഷും ചേര്‍ന്ന് സനുവിനെ വെള്ളത്തില്‍ നിന്നും വലിച്ച് കയറ്റി രക്ഷപ്പെടുത്തി. ഇതിനിടയില്‍ മിഥുന്‍ പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി പോകുകയും അപകടം സംഭവിക്കുകയുമായിരുന്നു.തുടര്‍ന്ന് പുഴയിലുണ്ടായിരുന്ന മറ്റാളുകള്‍ ചേര്‍ന്ന് മിഥുനെ പുഴയില്‍ നിന്നും കരയിലെത്തിച്ചു.ശേഷം ഉടന്‍ യുവാവിനെ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ക്യാഷ്വാലിറ്റി വിഭാഗം ജീവനക്കാരനാണ് മരിച്ച മിഥുന്‍ കൃഷ്ണന്‍.