തിരുവോണത്തോണി പരിമിതികൾക്കിടയിലും ഇക്കുറി പുറപ്പെടും

എ ബിജു
Posted on August 30, 2020, 2:00 am

തിരുവാറന്മുളയപ്പനെ തിരുവോണ നാളിൽ ഊട്ടാനുള്ള ഭക്ഷ്യവസ്തുക്കളുമായി കാട്ടൂർ മനയിൽ നിന്നും ഇത്തവണയും തിരുവോണത്തോണി പുറപ്പെടും. നൂറ്റാണ്ടുകളായുള്ള ഈ രാജകീയ യാത്ര പരിമിതികൾ കൊണ്ട് ശ്രദ്ധേയമാകുന്നത് ഇത് ആദ്യവട്ടം. പമ്പയാറിന്റെ തീരത്തുള്ള കോഴഞ്ചേരിയിൽ നിന്നും ഏഴ് കിലോമീറ്റർ കിഴക്കായി കാട്ടൂർ എന്ന സ്ഥലത്തെ മങ്ങാട്ട് ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ് മുറ — തെറ്റാതെ തിരുവോണത്തോണി പുറപ്പെടുന്നത്. ഏഴ് നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ഈ യാത്ര ഇന്നും അവിഘം തുടരുന്നു. ഈ കുടുംബക്കാർ വിഷ്ണു പ്രീതിക്കായി തിരുവാറന്മുളയപ്പന് വഴിപാടുകൾ അർപ്പിക്കുന്ന പതിവ് നേരത്തെയുണ്ടായിരുന്നു.

കുടുംബത്തിലെ ഒരു ഭട്ടതിരി എല്ലാ മാസവും തിരുവോണ നാളിൽ ബ്രാഹ്മണർക്കു ഭക്ഷണം നൽകിയ ശേഷമേ കഴിച്ചിരുന്നുള്ളൂ. ഒരു ചിങ്ങത്തിലെ തിരുവോണ നാളിൽ ഭക്ഷണം സ്വീകരിക്കാൻ ഒരു ബ്രാഹ്മണൻ പോലും വന്നില്ല. വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനംനൊന്തു പ്രാർത്ഥിക്കുകയും അപരിചിതനായ ഒരു ബ്രാഹ്മണ ബാലൻ അവിടെ എത്തി എല്ലാ ഉപചാരങ്ങളോടെ ഭക്ഷണം സ്വീകരിക്കുകയും ചെയ്തുവത്രെ. ഭക്ഷ്ണം സ്വീകരിച്ച ബാലനാരാണെന്ന് കണ്ടെത്താനാകാതെ ഉഴറിയ ഭട്ടതിരിക്ക് സ്വപ്നത്തിൽ തിരുവാറന്മുളയപ്പൻ ദർശനം നൽകി വന്നത് താനാണെന്ന് അറിയിച്ചു.

ഭക്ഷണത്തിൽ സംപ്രീതനായ ഭഗവാൻ ഇനി മുതൽ എല്ലാ കൊല്ലവും ചിങ്ങത്തിലെ തിരുവോണ നാളിൽ തനിക്കുള്ള സദ്യവട്ടങ്ങൾ തിരുവാറന്മുളയിൽ എത്തിക്കണമെന്ന് അരുളപ്പാടുണ്ടായി. പിറ്റേ വർഷം മുതൽ തിരുവോണ നാളിൽ വെളു പ്പിനെ തിരുവാറന്മുളയിൽ എത്തുന്ന രീതിയിൽ തിരുവോണവിഭവങ്ങളുമായി ഒരു തോണി കാട്ടൂർ മഠത്തിൽ നിന്നും ഉത്രാട നാളിൽ പുറപ്പെടാൻ തുടങ്ങി. ചെമ്പകശ്ശേരി കുടുംബത്തിലെ വലിയ കെട്ടുവള്ളമായിരുന്നു അന്ന് തോണിയായി ഉപയോഗിച്ചിരുന്നത്.

വർഷങ്ങൾക്കുശേഷം തിരുവോണ വിഭവങ്ങളുമായി കാട്ടൂർ നിന്ന് തിരിച്ച തോണി അയിരൂർ പ്രദേശത്തു വെച്ച് കരയിലെ പ്രബലരായ കോവിലന്മാർ തടഞ്ഞു. വിവരമറിഞ്ഞു സമീപപ്രദേശങ്ങളിൽ നിന്ന് ചെറുവള്ളങ്ങളിൽ ആളുകളെത്തി കോവിലന്മാരെയും കൂട്ടരെയും തുരത്തി തോണി സുരക്ഷിതമായി തിരുവാറന്മുളയപ്പന്റെ സന്നിധിയിലെത്തിച്ചു. ഭാവിയിലും തോണിക്കു നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ കൂടുതൽ ആളുകൾ കയറുന്ന വള്ളങ്ങൾ നിർമ്മിച്ച് തോണിക്കു അകമ്പടി സേവിക്കുവാൻ കരക്കാർ തീരുമാനിച്ചു. ആ കാലങ്ങളിൽ ചെമ്പകശ്ശേരി രാജ്യത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്നതും വളരെ അധികം ആളുകൾക്ക് കയറാവുന്നതുമായിരുന്ന തോക്കു കളും പീരങ്കികളും ഉറപ്പിക്കുന്നതിനുള്ള ‘വെടിത്തടി‘കളുമായി ചുരുളൻ ഓടി വള്ളങ്ങളുടെ മാതൃകയിൽ വലിയ ചുണ്ടൻവള്ളങ്ങൾ നിർമ്മിച്ചിരുന്നു. അതുപോലൊരു ചുണ്ടൻ വള്ളം നിർമ്മിക്കുന്നതിന്റെ ആവശ്യകത ഭട്ടതിരി ചെമ്പകശ്ശേരി രാജാവിനെ ധരിപ്പിച്ചു. അങ്ങനെ ചെമ്പകശ്ശേരി രാജാവിന്റെ സഹായത്തോടെ ശില്പിയായ കൊടുപ്പുന്ന ആചാരി നെടുംപ്രയാർ കരയിൽ ചുണ്ടൻവള്ളം നിർമ്മിച്ചു. ഭഗവാ ന് വിഭവങ്ങൾ കൊണ്ട് പോകുന്ന തോണിക്കു അകമ്പടി സേവിക്കുന്ന ചുണ്ടൻവള്ളം ആയതിനാൽ അതിനെ ‘പള്ളിയോ ടം’ എന്ന് നാമകരണം ചെയ്തു. ഇങ്ങനെയുള്ള അകമ്പടി വള്ളങ്ങളാണ് ഇന്നത്തെ പള്ളിയോടങ്ങൾ.

ഇന്ന് പള്ളിയോടങ്ങളുടെ എണ്ണം 52 ആണ്. ഇതിനിടെ മങ്ങാട്ട് ഭട്ടതിരി കാട്ടൂർ നിന്നും കുമാരനല്ലൂരിലേക്കു താമസം
മാറി. പക്ഷെ ആചാരങ്ങൾക്ക് മുടക്കവും കൂടാതെ അറിയിപ്പ് തോണിയിൽ കുമാരനല്ലരിൽ നിന്ന് ജലമാർഗം കാട്ടുരിൽ എത്തി തിരുവോണത്തോണിയിൽ പള്ളിയോടങ്ങളുടെ അകമ്പടിയോടുകൂടി ഭഗവാന് വിഭവങ്ങൾ തിരുവാറന്മുളയിൽ എത്തിക്കുന്നു. ചിങ്ങം മാസത്തിലെ മൂലം നാളിൽ ആണ് കുമാരനല്ലർ മങ്ങാട്ട് ഇല്ലത്തു നിന്നും ഭട്ടതിരി തിരുവാറന്മുളക്ക് പുറപ്പെടുന്നത്. പഴയ വള്ളം ജീർണാവസ്ഥ യിൽ ആയതിനെ തുടർന്ന് പള്ളിയോട സേവാ സംഘം 2000ൽ നിർമ്മിച്ചു നൽകിയ വളവരയുള്ള ചുരുളൻ വള്ളത്തിലാണ് ഇപ്പോഴത്തെ യാത്ര. തോണിയിൽ കയറുവാൻ അവകാശമുള്ളത് കാട്ടൂർ കരയിലെ 18 നായർ കുടുംബത്തിലെ അംഗങ്ങൾക്കാണ്. തിരുവാറന്മുള ക്ഷേത്രത്തി ലെ ചോതി അളവിൽ കാട്ടുർ മഠത്തിനു ലഭിക്കുന്ന 51 പറ നെല്ല് മേല്പറഞ്ഞ 18 നായർ തറവാട്ടിലെ സ്ത്രീകൾ വ്രതശുദ്ധി യോടെ കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര പരിസ് രത്തു വെച്ച് കുത്തിയെടുത്തു അരിയാക്കി തിരുവോണത്തോണിയിൽ തിരുവാറന്മുളയപ്പനുള്ള തിരുവോണ വിഭവങ്ങളുടെ കൂടെ കൊടുത്തു വിടും. തിരുവോണ നാൾ രാവിലെ ആറ് മണിക്ക് ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശക സമതി അംഗങ്ങളും പള്ളിയോട സേവാ സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. തോണിയിൽ കൊണ്ട് വന്ന സാധന സാമഗ്രികകൾ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുകയും ഭട്ടതിരി മേൽശാന്തിക്ക് കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നൽകി പുറത്തിറങ്ങുകയും ചെയ്യുന്നതോടു കൂടി തിരുവോണ സദ്യയുടെ ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലിരുന്ന് സദ്യ കഴി ക്കുന്ന ഭട്ടതിരി വൈകിട്ട് ദീപാരാധനയും തൊഴുതു ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി ക്ഷേത്രത്തിൽ സമർപ്പിച്ച പ്രാർത്ഥിച്ച് കുമാരനല്ലൂരിലേക്കു മടങ്ങും, ചരിത്രവും ഐതീഹ്യവും ഏൽപ്പിച്ച് ഉത്തരവാദിത്വം നിറവേറ്റിയ സംതൃപ്തിയോടെ.

you may also like this video