തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു; മൊത്തം 54 കോടി രൂപ സമ്മാനം

Web Desk

തിരുവനന്തപുരം

Posted on August 04, 2020, 4:49 pm

തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് മന്ത്രി ഡോ. ടി എം തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 12 കോടിയാണ് ഒന്നാം സമ്മാനം. വി കെ പ്രശാന്ത് എംഎൽഎ ടിക്കറ്റ് ഏറ്റുവാങ്ങി. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ പങ്കെടുത്തു. 300 രൂപ വിലയുള്ള ഓണം ബമ്പർ സെപ്റ്റംബർ 20ന് നറുക്കെടുക്കും.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഇതിനു പുറമെ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വിൽപനയ്ക്ക് വിധേയമായി മൊത്തം 54 കോടി രൂപ സമ്മാനമായി നൽകുന്ന വിധത്തിലാണ് സമ്മാനഘടന വിഭാവനം ചെയ്തിട്ടുള്ളത്.

ഭാഗ്യക്കുറിയിൽ നിന്നുള്ള ലാഭം പൂർണമായും ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് 19 പ്രതിസന്ധി കാരണം ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ഈ വർഷം പകുതിയിൽ താഴെയാകും. രണ്ട് മാസം ടിക്കറ്റ് വില്പനയില്ലായിരുന്നു. ആഴ്ചയിൽ ഏഴു ദിവസവും ഉണ്ടായിരുന്ന ടിക്കറ്റുകൾ നിലവിൽ മൂന്നെണ്ണമായി കുറച്ചു. അച്ചടിയും കുറച്ചിട്ടുണ്ട്. കോവിഡ് 19 അപകട സാധ്യത കണക്കിലെടുത്താണ് വില്പനക്കാർ ലോട്ടറി വിൽക്കുന്നത്. ഇവർക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസർ മുതലായവ നൽകിയിട്ടുണ്ട്.

സർക്കാരിന് ലാഭം കിട്ടുന്നതിനൊപ്പം നൂറുകണക്കിന് ആളുകളുടെ ജീവനോപാധി കൂടിയാണ് ഭാഗ്യക്കുറി മേഖലയെന്ന് മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിക്കിടയിലും ശരാശരി 52 ലക്ഷം ടിക്കറ്റുകൾ വീതം ഓരോ ഭാഗ്യക്കുറിയിലും വിറ്റുപോകുന്നുണ്ട്. ഭാഗ്യക്കുറിയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നും ഡോ. ഐസക് പറഞ്ഞു.

 

Sub: Thiru­von­am Bumper Lot­tery pub­lished

You may like this video also