19 April 2024, Friday

ഈ ധീരദേശാഭിമാനിയും ചരിത്രത്തിനു പുറത്താണ്

ഐശ്വര്യ ശ്രീജിത്ത്
കോഴിക്കാേട്
August 14, 2022 8:52 pm

പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവിതം ഹോമിച്ച എണ്ണമറ്റ ധീരദേശാഭിമാനികളുടെ ചരിത്രം കൂടിയാണ് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം. എന്നാല്‍ ഒട്ടനവധി ധീരന്‍മാര്‍ ഇന്നും ചരിത്രത്തിന് പുറത്താണ്. അവരുടെ പോരാട്ടം നെഞ്ചേറ്റുന്ന നാട്ടുകാര്‍ പക്ഷെ ഓരോ സ്വാതന്ത്ര്യ ദിനത്തിലും അവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ചരിത്രത്തിനു പുറത്താണെങ്കിലും അവരുടെ ത്യാഗംകൂടിയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന തിരിച്ചറിവോടെ.

ചെറുപ്രായത്തില്‍ത്തന്നെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനാകുകയും ബ്രിട്ടീഷ് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് വിധേയനായി ജീവിതം ബലിയര്‍പ്പിക്കുകയും ചെയ്ത ധീര ദേശാഭിമാനിയാണ് എൻ എ ഗോപാലൻ നായര്‍. എന്നാല്‍ അദ്ദേഹവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്താണ്.

ചീക്കിലോട് രാരോത്ത് കക്കുടുമ്പിൽ കുഞ്ഞൻ നായരുടേയും നമ്പന്നൂർ അഴകിൽ കല്യാണി അമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. പ്രാരംഭ വിദ്യാഭ്യാസകാലം ബിലാത്തിക്കുളത്തായിരുന്നു. തുടർന്ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിലെ പഠനകാലത്താണ് സ്വാതന്ത്യസമര സേനാനിയായ തന്റെ അമ്മാവൻ എൻ എ കൃഷ്ണൻ നായരുടെ സമരപോരാട്ടങ്ങൾ കണ്ട് ഗോപാലൻ നായർ സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ഗാന്ധി തൊപ്പിയണിഞ്ഞും ഖാദി വസ്ത്രം ധരിച്ചുമാണ് എൻ എ കൃഷ്ണൻ നായരെ കാണാറുള്ളതെന്ന് ചീക്കിലോട് സ്കൂളിലെ റിട്ട. അധ്യാപകനായ പി സി വിജയൻ നായർ ഓര്‍ക്കുന്നു.

1930കളിൽ ഗാന്ധിജിയുടെ ദണ്ഡിയാത്ര, വിദേശ വസ്ത്രം ബഹിഷ്ക്കരിക്കൽ തുടങ്ങിയ സമരാഹ്വാന വേളയിൽ അമ്മാവനായ ഗാന്ധി കൃഷ്ണൻ നായർ എന്ന് വിളിക്കുന്ന എൻ എ കൃഷ്ണൻ നായര്‍ക്കൊപ്പം ഗോപാലന്‍ നായരും പങ്കെടുത്തു. കെ പി കേശവമേനോൻ, കേളപ്പജി തുടങ്ങിയവരോടൊപ്പം വിവിധ സമരങ്ങളിലും ജാഥകളിലും പങ്കെടുത്തതിന്റെ പേരിൽ ഗോപാലന്‍ നായര്‍ക്ക് നിരവധി തവണ ബ്രിട്ടീഷ് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റു. ഗോപാലൻ നായരെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ വന്നപ്പോള്‍ അവിടെ നിന്നും പ്രദേശത്തെ പുക്കുന്ന് മലയിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും ബ്രിട്ടീഷ് പൊലീസ് പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് കണ്ണൂർ ജയിലിൽ അടച്ച അദ്ദേഹത്തിന് നാലുവര്‍ഷത്തോളമാണ് അവിടെ തവടില്‍ കഴിയേണ്ടി വന്നത്.

ജയില്‍വാസകാലത്തേറ്റ മര്‍ദ്ദനത്തെത്തുടര്‍ന്ന് രോഗിയായാണ് അദ്ദേഹം ജയില്‍ മോചിതനായത്. 1934 ചീക്കിലോട് തിരിച്ചെത്തിയ ഗോപാലന്‍ നായര്‍ തന്റെ മൂത്ത സഹോദരി അമ്മുവിന്റെ വീട്ടിലാണ് താമസിച്ചത്. ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ക്ഷയരോഗിയായി മാറിയ അദ്ദേഹം ചികിത്സയിക്കിടെ 22ാം വയസിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ ധീരദേശാഭിമാനിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഒരു വായനാശാലയുണ്ടാക്കിയെങ്കിലും അത് കുറച്ചു കാലം മാത്രമാണ് പ്രവർത്തിച്ചത്. പിന്നീട് ആ പുസ്തകങ്ങൾ ചീക്കിലോടുള്ള മറ്റൊരു വായനാശാലയ്ക്ക് കെെമാറുകയായിരുന്നു.

Eng­lish Sum­ma­ry: This brave patri­ot is also out of history

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.