May 28, 2023 Sunday

ഇത് ജനാധിപത്യത്തര്‍ക്കമേ അല്ല, അവതാരകരുടെ ഈഗോയുദ്ധം

റീന ഫിലിപ്പ്
(സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ലേഖിക)
October 11, 2021 5:58 pm

മാധ്യമങ്ങൾ തത്ത്വത്തിൽ ജനാധിപത്യത്തിന്റെ നാലാം തൂണുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു വർഗസമൂഹത്തിൽ മാധ്യമങ്ങൾക്ക് അവരുടേതായ പക്ഷവും രാഷ്ട്രീയവും തീർച്ചയായും ഉണ്ടാവും. അതുകൊണ്ടു തന്നെ നിഷ്‌പക്ഷ മാധ്യമപ്രവർത്തനം എന്നത് സാധ്യമായ ഒന്നല്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ വസ്തുനിഷ്ഠമാവണം അവരുടെ പ്രവർത്തനം. വാർത്തകളും അവയുടെ അവലോകനവും വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ ആവണം നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം മുമ്പെങ്ങുമില്ലാത്തവിധം രാജ്യം വർഗീയവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.

കോൺഗ്രസ് തുടങ്ങിവച്ച ആഗോളവൽക്കരണ-ഉദാരവൽക്കരണ നയങ്ങൾ ഈ സർക്കാർ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചിട്ടുണ്ട്. അതേ തുടർന്ന് എതിർപ്പിന്റെ ചെറിയ ശബ്ദംപോലും അടിച്ചമർത്തപ്പെടുകയാണ്. ഒരു വശത്ത് വർഗീയവൽക്കരണവും മറുവശത്ത് കോർപ്പറേറ്റ് പ്രീണനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമമറന്നു, ‘വികസനം’ എന്ന നുണ ആഘോഷിച്ചും വാസ്തവ വിരുദ്ധമായ വർഗീയ പ്രചരണം ഏറ്റെടുത്തും സംഘപരിവാറിന്റെ ജിഹ്വ മാത്രമായിമാറുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. കേരളത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ബിജെപി പ്രതിനിധികളെ ചാനൽ ചർച്ചകളിലെത്തിച്ച് അവരെയും അവരുടെ വര്‍ഗീയ അജണ്ടയെയും വളർത്തുന്നതിൽ പ്രധാന പങ്കുതന്നെ ചില മാധ്യമങ്ങൾ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.

ഈയൊരു പശ്ചത്തലത്തിലാണ് ചാനലുകളിൽ അവതാരകരുടെ പ്രകടനവും പരസ്പരമുള്ള വെല്ലുവിളിയുമൊക്കെ നോക്കിക്കാണേണ്ടത്. അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ പിന്തുടരുന്ന കോർപ്പറേറ്റ് ദാസ്യത്തിന്റെ സ്വാഭാവിക പ്രതിഫലനം തന്നെയാണ് ചർച്ചകളിലും വച്ചുപുലർത്തുന്നത്. അതില്‍ ജനാധിപത്യ വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ഏറെയെന്നും കാണാം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹണമാണ് കുറച്ച് ദിവസങ്ങൾ മുമ്പ് ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അരങ്ങേറിയത്. മോന്‍സൻ മാവുങ്കലുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കൊച്ചിയിലെ പ്രധാനമാധ്യമപ്രവര്‍ത്തകന്റെ മകൾ പങ്കെടുത്ത പിറന്നാൾ ആഘോഷ വീഡിയോ ക്ലിപ്പ്. അത് എല്ലാ മാധ്യമ മര്യാദയും കാറ്റിൽപ്പറത്തി ഏഷ്യാനെറ്റ് ന്യൂസ് അവർ സംപ്രേക്ഷണം ചെയ്യുന്നു. അവിടെ നിരീക്ഷകൻ എന്ന പേരിൽ ചർച്ചയിൽ പങ്കെടുത്ത റോയ് മാത്യു ആ കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ചർച്ച അവിടെ നിർത്തി, റോയ് മാത്യുവിനെ ഇറക്കിവിടുന്നതിനു പകരം അവതാരകനായ വിനു വി ജോൺ എന്ന അവതാരകന്‍ ‘അങ്ങനെയൊന്നും പറയല്ലേ’ എന്ന് പരിഹാസത്തോടെ പറയുകയാണ് ചെയ്തത്.

 

 

അങ്ങേയറ്റം ഹീനവും അപലപനീയവുമായ ഈ പ്രവർത്തിയെ ഈ നിമിഷംവരെ ഏഷ്യാനെറ്റ് തള്ളി പറഞ്ഞിട്ടില്ല. ഈ വിഷയം മറ്റുപല മാധ്യമങ്ങളും ഏറ്റെടുക്കുകയാണുണ്ടായത്. പിന്നീട് കാണുന്നത് പരസ്പരമുള്ള ചെളിവാരിയെറിയലാണ്. 24 ന്യൂസിൽ ശ്രീകണ്ഠൻ നായർ മറ്റിടങ്ങളിലെ അവതാരകര്‍ പരിധി ലംഘിക്കുന്നു എന്ന് ആരോപിക്കുന്നു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിക്കുന്നു. ഇതിനുപിറകെ പ്രമോദ് രാമനെ വ്യക്തിഹത്യചെയ്തും, അദ്ദേഹത്തെ ചൊടിപ്പിച്ചത് ഏഷ്യാനെറ്റ് ചെയ്ത താലിബാൻ വിമർശനമാണെന്നും വിനു വി ജോൺ, ട്വീറ്റ് ചെയ്യുന്നു.

ഇപ്പോൾ നടക്കുന്ന അവതാരക തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും മാധ്യമ പ്രവർത്തനത്തിന്റെ നൈതികതയില്‍ നിന്നോ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽനിന്നോ വരുന്നതല്ല. ഈ മാധ്യമങ്ങളും അവതാരകരുമെല്ലാം കാലാകാലങ്ങളായി ചാനൽ റേറ്റിങ് കൂട്ടാൻ ഇക്കിളിക്കഥകൾ വാർത്തകളായി വിളമ്പുകയും സമൂഹത്തിൽ സ്ത്രീ വിരുദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നവർ തന്നെയാണ്. കമ്പോള മൂല്യങ്ങൾ ചരക്കുവൽകരിച്ച് സ്ത്രീ ശരീരത്തിന്റെ സാധ്യതകൾ, സോളാർ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെടെ ഇവരൊക്കെ എങ്ങനെയാണ് ചൂഷണംചെയ്തു ചർച്ചകൾ കൊഴുപ്പിച്ചതെന്ന് എല്ലാരും കണ്ടതാണ്.

 

 

പ്രണയം നിരസിക്കപ്പെട്ടത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ ഒരു ക്രിമിനൽ കറുത്തറുത്ത് കൊന്ന, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിൽപ്പോലും ഇരയെ പ്രതിക്കൂട്ടിലാക്കാൻ അവളുടെ സ്വഭാവത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്വേഷിക്കാൻ മൈക്കുംകൊണ്ടു നടന്ന റിപ്പോർട്ടർമാരേറെയുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇവർ തമ്മിൽ ഇപ്പോൾ നടക്കുന്ന തർക്കങ്ങൾ മാന്യമായ രാഷ്ട്രീയ സംവാദത്തിന് ഉള്ള ജനാധിപത്യ ഇടം സൃഷ്ടിക്കാൻ സഹായിക്കും എന്ന് കരുതുന്നത് അബദ്ധമാവും. ഇതൊക്കെ പരസ്പരമുള്ള തൊഴുത്തിൽക്കുത്തിന്റെ ഭാഗം മാത്രം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കുത്തകകൾക്ക് കുഴലൂത്തു നടത്തി മൂലധന താൽപര്യങ്ങൾ സംരക്ഷിച്ച് ഭരണവർഗത്തെ പ്രീണിപ്പിച്ച് നിർത്തുന്നതിലും കമ്മ്യൂണിസ്റ്റ് വിരുദ്ധത പടർത്തുന്നതിലും ഇക്കൂട്ടർ ഒറ്റക്കെട്ടാണ് എന്നത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധനേടുന്ന രീതിയിൽ മികച്ച കോവിഡ് പ്രതിരോധം കാഴ്ചവച്ച കേരള സർക്കാരിനെ ഇകഴ്ത്തി കാട്ടാൻ നുണപ്രചാരണങ്ങളുടെ ഒരു കൂമ്പാരം തന്നെ ഇവർ പടച്ചുവിട്ടിട്ടുണ്ട്. ഒരു രണ്ടാം വിമോചന സമരത്തിന് വേണ്ടി പക്ഷംപിടിച്ച് കോപ്പുകൂട്ടിയിട്ടുമുണ്ട്. ഈ ശ്രമങ്ങൾ വിശപ്പ്‌രഹിത കേരളം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ ഇരുപത് രൂപ ഊണിനെ കുറിച്ച് നുണക്കഥകൾ മിനഞ്ഞ് പ്രേക്ഷകർക്ക് മുന്നിൽ വിളമ്പുന്നതിൽ വരെ എത്തി നിൽക്കുന്നു.

 

kudumbasree

മാധ്യമങ്ങളുടെ അജണ്ട തീരുമാനിക്കുന്നത് അവതാരകരല്ല, അവർ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത് എന്ന് വാദിക്കാം. സ്ത്രീ വിരുദ്ധത ഉൾപ്പെടെ എല്ലാതരം വിരുദ്ധതകളും വ്യവസ്ഥാപിതവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ, അതിന്റെ ഭാഗമായ അവതാരകർ മാത്രം നൂറു ശതമാനം ജനാധിപത്യ ബോധമുള്ളവർ ആവണം എന്ന് വാശിപിടിച്ചിട്ടു കാര്യവുമില്ല. ഇതൊന്നും മാറ്റാൻ ഇവർക്ക് മാത്രമായി കഴിയില്ല. പക്ഷേ ഇതൊന്നും തന്നെ ചാനൽ ചർച്ചകളിൽ വന്നിരുന്നു മറ്റുള്ളവരെ വിധിക്കാനും നുണ പറയാനും സ്ത്രീ വിരുദ്ധത പറയാനുമുള്ള ലൈസൻസ് അല്ല. സ്വന്തം പരിമിതികളെ മറികടക്കാനും പൊതുവിടങ്ങളിൽ വാക്കിലും പ്രവർത്തിയിലും മാന്യത പുലർത്താനും മനപൂർവമായി തന്നെ ഒരു ശ്രമം ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. പ്രേക്ഷകർ തങ്ങളെ വിലയിരുത്തുന്നുണ്ട് എന്ന ചിന്ത ഉണ്ടായേ തീരൂ. അതില്ല എങ്കിൽ സ്വന്തം ആത്മാഭിമാനവും വിശ്വാസ്യതയുമാണ് ഇല്ലാതാകുന്നത് എന്ന ബോധ്യമെങ്കിലും വേണം.

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.