June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ബുൾഡോസറുകളുടെ കാലമല്ലിത്; പാർപ്പിടം ഒരുക്കി നൽകൂ

By Janayugom Webdesk
May 15, 2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിൽ കേന്ദ്രം പ്രഖ്യാപിച്ച അമൃത്കാല്‍ ഇപ്പോള്‍ അടയാളപ്പെടുത്തുന്നത് ബുൾഡോസറുകളുടെ ഇരമ്പലുകളാണ്. രാജ്യതലസ്ഥാനത്ത് ദരിദ്രർ തിങ്ങിപ്പാർക്കുന്നയിടങ്ങളിലേക്ക് ബുൾഡോസറുകളുമായി ആഘോഷപൂർവം അധികാരികൾ എത്തുന്നത് ഒരു മേളയായിരിക്കുന്നു. ജഹാംഗീർപുരി, ഗോവിന്ദ്പുരി, ഷഹീൻബാഗ്, സരോജിനി നഗർ… പട്ടിക നീളുകയാണ്. ഇത് ആർഎസ്എസ്-ബിജെപി സർക്കാരിന്റെ വർഗസ്വഭാവവും സാധാരണജനതയുടെ ആശങ്കകളും വ്യക്തമാക്കുന്നു.

ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ് പാർപ്പിടം. ബിജെപിയാകട്ടെ മുന്നിലെ മുഖം പാവപ്പെട്ടവരോ മുസ്‌ലിങ്ങളോ ആണെങ്കിൽ ഇക്കാര്യം മറക്കും. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം കേവലം മൃഗാസ്തിത്വത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പാർപ്പിടം, വസ്ത്രം, പോഷകാഹാരം എന്നിവയുൾപ്പെടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങളാണ് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 19(1)(ഇ), 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പാക്കേണ്ട മൗലികാവകാശങ്ങളെയും കോടതി കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ ആഗോള പ്രഖ്യാപനം (യുഡിഎച്ച്ആർ) (ആർട്ടിക്കിൾ 25) വിശദമായി ഇക്കാര്യങ്ങൾ പറയുന്നുണ്ട്. വസ്ത്രം, ഭക്ഷണം, വൈദ്യപരിചരണം എന്നിവയടക്കം തൃപ്തികരമായ ജീവിത നിലവാരത്തിന് ഓരോ വ്യക്തിക്കും അവകാശമുണ്ട്. സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശങ്ങളെ (സിഇഎസ്ഇആർ) സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിലെ ആർട്ടിക്കിൾ 11, എല്ലാവർക്കും വീട് എന്ന അവകാശം അംഗീകരിക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്തർദേശീയ കൺവെൻഷൻ (ആർട്ടിക്കിൾ 43) കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പാർപ്പിടത്തിനുള്ള അവകാശം ആവർത്തിക്കുന്നു.

 


ഇതുകൂടി വായിക്കൂ:  ഇടിച്ചുനിരത്തലിന്റെ വര്‍ഗീയ രാഷ്ട്രീയം


 

വൻ നഗരങ്ങളിലേക്കുള്ള വലിയ കുടിയേറ്റം പുതിയ കാര്യമല്ല. കാരണങ്ങളും അനന്തരഫലങ്ങളും കൂടിക്കുഴഞ്ഞ ആഗോള പ്രതിഭാസമാണിത്. കാർഷിക മേഖലയിലെ പ്രതിസന്ധിയാണ് പ്രധാന കാരണം. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച ഇതിന് വഴിയായി. ജോലിയും ഭക്ഷണവും പാർപ്പിടവും തേടി നഗരങ്ങളിലേക്ക് കുടിയേറാൻ ജനം നിർബന്ധിതരായി. ക്രമേണ എല്ലാ വൻനഗരങ്ങളോടും ചേർന്ന് ചേരികളും ഉയർന്നു. അതിജീവനത്തിനായുള്ള കഠിനമായ പോരാട്ടമാണ് ചേരിയിലെ മനുഷ്യരുടേത്. അവർ എല്ലാത്തരം വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നു. അവർ നഗര ജീവിതത്തിന്റെയും ഇന്ത്യൻ യാഥാർത്ഥ്യത്തിന്റെയും അവിഭാജ്യ ഘടകമായി. 2011ലെ സെൻസസ് അനുസരിച്ച് 6.5 കോടി ആളുകൾ ഏകദേശം 10,800 ചേരികളിലായി ജീവിക്കുന്നു. യഥാർത്ഥ സംഖ്യ ഔദ്യോഗികക്കണക്കുകൾക്ക് വളരെ മുകളിലാണ്.

സമ്പന്ന നഗരജീവിതത്തിന് ഇത്തരം കുടിയേറ്റ ഇടങ്ങൾ അനിവാര്യമാകുന്നു. ഡ്രൈവർമാർ, അലക്കുകാർ, വീട്ടുജോലിക്കാർ, ശുചീകരണത്തൊഴിലാളികൾ, പ്ലംബർമാർ, സെക്യൂരിറ്റി ഗാർഡുകൾ തുടങ്ങി അവർ സേവന നിരതരാകുന്നു. തൊഴിൽ ശക്തിയുടെ പ്രധാന ഭാഗമാകുന്നു ഇത്തരം വിഭാഗങ്ങൾ. ഇവരുടെ അധ്വാനമില്ലാതെ ഒരു നഗരത്തിനും അതിന്റെ നിലനില്പിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സന്ദർഭമൊത്ത് പൊള്ളയായ വിശേഷണങ്ങൾ ഉപയോഗിച്ച് ഭരണ വർഗം അവരുടെ സേവനത്തെ പുകഴ്ത്തുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടി അവരെ സന്ദർശിക്കുകയും അടുത്ത ദിവസം അവരെ മറക്കുകയും ചെയ്യുന്നു. ഇവരുടെ വാസസ്ഥലങ്ങളിലേക്കാണ് ഇപ്പോൾ ബുൾഡോസർ അയയ്ക്കുന്നത്.

 


ഇതുകൂടി വായിക്കൂ:  വിദ്വേഷരാഷ്ട്രീയത്തിന്റെ അസം മാതൃക


 

അനധികൃത നിർമ്മാണങ്ങളെക്കുറിച്ചാണ് അധികൃതരും ബിജെപി നേതാക്കളും പറയുന്നത്. ഇങ്ങനെ അവർ തങ്ങളുടെ ബുൾഡോസർ രാഷ്ട്രീയത്തെ ന്യായീകരിക്കുന്നു. നഗരങ്ങളിലെ സമ്പന്നർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ അവർ മറക്കുന്നു. വലിയ മാളുകൾ, കടകൾ, ഓഫീസുകൾ, വീടുകൾ, തിയേറ്ററുകൾ മുതലായവ സമ്പന്നർ ഇച്ഛിക്കുംപോലെ നിർമ്മിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന ഇത്തരം വൻകിട നിർമ്മാണങ്ങളെല്ലാം ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ചാണ് നടക്കുന്നതെന്ന് സർക്കാരിന് പറയാനാകുമോ?

നിയമം ബാധകമാക്കുമ്പോൾ സമ്പന്നർക്കും ദരിദ്രർക്കും അതിന് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ടാകുന്നു. അനധികൃത നിർമ്മാണങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുമ്പോഴും, നോട്ടീസ്, പുനരധിവാസം തുടങ്ങിയ വ്യവസ്ഥകൾ പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലുകളുടെ കാര്യത്തിൽ, പുനരധിവാസ നടപടികൾ ഒഴിവാക്കാനാവില്ല. ബിജെപി ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ മാനദണ്ഡങ്ങളുടെയും ആശങ്കകളെല്ലാം നിസാരമാണ്. രാഷ്ട്രീയ നിലപാടുകളോടെയാണ് അവർ സകലതിനെയും സമീപിക്കുന്നത്. വർഗീയ അസഹിഷ്ണുത അവരെ വഴിനയിക്കുന്നു. ബുൾഡോസർ രാഷ്ട്രീയം ഹിന്ദു-മുസ്‌ലിം സംഘട്ടനമായി ചിത്രീകരിക്കാൻ ആർഎസ്എസ്-ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നു. വർഗീയ കലാപം ലാക്കാക്കി കിംവദന്തികളും നട്ടാൽ കുരുക്കാത്ത നുണകളും പ്രചരിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ:  ഇത് മരണമല്ല, ഭരണകൂടം കൊന്നതാണ്


 

സമസ്ത മേഖലകളിലും പരാജയപ്പെട്ട ഭരണകക്ഷി ജനങ്ങളെ ഭിന്നിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. 2024ലെ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. അതിനായി അവർ ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ പ്രതികാര രാഷ്ട്രീയം പുറത്തെടുത്തിരിക്കുന്നു. പുനരധിവാസത്തിനായുള്ള സാധ്യതകൾ തമസ്കരിക്കുന്നു. ഒരു മാതൃകാ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതു പോലെ, മനുഷ്യത്വപരമായി പ്രവർത്തിക്കണമെന്ന സുപ്രീം കോടതിയുടെ പരാമർശം പോലും ഭരണകൂടം പരിഗണിക്കുന്നില്ല. സകല പോരായ്മകളും ഇരുട്ടും മറയ്ക്കാൻ തീവ്ര മതവിശ്വാസികളെ അണിനിരത്താനാണ് ഉദ്ദേശം. ഇടിച്ചുനിരത്തലുകൾ ഇത്തരം യാഥാർത്ഥ്യങ്ങൾ സ്ഥിരീകരിക്കുന്നു. കേന്ദ്ര ഭരണകൂടം അതിന്റെ വര്‍ഗീയ നിലപാടിൽ നിന്ന് പിന്മാറുക തന്നെ വേണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.