September 22, 2023 Friday

Related news

September 22, 2023
September 21, 2023
September 17, 2023
September 16, 2023
September 13, 2023
September 12, 2023
September 10, 2023
September 2, 2023
August 28, 2023
August 27, 2023

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഇത് അഞ്ചാം കിരീടം

Janayugom Webdesk
May 29, 2023 11:44 pm

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ അഞ്ചാം കിരീടം. അവസാന രണ്ട് പന്തുകളില്‍ രവീന്ദ്ര ജഡേജ സിക്സറും ബൗണ്ടറിയും പായിച്ചതോടെ ചെന്നൈ വിജയത്തിലെത്തി. മഴ വില്ലനായെത്തുകയും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിക്കപ്പെടുകയും ചെയ്തപ്പോള്‍ അവസാന പന്തില്‍ സിഎസ്‌കെ വിജയം പിടിച്ചെടുക്കുകയായിരുന്നു. പതിനാലാം ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റന്‍സിന് പ്രതീക്ഷ നല്‍കിയതായിരുന്നു. അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ മോഹിത് ശര്‍മ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്തു. എന്നാല്‍ അവസാന രണ്ട് പന്തില്‍ 10 റണ്‍സടിച്ച് രവീന്ദ്ര ജഡേജ അവിശ്വസനീയമായ വിജയം ചെന്നൈയ്ക്ക് സമ്മാനിച്ചു. സായ് സുദര്‍ശന്റെയും മോഹിത് ശര്‍മയുടെയും പ്രകടനം പാഴായി. 

ഗുജറാത്ത് നാലിന് 214 എന്ന ശക്തമായ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മഴ വീണ്ടും കളി മുടക്കിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 170 റണ്‍സായി നിശ്ചയിച്ചു. ചെന്നൈ ബാറ്റര്‍മാരെല്ലാം വിജയത്തില്‍ പങ്കുവഹിച്ചു. ഋതുരാജ് ഗെയ്കവാദും (16 പന്തില്‍ 26) ഡെവോണ്‍ കോണ്‍വെയും (25 പന്തില്‍ 47) പവര്‍പ്ലേയില്‍ സ്‌കോര്‍ 70 കടത്തി. എന്നാല്‍ ഇരുവരും ഏഴാം ഓവറില്‍ പുറത്തായി. രണ്ടു വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കളത്തിലെത്തിയ ശിവം ദൂബെയും (21 പന്തില്‍ 32 നോട്ടൗട്ട്) അജിന്‍ക്യ രഹാനെയും (13 പന്തില്‍ 27) തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കി. നാലോവറില്‍ ഇരുവരും 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ മോഹിത് ശര്‍മ പുറത്താക്കി. അമ്പാട്ടി രായുഡുവിനെയും (8 പന്തില്‍ 19) മോഹിത് സ്വന്തം ബൗളിങ്ങില്‍ പിടിച്ചു. അതോടെ 14 പന്തില്‍ 21 റണ്‍സ് വേണമെന്നായി. 

പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ധോണിയെ ആദ്യ പന്തില്‍ മോഹിത് പുറത്താക്കി. അവസാന ഓവറില്‍ 13 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. മോഹിത് ആദ്യ നാലു പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ അഞ്ചാം പന്ത് സിക്‌സറിന് പറത്തിയ ജഡേജ ആറാമത്തെ പന്ത് ബൗണ്ടറിലേക്കും പായിച്ചു. റാഷിദ് ഖാന്റെയും മുഹമ്മദ് ഷമിയുടെയും മങ്ങിയ ഫോം ഗുജറാത്തിന് വലിയ തിരിച്ചടിയായി മാറി. മൂന്ന് ഓവറില്‍ 44 റണ്‍സാണ് റാഷിദ് ഖാന്‍ വഴങ്ങിയത്. മൂന്ന് ഓവറില്‍ 29 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. ഇംപാക്ട് താരമായെത്തിയ ജോഷ് ലിറ്റിലും നിര്‍ണായക മത്സരത്തില്‍ നിരാശപ്പെടുത്തി. രണ്ടോവറില്‍ 30 റണ്‍സാണ് ലിറ്റില്‍ വഴങ്ങിയത്. മോഹിതിന്റെയും നൂര്‍ അഹമ്മദിന്റെയും പ്രകടനം മാത്രമാണ് നിലവാരം പുലര്‍ത്തിയത്.
പത്താം ഫൈനല്‍ കളിച്ച ചെന്നൈ അഞ്ചാം കിരീടത്തോടെ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തി. 2010 ലും 2011 ലും 2018 ലും 2021 ലുമാണ് ചെന്നൈ മുമ്പ് ചാമ്പ്യന്മാരായത്. ആറാമത്തെ ഐപിഎല്‍ കിരീടവുമായി അമ്പാട്ടി രായിഡു വിരമിച്ചു. രോഹിത് ശര്‍മയാണ് ആറ് ഐപിഎല്‍ കിരീടം നേടിയ മറ്റൊരു താരം. 

Eng­lish Summary;This is the fifth title for Chen­nai Super Kings in IPL

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.