Janayugom Online
കോഴിക്കോട് മതലക്കുളം മൈതാനിയില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ലയനസമ്മേളനത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു

കേന്ദ്രഭരണകൂടത്തെ തൂത്തെറിയുന്നതിന് ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണിത്; കാനം രാജേന്ദ്രന്‍

Web Desk
Posted on March 30, 2019, 9:27 pm

കോഴിക്കോട്: കോടതികള്‍ പോലും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ശഠിക്കുന്ന കേന്ദ്ര ഭരണകൂടത്തെ തൂത്തെറിയുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് പൊതുതെരഞ്ഞെടുപ്പെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ലയനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷിപ്ത താല്പര്യങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി ഭരണകൂടം ചെയ്യുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ച അതേ നയമാണ് ഇന്ന് മോദിയും പിന്തുടരുന്നത്. ഹിന്ദുവും മുസ്ലീമും മത ന്യൂന പക്ഷവുമെന്നൊക്കെയുള്ള വേര്‍തിരിവുകളിലൂടെ ജനങ്ങളെ പരസ്പരം അകറ്റുന്നതിനാണ് പരിശ്രമം. രാജ്യത്തെ ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയുമെല്ലാം തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുന്നു. അഞ്ചുവര്‍ഷത്തെ മോദി ഭരണം സാധാരണ ജനവിഭാഗങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിരിക്കുകയാണ്. രാജ്യത്താകമാനം എല്ലാ വിഭാഗം ജനങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. 200‑ല്‍പ്പരം കര്‍ഷക സംഘടനകളാണ് മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ലോങ്ങ് മാര്‍ച്ചില്‍ പങ്കാളികളായത്. ജനുവരിയില്‍ നടന്ന ദ്വിദിന ദേശീയ പണിമടക്കില്‍ രാജ്യത്തെ 20 കോടിയില്‍പ്പരം തൊഴിലാളികളാണ് പങ്കാളികളായത്. മോദി ഭരണകൂടത്തിനെതിരെയുള്ള ജനരോഷമണ് ഇവയിലെല്ലാം പ്രതിഫലിക്കുന്നത്. ഇതെല്ലാം പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

ഐ എന്‍ എല്ലില്‍ ലയിക്കുവാനുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ തീരുമാനം ഇടതുപക്ഷ ജനാധിപത്യ ചേരിയെ കൂടുതല്‍ ബലപ്പെടുത്തും. കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്ന് പ്രവര്‍ത്തിച്ച പാര്‍ട്ടികളാണ് ഇവരണ്ടും. പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയന സമ്മേളനം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് സി സംസ്ഥാന ചെയര്‍മാന്‍ അഡ്വ: പി ടി എ റഹീം ലയന പ്രഖ്യാപനം നടത്തി. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു.