ജയശ്ചന്ദ്രൻ കല്ലിംഗൽ

April 03, 2020, 4:00 am

ഈ കാലം ചില പാഠങ്ങൾ പഠിപ്പിക്കുന്നു

Janayugom Online

കോവിഡ് 19 മഹാമാരി മനുഷ്യ സമൂഹത്തിനാകെ വിനാശകരമായി പടരുമ്പോൾ ഭരണകൂടങ്ങൾക്ക് ലഭിക്കുന്ന ചില മുന്നറിയിപ്പുകളുണ്ട്. രാജ്യത്തിന്റെ സമ്പത്ത് ചെലവഴിക്കുമ്പോൾ എന്തിനാണ് മുൻഗണന നൽകേണ്ടതെന്ന് തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. യുദ്ധോപകരണങ്ങൾക്കായി ചെലവഴിക്കുന്ന കോടാനുകോടി രൂപയുടെ വ്യർത്ഥത ഇനിയെങ്കിലും ബോധ്യപ്പെടണം. ജനങ്ങളില്ലെങ്കിൽ രാജ്യവും അതിർത്തിയും അധികാരവുമില്ലായെന്ന തിരിച്ചറിവ് ഉണ്ടാകണം. പൊതുജനാരോഗ്യ സംവിധാനങ്ങൾ ചുരുങ്ങുന്നതും സ്വകാര്യ ആരോഗ്യ സേവന രംഗം ശക്തിയാർജ്ജിക്കുന്നതും ആർക്കാണ് ഗുണപ്പെടുകയെന്ന് ഉൾക്കൊള്ളണം.

ഈ ആപത്ക്കാലത്തെങ്കിലും മാനവികതയുടെ രാഷ്ട്രീയം തിരിച്ചറിയാൻ ഭരണകർത്താക്കൾക്ക് കഴിയണം. ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പൊതുസർവീസുകൾ അതിവേഗം സ്വകാര്യമേഖലയ്ക്ക് വിട്ടു നൽകുമ്പോൾ ആപത്കാലത്ത് ഇവയുടെ സേവനം ആർക്കുവേണ്ടിയാകും എന്നതിനെ സംബന്ധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ചൈനയും കൊറോണയെ നേരിടുന്ന രീതി തന്നെയാണ് ഇതിന് ഉദാഹരണം. രോഗം ആദ്യം പ്രത്യക്ഷപ്പെടുകയും ലക്ഷങ്ങൾ രോഗബാധിതരാകുകയും ചെയ്ത ചൈനയിലെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. ഫലപ്രദമായി ഇടപെടാൻ കഴിയുന്ന പൊതു ആരോഗ്യരംഗം അവർക്കുണ്ടായിരുന്നു എന്നതാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. വുഹാനിന് വെളിയിൽ ചൈനയിൽ ഇത് പടർന്ന് പിടിക്കാതിരിക്കാതിരിക്കാനുള്ള മുൻകരുതലും അവർക്ക് സ്വീകരിക്കാനായി. എന്നാൽ ഇറ്റലി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. ആളോഹരി വരുമാനത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും എത്രയോ ഉയരെയാണ് യൂറോപ്യൻ രാജ്യങ്ങൾ. ആധുനികമായ മെഡിക്കൽ സംവിധാനങ്ങളും ഇവിടെയുണ്ട്. എന്നാൽ രോഗവ്യാപനം തടഞ്ഞു നിറുത്തുന്നതിനും മരണസംഖ്യ കുറയ്ക്കുന്നതിനും ഇവർക്ക് കഴിയുന്നില്ല. ഇവിടെയാണ് സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യ രംഗത്തിന്റെ അപകടം നാം തിരിച്ചറിയേണ്ടത്. സാധാരണ ജനതക്ക് കൈയ്യെത്താ ദൂരത്താണ് സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ. അതുകൊണ്ടുതന്നെ സാധാരണ രോഗികൾ ആദ്യമാദ്യം ആശുപത്രിയിൽ പോകാതെ കഴിച്ചു കൂട്ടിയത് രോഗവ്യപാനത്തെ വർധിപ്പിച്ചു. കോവിഡ് ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് മാത്രം ചെലവ് 87,000 രൂപയാണ്. ഐസൊലേഷൻ ബെഡ്ഡിന്റെ ചെലവ് രണ്ട് ലക്ഷം രൂപയാണ്.

രോഗം ഇന്ന് ഏറ്റവും അധികം വ്യാപിച്ചത് അമേരിക്കൻ ഐക്യനാടുകളിലാണ്. ആശുപത്രികളിൽ ഭൂരിഭാഗവും സ്വകാര്യ ഉടസ്ഥതയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ വെന്റിലേറ്റർ സൗകര്യമുള്ളത് അമേരിക്കയിലാണ്. നിലവിലെ കണക്ക് പ്രകാരം 1,62,000 വെന്റിലേറ്റർ ഇവിടെയുണ്ട്. പക്ഷേ ഇതും അപര്യാപ്തമായ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. കൊറോണ ഏറ്റവും അധികം ബാധിച്ച ന്യൂയോർക്ക് നഗരത്തിൽ 6,000 വെന്റിലേറ്ററുകൾ ആണ് ലഭ്യമാകുന്നത്. ഇവിടെ മാത്രം 30, 000 എണ്ണം ആവശ്യമായി വരും. അമേരിക്കയിൽ സ്ഥിതി ഇങ്ങനെയാണെങ്കിൽ മറ്റ് രാജ്യങ്ങളുടെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിരന്തരമായ വിവിധ തരത്തിലുള്ള ഫ്ളൂ രോഗങ്ങൾ പടർന്ന് പിടിക്കുന്ന രാജ്യമാണ് അമേരിക്ക. അതിനാലാണ് വെന്റിലേറ്ററുകൾ കൂടുതൽ സജ്ജീകരിക്കാൻ അമേരിക്കൻ ആശുപത്രികൾ തയ്യാറായത്. ഭൂരിഭാഗം ജനതക്കും ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ ചികിത്സ വലിയ സാമ്പത്തിക പ്രശ്നമല്ലാതെ കടന്നു പോകുന്നു. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാധാരണക്കാർക്ക് അമേരിക്കയിൽ പൊതുവായ ഇൻഷുറൻസ് പദ്ധതി നിലവിലുണ്ട്. സർക്കാർ നടപ്പിലാക്കുന്ന പൊതു ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം ഭൂരിഭാഗം അമേരിക്കൻ പൗരന്മാർക്കും ലഭിക്കുമെന്നുള്ളതാണ് ആശ്വാസം. എന്നാൽ കൊറോണ ഇനിയും വ്യാപിച്ചാൽ അവർക്കും പിടിച്ചു നിൽക്കാനാകില്ല. ജിഡിപി യുടെ നല്ലൊരു ശതമാനം ആരോഗ്യ സംരക്ഷണത്തിന് മാറ്റിവയ്ക്കുന്ന രാജ്യത്തിന്റെ സ്ഥിതിയാണിത്. കേരളത്തിൽ മൂന്നര കോടി ജനങ്ങൾക്കാകെ സർക്കാർ മേഖലയിൽ ലഭ്യമായ വെന്റിലേറ്ററുകൾ നാന്നൂറിൽ താഴെയാണ്. സ്വകാര്യ മേഖലയുൾപ്പെടെ ആകെ ലഭ്യമാകുന്ന വെന്റിലേറ്ററുകൾ മൂവായിരത്തിനടുത്താണ്. രാജ്യത്താകെയുള്ള വെന്റിലേറ്ററുകൾ മുപ്പതിനായിരത്തിൽ താഴെയാണ്. പതിനായിരത്തിൽ അധികം പേർ രോഗ ബാധിതരായാൽ തന്നെ നമ്മുടെ സംവിധാനം ആകെ താറുമാറാകുന്ന സ്ഥിതിയാണുള്ളത്. ഇതുകൂടാതെ എൻ-95 മാസ്ക്കുകളും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ) രാജ്യത്ത് വളരെ കുറവാണെന്നത് യാഥാർത്ഥ്യമാണ്. ഇവയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കേണ്ടതുണ്ട്. പതിനയ്യായിരം കോടി രൂപയാണ് ഇതുൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ആരോഗ്യ സംവിധാനങ്ങൾക്കായി കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുളളത്. ഒരു വെന്റിലേറ്ററിന് മാത്രം പന്ത്രണ്ട് ലക്ഷത്തിലധികം രൂപ ചെലവാകുമ്പോൾ ഈ തുക എത്രമാത്രം അപര്യാപ്തമാണെന്ന് ഓർക്കണം.

രോഗവ്യാപനം അതിരൂക്ഷമായ ഇറ്റലിയിൽ ഒൻപത് ശതമാനം രോഗികൾ ആരോഗ്യ പ്രവർത്തകരാണ്. പിപിഇ സംവിധാനങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. സമീപകാലത്തൊന്നും ഇന്ത്യയിൽ ഫ്ളൂ രോഗം അത്ര നിരന്തരമായി പ്രത്യക്ഷപ്പെടാത്തതിനാൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ ശ്രദ്ധകാണിച്ചിട്ടുമില്ല. ആഗോള മാർക്കറ്റിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറിയതിനാൽ തദ്ദേശീയമായി ഇവ നിർമ്മിക്കുകയല്ലാതെ ഈ സാഹചര്യം മറികടക്കാനാകുമെന്ന് കരുതുന്നില്ല. രണ്ടായിരം പേർക്ക് ഒരു കിടക്ക എന്നാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. ബിഹാറിൽ ഇത് ഒരു ലക്ഷം പേർക്ക് ഒന്നെന്ന നിലയിലാണ്. ഗോവയിൽ ആയിരം പേർക്ക് 20 കിടക്കകൾ ഉണ്ട്. മഹാരാഷ്ട്രയിൽ ആയിരത്തി അഞ്ഞൂറ് പേർക്ക് ഒരു കിടക്ക വീതമാണ് ഉള്ളത്. സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളിൽ 69,434 കിടക്കകളും, 5,607 ഐ സി യു കിടക്കകളുമാണുള്ളത്. സർക്കാർ മേഖലയിലും സഹകരണ മേഖലയിലുമായി ഏകദേശം അമ്പതിനായിരം കിടക്കകളാണുള്ളത്. ആയിരം പേർക്ക് ശരാശരി നാല് കിടക്കകള്‍ കേരളത്തിലുണ്ടെന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ നേട്ടമാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഈ രീതിയിൽ തുടരുകയും അത് സമൂഹ വ്യാപനത്തിലേക്ക് കടക്കുകയും ചെയ്താൽ ഏഴ് ലക്ഷം കിടക്കകളുടെ കുറവ് വരും. ജനസാന്ദ്രത കണക്കിലെടുത്താൽ ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളത്തെയായിരിക്കും. രാജ്യത്ത് ഏറ്റവും അധികം ആധുനിക വൈദ്യസഹായ സംവിധാനങ്ങളും ആതുര വിദഗ്ധരും നഴ്സുമാരും പാരാമെഡിക്കൽ ബിരുദധാരികളും ഉള്ളത് കേരളത്തിലാണ്. 12 സർക്കാർ മെഡിക്കൽ കോളജുകളും 23 സ്വകാര്യ മെഡിക്കൽ കോളജുകളും ഉൾപ്പെടെ 35 മെഡിക്കൽ കോളജുകളുണ്ട്. ആകെ മൂന്നുറിലധികം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന മെഡിക്കൽ ബിരുദധാരികളും പതിനായിരങ്ങളാണ്. മലയാളികൾ ചികിത്സക്കായി ചെലവഴിക്കുന്ന തുക മറ്റ് സംസ്ഥാനങ്ങളുടേതിൽ നിന്നും എത്രയോ ഇരട്ടിയാണ്. ആരോഗ്യരംഗത്ത് സർക്കാർ സംവിധാനങ്ങളുടെ അവിസ്മരണീയവും അഭിമാനകരവുമായ ഇടപെടൽ നിപ്പാ വൈറസ് ബാധ സമയത്തും ഇപ്പോൾ ഈ കോവിഡ് 19 ന്റെ കാലത്തും നാം അനുഭവിക്കുകയാണ്. ഇതിനെല്ലാം ഒരു പരിധിയുണ്ട്. മലയാളികളായ 66 ശതമാനം രോഗികളും ഇന്ന് സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ രംഗത്ത് ചെലവഴിക്കുന്ന 75 ശതമാനം തുകയും കൈക്കലാക്കുന്നത് സ്വകാര്യ മേഖലയിലെ ആശുപത്രികളാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നമുക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ഏകദേശം 12 വർഷങ്ങൾക്കു മുമ്പ് പാർലമെന്റ് പാസ്സാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമമുണ്ട്. സ്വകാര്യ കുത്തക ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കുന്നതിന് ഏറ്റവും ശക്തമായ ആയുധമാണീ നിയമം.

കേരളം ഇത് ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. സ്വകാര്യ ആശുപത്രി ലോബി അത്രയും ശക്തമാണിവിടെ. ഔഷധ വ്യാപാര രംഗത്ത് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വന്നതോടുകൂടി സർക്കാർ ആശുപത്രികളിൽ വിലകുറവിൽ മരുന്ന് ലഭ്യമായി തുടങ്ങി. എന്നാൽ പൊതുമാർക്കറ്റിൽ ഇതിന്റെ ഗുണം പൊതുജനത്തിന് ലഭിക്കുന്നില്ല. ആരോഗ്യ രംഗത്ത് സമൂലമായ ഒരു മാറ്റം ഇനിയെങ്കിലും ഉണ്ടാകണം. സ്വകാര്യ മേഖലയെ നിർവ്വീര്യമാക്കാതെ തന്നെ പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യ സംവിധാനങ്ങൾ വർധിക്കണം. ശക്തമായ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ നിലവിലുള്ള കേരളത്തിന് ഈ രംഗത്ത് ഇനിയും മുന്നോട്ട് പോകാൻ കഴിയും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി അതിദയനീയമാണ്. മേഖലയ്ക്ക് ചെലവഴിക്കാൻ വേണ്ടി മാറ്റി വച്ചത് 4,71,378 കോടിയാണ്. ഈ കൊറോണക്കാലം ഒരു പാഠം നമുക്കു തരുന്നു. യഥാർത്ഥ ശത്രുവാരെന്ന് തിരിച്ചറിയാനുള്ള ശേഷി ഭരണകൂടങ്ങൾക്കുണ്ടാകണം. ദേശത്തിന്റെ അതിരിന്റെയോ മതത്തിന്റെ നിഷ്ഠകളുടെയോ കാവൽക്കാരാകാതെ മനുഷ്യ ജീവനുകളുടെ കാവൽക്കാരാകാനുള്ള ബുദ്ധിയാണ് നമുക്ക് വേണ്ടത്. യുദ്ധക്കോപ്പുകൾ വാങ്ങി കൂട്ടുന്നതിന് മത്സരിക്കാതെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ തുക കണ്ടെത്തണം. ലോകത്തെ ഭരണകൂടങ്ങൾ ഈ നിലയിലേക്ക് ഉയരുമെന്നുതന്നെ കരുതാം.

Eng­lish sum­ma­ry: This peri­od teach­es some lessons