August 11, 2022 Thursday

Related news

June 30, 2022
March 28, 2022
March 28, 2022
March 28, 2022
March 28, 2022
March 27, 2022
March 25, 2022
January 6, 2022
May 18, 2021
April 24, 2021

ഈ സമരെെക്യം തകര്‍ക്കാന്‍ അനുവദിച്ചുകൂട

Janayugom Webdesk
January 8, 2020 10:24 pm

നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രതിലോമ സാമ്പത്തിക, തൊഴില്‍ നയങ്ങള്‍ക്കും രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനും എതിരെ അതിശക്തമായ പ്രതിഷേധവും ചെറുത്തുനില്പുമായി ഇന്നലത്തെ ദേശീയ പണിമുടക്ക്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് സമരത്തില്‍ തൊഴിലാളികളും ജീവനക്കാരും കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപത്തിയഞ്ച് കോടിയിലധികം ജനങ്ങള്‍ പങ്കെടുത്തതായാണ് പ്രാഥമിക വിലയിരുത്തല്‍. അത് ഒരു പക്ഷെ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണിമുടക്ക് സമരമായി രേഖപ്പെടുത്തിയേക്കാം. ഉരുക്ക്, കല്‍ക്കരി, ഖനനം, പ്രതിരോധ വ്യവസായം, തുറമുഖം, എണ്ണ‑പ്രകൃതി വാതകം, ടെലികോം, ഊര്‍ജോല്‍പാദനം തുടങ്ങി തന്ത്രപ്രധാന പൊതുമേഖലാ വ്യവസായങ്ങള്‍ മുതല്‍ ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ വരെ പണിമുടക്കില്‍ നിശ്ചലങ്ങളായി. രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഗ്രാമീണ തൊഴിലാളികളും പണിമുടക്കില്‍ അണിനിരന്നതോടെ ഗ്രാമീണ ഇന്ത്യയാകെ ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരണാസിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഗോരഖ്പൂരും അക്ഷരാര്‍ത്ഥത്തില്‍ ബന്ദാചരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലാളിവര്‍ഗം സുദീര്‍ഘവും ത്യാഗപൂര്‍ണവുമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന താക്കീതാണ് പണിമുടക്ക് നല്‍കുന്നത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യപ്പെട്ട പണിമുടക്കിനു പിന്തുണ നല്‍കി കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അഭൂതപൂര്‍വ പ്രതിഷേധമായി മാറുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗര രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനും എതിരായ ദേശവ്യാപക സമരത്തിന്റെ മുദ്രാവാക്യങ്ങള്‍കൂടി ഏറ്റെടുത്തതോടെ ദേശീയ പണിമുടക്കിന് വ്യക്തമായ രാഷ്ട്രീയ ദിശാബോധം കെെവന്നു.

ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജനവിരുദ്ധ‑തൊഴിലാളി-കര്‍ഷകവിരുദ്ധ രാഷ്ട്രീയ‑സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന നാലാമത്തെ പൊതുപണിമുടക്കായിരുന്നു ഇത്. പൊതുപണിമുടക്കുകള്‍ക്കു പുറമെ തൊഴിലാളികളുടെയും കര്‍ഷകരുടെയും നിരവധിയായ സമരപരമ്പരകള്‍ക്കാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ അഭൂതപൂര്‍വമായ തകര്‍ച്ചയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത തൊഴിലില്ലായ്മയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. തൊഴിലില്ലായ്മ ഏഴരക്കോടി തൊഴില്‍രഹിതരുമായി സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ ശേഖരം ആവശ്യമായതിന്റെ ഇരട്ടിയിലധികം ഉള്ളപ്പോഴും അവയുടെ ചില്ലറവില വന്‍തോതില്‍ കുതിച്ചുയരുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ ഗ്രാമീണ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. രാജ്യത്തിന്റെ പൊതുസമ്പത്തായ പൊതുമേഖല കോര്‍പ്പറേറ്റ് പ്രീണനത്തിന്റെയും സാമ്പത്തിക കെടുകാര്യസ്ഥതയുടെയും ഭാഗമായി വിറ്റഴിക്കപ്പെടുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് 2.97 ലക്ഷം കോടി മൂല്യം വരുന്ന പൊതുമേഖലാ വ്യവസായങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ബിപിസില്‍, കണ്ടയ്‌നര്‍ കോര്‍പ്പറേഷന്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ എന്നിങ്ങനെ 76,000 കോടി രൂപ മൂല്യം വരുന്ന പൊതുമേഖലാ വ്യവസായങ്ങളാണ് ഇപ്പോള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്. അത്തരം പ്രതിലോമ നടപടികളെ എതിര്‍ക്കുന്ന തൊഴലാളിവര്‍ഗത്തിന്റെ സംഘടിതശേഷിയെ തകര്‍ക്കാനുള്ള കരിനിയമങ്ങള്‍ക്കാണ് മോഡി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. തൊഴിലാളികളുടെ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി വിലപേശാനുമുള്ള അവകാശങ്ങളുടെ കടക്കല്‍ കത്തിവയ്ക്കുകയാണ് ആ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. കാര്‍ഷികോല്പന്നങ്ങളുടെ തറവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ സമ്പദ്ഘടനയില്‍ സര്‍വനാശവും കര്‍ഷക ആത്മഹത്യാ പരമ്പരകളുമാണ് വരുത്തിവച്ചിരിക്കുന്നത്.

കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടയില്‍ നടക്കുന്ന നാലാമത്തെ ദേശീയ പണിമുടക്കിനെ ശ്രദ്ധേയമാക്കുന്നത് തൊഴിലാളികളും ജീവനക്കാരും കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും വിദ്യാര്‍ത്ഥികളുമടക്കം വിശാല ജനവിഭാഗങ്ങളെ പ്രക്ഷോഭത്തില്‍ അണിനിരത്താനായി എന്നതാണ്. അത് വിവിധ ജനവിഭാഗങ്ങളുടെ സാമ്പത്തിക, അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം എന്നതിലുപരി രാഷ്ട്രീയ സമരമാക്കി മാറ്റാനായി എന്നതാണ് ഈ സമരത്തെ വിഭിന്നമാക്കുന്നത്. സമ്പദ്ഘടനയും ജനജീവിതവും അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളെ വര്‍ഗീയത ഉയര്‍ത്തി വഴിതിരിച്ചുവിടാന്‍ മോഡി ഭരണവും ആര്‍എസ്എസ് ഹിന്ദുത്വ തീവ്രവാദ ശക്തികളും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ ജനകീയ ചെറുത്തുനില്പാക്കി മാറാന്‍ ഈ പണിമുടക്കിനു കഴിഞ്ഞിരിക്കുന്നു. അസാധാരണമായ രാഷ്ട്രീയ ഐക്യമാണ് തൊഴിലാളികളും കര്‍ഷകരും സാമാന്യ ജനവിഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. വളര്‍ന്നുവന്നിരിക്കുന്ന രാഷ്ട്രീയ സമരങ്ങള്‍ പ്രധാനമന്ത്രിയും ബിജെപി പ്രസിഡന്റുമടക്കം സംഘ്പരിവാര്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ജനങ്ങളുടെ ഈ ഐക്യം കാത്തുസൂക്ഷിക്കാന്‍ ട്രേഡ് യൂണിയനുകളും കര്‍ഷക ബഹുജന പ്രസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ ഐക്യം തകര്‍ക്കാതെ മോഡി ഭരണകൂടത്തിന് മുന്നോട്ടുപോകാനാവില്ല. ദേശീയ പണിമുടക്കിന്റെ അഭൂതപൂര്‍വമായ ഈ വിജയം ജനങ്ങളുടെ സമരെെക്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്.

Eng­lish sum­ma­ry: This strike should not be allowed to break


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.