പ്രൊഫ. ആദിനാട് ഗോപി

March 14, 2020, 10:51 pm

ഈ സൂര്യൻ അസ്തമിക്കുകയേ ഇല്ല

Janayugom Online
ജനയുഗം പ്രവർത്തകർക്കൊപ്പം

ചന്ദ്രനും നക്ഷത്രങ്ങളുമുണ്ടെങ്കിലും ഇല്ലെങ്കിലും മിന്നാമിനുങ്ങ് പ്രകാശിച്ചുകൊള്ളും. വേണമെന്നും വേണ്ടെന്നും ആരോടും അത് മിണ്ടുകയില്ല. അത് അതിന്റെ ഇഷ്ടം. കവിതയിലെ തുടക്കക്കാരനായിരുന്നപ്പോഴും മറ്റാരുടെയും ഇഷ്ടംനോക്കാതെ കവിതയെഴുതിയ ആളാണ് പുതുശേരി രാമചന്ദ്രൻ. എസ്എൻ കോളജങ്കണത്തിൽ പഠിപ്പ് മുടക്കി, കൊടിവീശീനടന്ന പുതുശേരിയെ വിളിച്ച് മലയാളം ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി നിയമിച്ചത് സമരം നല്ലതുപോലെ അറിയാവുന്ന ആർ ശങ്കർ സാർ. ഇവൻ കവിതയിലൂടെയും സമരം ചെയ്യുമെന്നും അത് സമൂഹത്തിനും കാലത്തിനും ആവശ്യമായി വരുമെന്നും മനസ്സിലാക്കിയാണ്. ആ പ്രതീക്ഷ വഴിമാറി ഒഴുകിയില്ല. മാമ്പൂമണം കൊണ്ടുവന്ന കാറ്റേ! എന്റെ മാടപ്പിറാവിനെ കണ്ടോ നീ? ഈ ശീലുകളിൽ പുതുശേരിയുടെ കാമുകമനസുണ്ട്. അത് ഏറ്റവും തേജസോടെ കണ്ണ് തുറക്കുന്നത് “ഓണത്തെക്കുറിച്ചോർക്കുമ്പോൾ’ എന്ന കവിതയിലാണെന്ന് ദൃഢമായി പറയാം. ഓണത്തെപ്പറ്റിപാടുമ്പോൾ എല്ലാവർക്കും ഓർക്കാൻ ഒരുപാട് സംഗതികൾ ഉണ്ട്. അരമനയിലെ ഓണവും ഇല്ലത്തെ ഓണവും. മുന്നൂറ്റിയറുപത്തിനാല് ദിവസവും അരവയർ കഞ്ഞി കണ്ണിമാങ്ങാ അച്ചാറും തൊട്ടുനക്കി ഒറ്റവീർപ്പിന് അകത്താക്കുന്ന അർധ പട്ടിണിക്കാരനും എല്ലാം ഓണം ഒരു ഉത്സവദിവസമാണ്.

അർധപട്ടിണിക്കാരന് ഒറ്റദിവസത്തെ തിരുവോണമാണ്. ഒരു മാസം ചില്വാനം കഴിഞ്ഞാൽ ഓണം വീട്ടിലേയ്ക്ക് കയറിവരും. പിന്നെ വീടെല്ലാം പരമാനന്ദംകൊണ്ട് നിറയും. അമ്മ കരിമുണ്ട് മാറി കരയുള്ള കോടിയുടുക്കും. അവരുടെ സാമ്പാറിൽ കഷണം അടുപ്പിൽ കിടന്ന് തിളച്ചുവെന്ത് അവരെക്കാൾ പൊക്കത്തിൽ ചാടും. പതയുന്ന എണ്ണയിൽ കിടന്ന് മുങ്ങിയും പൊങ്ങിയും പപ്പടം പൊട്ടിച്ചിരിക്കും. (മറ്റൊരു കവിതയുടെ ആശയാനുവാദം). വരേണ്യവർഗത്തിന്റെ ഓണത്തിന് പുതുമയില്ല. ആണ്ട് മുഴുവൻ ഓണമാഘോഷിക്കുന്നവരാണ് അക്കൂട്ടർ. കവിക്കും തിരുവോണം വന്നപ്പോൾ പല സ്മരണകളും സങ്കല്പങ്ങളും ഓണത്തെക്കുറിച്ച് ഉണ്ടാകേണ്ടതാണ്. പക്ഷേ അത് ഒരു കണം പൊട്ടിച്ചിതറിയതുപോലെയാകും. ഇത്രയും സത്യസന്ധമായ ഒരു പ്രേമഗാനമെഴുതി നമ്മെ കേൾപ്പിക്കാൻ കഴിഞ്ഞതിൽ നമുക്ക് വിസ്മയം കൊള്ളാം. പക്ഷേ വരാൻ പ്രതീക്ഷിക്കുന്ന സാമ്യവാദത്തിന്റെ സുമനസല്ലേ കവി വെളിവാക്കിയത്? പലതരം കാട്ടുപൂക്കൾ കണ്ണുതുറന്ന പുള്ളിപ്പാവാടയും പിന്നാതെ മുന്നോട്ടുകെട്ടിച്ചരിവിട്ട മിന്നും മുടിയിലെ തൂമുല്ലമാലയും മാലയ്ക്കുമീതേ പാറിപ്പറക്കുന്ന നീലക്കരിങ്കൂവളപ്പൂവിതളുകളും, പൂങ്കവിൾത്തട്ടിൽ കലാശത്തിനൊപ്പിച്ചു ചേങ്കിലകൊട്ടുന്ന സുവർണലോലക്കും ചെമ്പഴുക്കച്ചുണ്ടിൽ നിന്നൂറി തന്റെ കാതിലിമ്പമിയറ്റിയ മാവേലി ഗാനവും കമ്പം പിടിപ്പിക്കുന്ന ശാലീനകൗമാരം അയ്മ്പണിയിക്കുന്ന വദനസരോജവും അതിൽ വണ്ടിനെപോലെ വട്ടംപറക്കുന്ന ഇരുപുറത്തുമുള്ള അളകങ്ങളും മഞ്ഞക്കണിക്കൊന്ന പൂത്തപോലുള്ള മന്ദസ്മിതാർദ്രമധുരഭാവങ്ങളും.

“എൻ മുന്നിലോമനേ! നൃത്തമാണിന്നുമാ പൊന്നോണമെന്നോ മറഞ്ഞുപോയെങ്കിലും” കവി ആ സുന്ദരിയിലേക്ക് ചുരുങ്ങിപ്പോയി ഇളംപിറപോലെ മങ്ങി മറഞ്ഞില്ലാതാകുന്നു. ഈ പ്രേമസങ്കല്പവും പ്രണയപൂജയും അനന്വയമാണ്. പുതിയ കൊല്ലനും പുതിയൊരാലയും’ എന്ന പുസ്തകത്തിലെ, “കിനാവുകൾ നുള്ളുമ്പോൾ’ എന്ന കവിതയിലും കവിയും കവിയുടെ ഉദ്ധൃതി പ്രതീക്ഷകളും ആണ് മയിൽപ്പീലിയായി, മഴവില്ലായി, വർണമേഘങ്ങളായി ക്രമത്തിൽ ഉയരുന്നത്. താഴെ വീഴായ‌്‌വാൻ, തകർന്നടി‌വാ‌യ‌്‌വൻ എന്ന് മോഹിച്ചിട്ട് ആ സങ്കല്പങ്ങൾ പൊന്നിൻക്കിനാക്കളായി കടശിയിൽ സ്വയം സമ്മതിച്ചു കവി പിന്മാറുന്നു. ഈ സമാഹാരത്തിലെ സ്വപ്നത്തിൽ എന്ന കവിതയും കവിയുടെ അഴലോർമകൾ മേയുന്ന, ഇടം പോരാത്ത ഒരു പ്രേമഗാനം ആണ്. പുതുശേരിയുടെ കത്തും മറുപടിയും എന്ന കവിത വേണ്ടതിൽപരം സംസ്കാരവും പഠനഗുണവും ഉള്ള ഒരു കാമുകിയുടെയും കാമുകന്റെയും വിവാഹപ്പന്തലിലേയ്ക്ക് കയറാൻ ഉള്ള മര്യാദാപരമായ ആഗ്രഹത്തിന്റെ അടയാളമാണ്. ഇത്ര മധുരമായും ധീരമായും ദിവ്യമായും അത് ആവിഷ്കരിക്കാൻ പ്രേമകവിതകൾ എഴുതുന്നവരിൽ വളരെ കുറച്ചുപേർക്കേ സാധിക്കൂ. ആ കത്തും മറുപടിയും നമുക്കും വായിക്കാം. കത്തെഴുതുന്നത് കവിയുടെ മെയ്യിൽപ്പാതി പകുത്തു വാങ്ങിയിരിക്കുന്ന പ്രിയ തന്നെയാണ്. അവൾക്ക് അയാളോട് പറയാനുള്ളത് മുഴുവൻ പ്രകൃതിയിലെ ചില പ്രണയകലഹങ്ങളുടെ രംഗങ്ങൾ ചിത്രീകരിച്ച് അവർ നിർവഹിക്കുന്നു. ചുരണ്ടിനോക്കേണ്ടാത്ത ഒരു സാംസ്കാരികലേപനം പുതുശേരി കവിതയെഴുതാൻ ഉപയോഗിക്കുന്ന വാക്കിലും അതിന്റെ പൊരുളിലും ഉണ്ട്. ഇത് ജുഗുപ്സ ഒരിക്കൽപോലും വായിക്കുന്നവർക്ക് ഉണ്ടാകുകയില്ല. ഒരു “അഭിസാരിക’യുടെ പശ്ചാത്താപം ആത്മാവിന്റെ തേങ്ങലായി പുറത്തുകേൾക്കുമ്പോൾ വിചാരം മലിനമാകാൻ നല്ല സാധ്യതയുണ്ട്.

പക്ഷേ നെറ്റി ചുളിക്കാതെയും മൂക്കിൽ ചൂണ്ടുവിരൽ വയ്ക്കാതെയും ആർക്കും വായിക്കാവുന്ന അഭിസാരികയെയാണ് പുതുശേരി കണ്ടത്. അവൾക്ക് പേരുപോലും കവി കൊടുത്തില്ല. പുതുശേരിയുടെ ഏറ്റവും നല്ല കവിതകളിലൊന്നെന്ന് തിരുനെല്ലൂർകരുണാകരൻ ആസ്വാദകസാക്ഷ്യം പറയുന്ന കവിതയാണ് “തെരുവിലെ പെണ്ണ്’ യദൃച്ഛയാ വഴിതെറ്റി കവി ഒരു യുവാവിന്റെ മുന്നിലെത്തി. തിരുനെല്ലൂർ തന്നെ പറയട്ടെ- ““ഉന്മാദമാക്കാവുന്ന അന്തരീക്ഷവും കാമവാസനോദ്ദീപകവുമായ വർണനത്തിന് വഴങ്ങികൊടുക്കുന്ന ചഞ്ചല താരുണ്യവും അടുത്തുണ്ടായിരുന്നിട്ടുകൂടി കവി തന്റെ മേലും വാക്കുകളുടെമേലും ഏർപ്പെടുത്തിയ നിയന്ത്രണം, ” കവി അപ്പോൾ ആ കപട സാംസ്കാരികൻ അല്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ടു. തന്റെ സമീപത്ത് എന്തുംചെയ്യാൻ സ്വാതന്ത്യ്രം തന്നിട്ടുള്ള ഒരു സന്ദർഭത്തിൽ അവൾ എത്തിച്ചേർന്നത് മാത്രമല്ല, അവൾ കൺകളാൽ ചുണ്ടുകൾ കോർക്കും വിരുതുള്ളവളാണെന്ന് കവി കണ്ടുറപ്പിക്കുകയും തലകുനിച്ച് കാലിലെ തള്ളവിരൽകൊണ്ട് തറയിൽ എഴുതുന്നത് കാണുകയും ചെയ്തിരിക്കുന്നു. എന്നിട്ടും. തെരുവിലെക്കൊച്ചുപെങ്ങളായീ ഞാൻ ഒരു വകയിൽ നിന്നാങ്ങളയല്ലേ? എന്ന് ഉറപ്പുപറഞ്ഞുകൊണ്ട് കവി ആ നിരാധാരയായ പെണ്ണിനെ പെങ്ങളാക്കി തന്റെ ഹൃദയത്തിന്റെ തറയിൽ കാലിഞ്ച് ഭൂമിയും കൊടുത്തു.

ഒരു ബലാൽസംഗനാടകത്തിന്റെ യവനിക ഉയരാൻ കവിയുടെ പിത്രാർജിത സംസ്കാരം അനുവദിച്ചില്ല. തന്റെ കവിത്വം സാർത്ഥകമാകണമെങ്കിൽ ഇവളെപ്പോലെ അനാഥകൾ നാട്ടിലുണ്ടാകില്ലെന്നും അതിനുവേണ്ടിക്കൂടി തന്റെ കവിത്വശക്തി ഉപയോഗിക്കുമെന്നും കവി പ്രതിജ്ഞയെടുക്കുന്നു. കവിയുടെ ജീവിതാഭിരതിയെ ഉദ്ദീപിപ്പിക്കുന്നതും സ്വാനുഭവാനുഭൂതി ഉളവാക്കുന്നതുമായ മറ്റൊരു കവിതയാണ് “നിത്യകാമുകൻ’. ഒരിക്കൽ കവി ക്ഷയരോഗബാധിതനാണെന്ന് വൈദ്യശാസ്ത്രം പ്രഖ്യാപിച്ചു. പഴുത്ത ഇല കൊഴിയാറായി എന്ന് കവിയുടെ ഹൃദയം ആത്മാലാപം ചെയ്തു. ജീവിതത്തെ അത്രയേറെ സ്നേഹിക്കയാൽ ജീവിതം കവിക്ക് നിത്യകാമുകിയായി. ““തുടരെത്തുടരെ ഞാൻ നിൻ ചുണ്ടിൽ നിന്നും നൂറു- ചുടുചുംബനത്തിന്റെ പൂവുകളിറുത്തിട്ടും പിന്നെയും തുരുതുരെ മൊട്ടിട്ടു നിൽക്കുന്നവ ഒന്നൊന്നായിത്തകർത്തു ഞാൻ നിൻമാറിലമരുമ്പോൾ തെണ്ടിയി… ബ്ഭീരുച്ചെക്കൻ പതുങ്ങിപ്പതുങ്ങിയി ചെണ്ടറുക്കുവാൻ നാളെയരിവാൾ കൊണ്ട‌്‌വന്നാലും ഓമനേ! യവനേറിവരുമത്തേരിൻ ചാവി- യാണിയൂരിനീ ദൂരേക്കെറിയാൻ മറക്കല്ലേ” ചങ്ങമ്പുഴയെപോലെ എന്തുവന്നാലും മുന്തിരിച്ചാറുപോലുള്ള ജീവിതം പുതുശേരിക്കും ആസ്വദിക്കണമത്രേ. പുതുശേരിയുടെ ദേശീയബോധത്തിനും പല മുഖങ്ങൾ ഉണ്ട്. അവയിലൊന്ന് ഭാരതത്തിലെ പൗരാണിക മഹത്ത്വത്തോടുള്ള ആദരവാണ്. വള്ളത്തോൾക്കവിതകളും മറ്റും പഠിച്ചുനേടിയ സംസ്കാരത്തിന്റെ ഫലമാണതെന്ന് നിർവിവാദമായിപ്പറയാം.