തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകത്തില്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Web Desk
Posted on May 10, 2019, 8:55 pm

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകത്തില്‍ അമ്മയെ അറസ്റ്റ് ചെയ്ത്
ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടു. രണ്ടാം പ്രതിയായിട്ടാണ് കുട്ടിയുടെ അമ്മയെ പൊലീസ് അറസറ്റ് ചെയ്തത്. ഒന്നാം പ്രതിയും അമ്മയുടെ സുഹൃത്തുമായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദി(36)നെ നേരത്തെ പൊലീസ് അറസ്റ്റ്
ചെയ്തിരുന്നു. അരുണ്‍ ഇപ്പോള്‍ മുട്ടം സബ് ജയിലില്‍ റിമാന്‍റിലാണ്. കുറ്റകൃത്യം മറച്ച് വയ്ക്കല്‍, തെളിവ് നശിപ്പിക്കാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

മാനസികാസ്വാസ്ഥ്യത്തിന് എറണാകുളത്ത് ചികിത്സയിലായിരുന്ന യുവതിയെ പൊലീസ്
കസ്റ്റഡിയിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ
യുവതിക്ക് ജാമ്യം ലഭിച്ചു. കുത്താട്ടുകുളത്തെ കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാലനീതി നിയമം 75-ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍
ശിശുക്ഷേമ സമിതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുട്ടികളെ
ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ
ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക
ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75-ാം
വകുപ്പിന്റെ പരിധിയില്‍ വരുന്നത്.

മരിച്ച കുട്ടിയുടെ ഇളയ സഹോദരന്‍ ഇപ്പോള്‍ അച്ഛന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് കുട്ടിയെ വിട്ടു നല്‍കിയത്. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിര്‍ദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം ഇവര്‍ക്കൊപ്പം കഴിയും.

മാര്‍ച്ച് 28നാണ്കു മാരമംഗലത്തെ വാടകവീട്ടില്‍ വച്ച് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. പത്തു ദിവസം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം ആറിന് കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

കുട്ടിയുടെ മരണ ശേഷം ഒന്നാം പ്രതിക്കെതിരേ പോസ്‌കോയും നരഹത്യക്കും കേസെടുത്തെങ്കിലും രണ്ടാം പ്രതിയായ കുട്ടിയുടെ അമ്മക്കെതിരേ നടപടിയെടുക്കുവാന്‍ പൊലീസ് അലംഭാവം കാട്ടുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിപിഐ പൊലീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്ത സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വരികയും കേസന്വേഷണം ക്രൈംബ്രാഞ്ചിനോ മറ്റ് അന്വഷണ ഏജന്‍സികള്‍ക്കോ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നിയമപ്രകാരം ചൈല്‍ഡ്
വെല്‍ഫെയര്‍ കമ്മറ്റി പോക്‌സോ നിയമപ്രകാരം കുട്ടിയുടെ അമ്മക്കെതിരേയും
കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് ഇടുക്കി
എസ്പി കെ ബി വേണുഗോപാല്‍ നിയമോപദേശം തേടിയ ശേഷം ഇന്ന് അമ്മയെ അറസ്റ്റ്
ചെയ്യുകയായിരുന്നു.

തൊടുപുഴ മുട്ടം ഫസ്റ്റ് ക്ലാസ് മിജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്,സിഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അമ്മയെ അറസ്റ്റു ചെയ്തത്. കുറ്റകൃത്യത്തില്‍ നേരിട്ടു
പങ്കാളിയല്ലായെ കാരണത്താലാണ് മുട്ടം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

YOU MAY ALSO LIKE THIS: