തോമസ് ചാണ്ടി രാജിവച്ചു

Web Desk
Posted on November 15, 2017, 12:51 pm

തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. ഇനിയും മന്ത്രിയായി തുടരാന്‍ താനില്ലെന്ന് ചാണ്ടി വ്യക്തമാക്കി. എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍മാസ്റ്റര്‍ തോമസ്ചാണ്ടിയുടെ രാജികത്ത് മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ കുറച്ച് മാസങ്ങളായി കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള കേസില്‍ തോമസ് ചാണ്ടി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു.

മന്ത്രിസഭാ യോഗത്തിലാണ് തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ സന്നദ്ധനാണെന്നും സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കി.

പിണറായി മന്ത്രിസഭയിലെ രാജിവയ്ക്കുന്ന മൂന്നാമത്തെ എല്‍ഡിഎഫ് മന്ത്രിയാണ് തോമസ് ചാണ്ടി. ഇ.കെ ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് നേരത്തെ രാജിവച്ച മന്ത്രിമാര്‍.

മന്ത്രിസഭാ യോഗത്തിന് മുമ്പുതന്നെ തോമസ് ചാണ്ടി രാജിവെയ്ക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ചാണ്ടിയുടെ രാജി ഒരു നിമിഷം പോലും വൈകരുത് എന്നായിരുന്നു സിപിഐയുടെ നിലപാട്.

മുഖ്യമന്ത്രി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.

തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാക്കാല്‍ രൂക്ഷ പരാമര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു.

‘ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നു രാജി വെച്ചതിനു ശേഷം തോമസ് ചാണ്ടി പറഞ്ഞു. രാജി വെച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു അടിസ്ഥാനവും ഇല്ലാത്ത ഒരു ശതമാനം ആത്മാര്‍ത്ഥതയില്ലാത്ത വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കേരളത്തിലെ ഒരു ചാനല്‍ ഏറ്റെടുത്തത്. അത് കണ്ടപ്പോള്‍ റേറ്റിങ് കൂട്ടാനായി മറ്റു ചാനലുകളും അത് ഏറ്റെടുത്തു. എല്‍ഡിഎഫ് നേതൃത്വമോ എന്‍സിപി നേതൃത്വമോ അത് ഏറ്റെടുത്തിരുന്നില്ല. മാധ്യമങ്ങള്‍ രാജി രാജി എന്ന് പറഞ്ഞു. ഞാന്‍ ഉള്‍പ്പെടയുള്ള പാര്‍ട്ടി നേതൃത്വവും, ജനങ്ങളും അന്തം വിട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 90 ശതമാനം തെറ്റുകളുണ്ട്. റിസോര്‍ട്ടിരിക്കുന്ന ഭാഗത്ത് സ്വന്തം പേരില്‍ ഭൂമിയില്ല. ഒരു ശതമാനം പോലും സത്യമില്ലാത്ത ആരോപണമാണിത്. ജഡ്ജിയുടെ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്. എന്‍സിപിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മാറി നില്‍ക്കാം എന്ന് മുഖ്യമന്ത്രിയോട് അങ്ങോട്ട് പറഞ്ഞതാണ്. രാജിയ്ക്ക് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. 5 ദിവസം മുമ്പ് രാജിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

 

 

 ഫോട്ടോ: രാജേഷ് രാജേന്ദ്രൻ