കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥി; മാണി ഗ്രൂപ്പ് പിളര്‍പ്പിലേക്ക്

Web Desk
Posted on March 11, 2019, 11:06 pm

ജോമോന്‍ വി സേവ്യര്‍

തൊടുപുഴ: മുതിര്‍ന്ന നേതാവ് പി ജെ ജോസഫിനെ തള്ളി കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍പ്പിലേക്ക്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍. പകല്‍ മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ രാത്രി വൈകി ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
തൊടുപുഴയില്‍ യോഗം ചേര്‍ന്ന ജോസഫ് വിഭാഗം, ഭാവിപരിപാടികള്‍ യുഡിഎഫുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അറിയിച്ചു. അസാധാരണമായ പ്രഖ്യാപനമാണുണ്ടായതെന്ന് യോഗശേഷം പി ജെ ജോസഫ് പ്രതികരിച്ചു. തീരുമാനമെടുത്തത് കേട്ടുകേള്‍വിയില്ലാത്ത സംഘടനാ രീതിയിലൂടെയായിരുന്നു. തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലയിലെ ചിലരുടെ വികാരം മാത്രമാണ് പരിഗണിച്ചത്. മത്സരിക്കണമോ എന്ന കാര്യം മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് കെ എം മാണി പറഞ്ഞു.
കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന് ഇന്നലെ വൈകിട്ട് ദൂതന്‍ വഴി കെ എം മാണി ജോസഫിനെ അറിയിച്ചിരുന്നു. ഔദ്യോഗികമായി സീറ്റില്ലെന്ന വിവരം തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് ജോസഫ് അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പി ജെ ജോസഫിന്റെ വീട്ടില്‍ ഒത്തു കൂടിയത്. യോഗം നടന്നുകൊണ്ടിരിക്കേയാണ് കോട്ടയത്ത് ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവന്നത്.
മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജോസഫ് ഗ്രൂപ്പ് യോഗം നടന്നത്. സംസ്ഥാനത്ത് പലയിടത്തും ജോസഫ് വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് ജോസഫ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയും അറിയിച്ചിട്ടുണ്ട്.
മാണി വിഭാഗവുമായുള്ള ബന്ധം വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനാണ് ജോസഫ് അടിയന്തിരമായി തന്റെ വിശ്വസ്തരെ വിളിച്ചു കൂട്ടിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദവും ഇതിനായുണ്ട്. മാണിയുടെയും മകന്റെയും ഏകാധിപത്യത്തിനെതിരെ മാണി വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇവര്‍ ജോസഫ് ഗ്രൂപ്പുമായി ചേര്‍ന്നാണ് കഴിഞ്ഞ കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നത്. ജോസഫ് പാര്‍ട്ടി വിട്ടാല്‍ ജോസഫിനൊപ്പം ഇവരും പോകുമോയെന്ന ഭയം മാണിക്കും മകന്‍ ജോസ് കെ മാണിക്കും ഉണ്ട്. ഇത്തരം നേതാക്കളെ മാണിയും മകനും അനുനയിപ്പിക്കാന്‍ ദൂതന്മാര്‍ മുഖേന ശ്രമം നടത്തി വരികയാണെന്നും സൂചനയുണ്ട്.
പാര്‍ട്ടി പിളര്‍ത്തുന്നതിന് ജോസഫിന് മുന്നില്‍ പ്രധാന തടസമായി നില്‍ക്കുന്നത് കൂറുമാറ്റ നിരോധന നിയമമാണ്. ആറ് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫിനൊപ്പം മോന്‍സ് ജോസഫ് മാത്രമേയുള്ളൂ. നാല് എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടി പിളര്‍ത്തി പ്രത്യേക പാര്‍ട്ടിയായി മാറിയാല്‍ കൂറു മാറ്റ നിരോധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കു.
ഇതിനിടെ എംഎല്‍എ സ്ഥാനം രാജിവച്ചാണെങ്കിലും മാണിയുടെയും മകന്റെയും അവഗണന സഹിച്ച് പാര്‍ട്ടിയില്‍ തുടരാതെ പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തന്നെ തുടരാനുള്ള തീരുമാനം എടുക്കണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രണ്ടാം നിര നേതാക്കളും ജോസഫിനെ ഉപദേശിച്ചിരിക്കുന്നത്.
പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ജനാധിപത്യരീതിയിലാണ് തന്നെ പാര്‍ട്ടി തീരുമാനിച്ചതെന്ന് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിക്കപ്പെട്ട തോമസ് ചാഴിക്കാടന്‍ പ്രതികരിച്ചു. താനടക്കം പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി തീരുമാനം അന്തിമമായി എല്ലാവരും അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.