തോമസ് കുക്ക് അടച്ചുപൂട്ടി.; ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി

Web Desk
Posted on September 23, 2019, 12:01 pm

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി.
ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി. തോമസ് കുക്കിനെ പാപ്പരായും പ്രഖ്യാപിച്ചു. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി. ലോകത്തൊട്ടാകെ ആറു ലക്ഷത്തിലേറെ ബുക്കിങുകളും കമ്പനി റദ്ദാക്കി. 16 രാജ്യങ്ങളിലായുള്ള കമ്പനിയുടെ 21,000 ജീവനക്കാര്‍ക്ക് ജോലിയും നഷ്ടപ്പെടും. 9000 പേരും ബ്രിട്ടനിലാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സി പാപ്പരായതായി പ്രഖ്യാപനം വന്നിരിക്കുന്നത്, കടക്കെണിയില്‍ മുങ്ങിയ കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണെന്ന് കമ്പനി പ്രതികരിച്ചു. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.
20,000 കോടി രൂപയ്ക്കു തുല്യമായ കടമാണ് തോമസ് കുക്കിന് ഉള്ളത്. 2008ല്‍ സാമ്പത്തിക മാന്ദ്യത്തിനു തുടക്കം കുറിച്ച് അമേരിക്കയിലെ ലേ മാന്‍ ബ്രദേഴ്‌സ് ബാങ്ക് തകര്‍ന്നതിനു സമാനമായ സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.
കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ അതിയായ ദുഃഖമുണ്ടെന്ന് സിഇഒ പീറ്റര്‍ ഫാന്‍കോസര്‍ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാന്‍ വഴിയൊരുങ്ങിയതായിരുന്നുവെന്നും എന്നാല്‍ അവസാന ദിവസങ്ങളില്‍ വെല്ലുവിളിയായെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
അതേസമയം തോമസ് കുക്ക് മുഖേന വിമാനയാത്രകളും ഹോട്ടല്‍ ബുക്കിങ്ങുകളും ചെയ്തവരാണ് യൂറോപ്പിന്റെ പലഭാഗത്തായി കുടുങ്ങിപ്പോയിരിക്കുന്നത്. ഇവരില്‍ മിക്കവരും വിനോദസഞ്ചാരികളാണ്. അതേസമയം, യൂറോപ്പിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം.
രണ്ടാഴ്ചക്കുള്ളില്‍ തോമസ് കുക്ക് മുഖേന യാത്രയ്ക്കായി നേരത്തെ ബുക്ക് ചെയ്തവരെയെല്ലാം സൗജന്യമായി ബ്രിട്ടനില്‍ തിരികെ എത്തിക്കുമെന്നും ആരും യാത്ര വെട്ടിച്ചുരുക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചെത്തിക്കല്‍ യജ്ഞമായിരിക്കും ഇതെന്നും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അധികൃതര്‍ പറയുന്നു
അതേസമയം, ബ്രിട്ടനിലെ തോമസ് കുക്കുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തോമസ് കുക്ക് ഇന്ത്യ അറിയിച്ചു.