March 30, 2023 Thursday

സിഎജി അന്തിമ റിപ്പോർട്ടിന്റെ നാല് പേജുകൾ ഡൽഹിയിൽ വെച്ച് എഴുതി ചേർത്തത്: തോമസ് ഐസക്ക്

Janayugom Webdesk
ആലപ്പുഴ
November 17, 2020 2:58 pm

കേരളത്തിന്റെ വികസനങ്ങൾക്ക് തുരങ്കം വെയ്ക്കുവാൻ സിഎജി റിപ്പോർട്ടിന്റെ നാല് പേജുകൾ ഡൽഹിയിൽ വെച്ച് എഴുതി ചേർത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ പേജുകൾ കറട് റിപ്പോർട്ടിലില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നുള്ളതല്ല പ്രധാനം. അതിൽ പറഞ്ഞിരിക്കുന്ന വാദങ്ങൾ കേരള വികസനത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് ചർച്ച ചെയ്യേണ്ടത്. സിഎജിയുടെ നിഗമനങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുവാൻ യു ഡി എഫ് തയ്യാറാകണം. ഇതിനെ പറ്റി ഇതുവരെ പ്രതികരിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസന നയങ്ങൾക്കെതിരെ വൻ ഗൂഢാലോചന നടക്കുന്നുവെന്നതാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇത് കേരളത്തിന്റെ ഭാവിയുടെ പ്രശ്നം കൂടിയാണ്.ഇതിനെ ചെറുക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കരട് റിപ്പോട്ടിലില്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ വന്നത് ചെറിയ കളിയല്ല. കേരളത്തെ വെട്ടിലാക്കാനുള്ള നീക്കമാണിത്. സംസ്ഥാനവുമായി ചർച്ച ചെയ്യാതെയാണ് സിഎജി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നില്ല. സംസ്ഥാനം അറിയുന്നതിന് മുൻപ് തന്നെ പലകാര്യങ്ങളും മറ്റ് വഴിയിലൂടെ പുറത്താവുകയാണ്. പടിപടിയായി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

കിഫ്ബി വായ്പകൾ സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളല്ല. കണ്ടിജന്റ് ബാധ്യതകൾ മാത്രമാണ്. സിഎജി ഓഡിറ്റ് ഇപ്പോൾ നടക്കുമ്പോൾ കിഫ്ബി എടുത്ത ആകെ വായ്പകൾ 3000 ൽപ്പരം കോടി രൂപയാണ്. എന്നാൽ അതിനേക്കാൾ കൂടുതൽ തുക നികുതി വിഹിതമായി സർക്കാർ നൽകിയിട്ടുണ്ട്. കിഫ്ബി സംസ്ഥാന സർക്കാരല്ല. സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒരു കോർപ്പറേറ്റ് ബോഡിയാണ്. അതിന് ബാധ്യതയെടുക്കാൻ കേന്ദ്രത്തിന്റെ ആവശ്യമില്ലെന്ന് ഭരണഘടനയിൽ തന്നെ പറയുന്നുണ്ട്. കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതിന് റിസർവ്വ് ബാങ്ക് വ്യവസ്ഥകൾ പാലിക്കുകയും അവരുടെ അനുവാദം വാങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭരണഘടനാ പരമായി അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Thomas issac on CAG report
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.