August 19, 2022 Friday

Related news

February 1, 2022
November 17, 2021
July 12, 2021
July 10, 2021
June 7, 2021
June 6, 2021
May 1, 2021
April 30, 2021
April 30, 2021
April 30, 2021

പദ്ധതി ചെലവ് യുഡിഎഫ് കാലത്തെക്കാൾ മെച്ചം: ധനമന്ത്രി

Janayugom Webdesk
December 14, 2019 10:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും പദ്ധതി ചെലവ് യുഡിഎഫ് കാലത്തെ അപേക്ഷിച്ച് മെച്ചമാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. സംസ്ഥാനത്ത് ധനപ്രതിസന്ധി ആരോപിച്ച്, കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ച ധവളപത്രത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ന് സംസ്ഥാനത്തുള്ള രൂക്ഷമായ ധന ഞെരുക്കത്തിന് കാരണം, കേന്ദ്രസർക്കാർ 6,500 കോടി രൂപയുടെ വായ്പ വെട്ടിക്കുറച്ചതാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തും പബ്ലിക്ക് അക്കൗണ്ടിൽ നിന്നുള്ള നിക്ഷേപം വർദ്ധിച്ചിട്ടുണ്ട്. അന്നൊന്നും വായ്പ വെട്ടിക്കുറച്ചിട്ടില്ല. എന്നാൽ ഇപ്പോൾ, പ്രതികാര ബുദ്ധിയോട് കൂടിയാണ് പ്രളയത്തിൽ തകർന്ന കേരളത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത്.

കേന്ദ്രനികുതി വിഹിതത്തിൽ 5,600 കോടി രൂപയാണ് ബജറ്റിൽ പറഞ്ഞതിനേക്കാൾ കുറയുന്നത്. ഇതിന് പുറമേയാണ് ഡിസംബർ മാസത്തിലേതടക്കം 3,200 കോടി രൂപ നഷ്ടപരിഹാരം നൽകാതിരിക്കുന്നത്. ഇത്ര ഭീമായ കേന്ദ്ര സഹായ ഇടിവിനെ താങ്ങി നിർത്താൻ ഏതെങ്കിലും സംസ്ഥാന സർക്കാരിന് കഴിയുമോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ തനതു വരുമാനത്തിലും മാന്ദ്യം മൂലം 5,000 കോടിയിൽ പരം രൂപ കുറവുണ്ടാവും എന്നാണ് കരുതുന്നത്. കിഫ്ബിയെ കുറിച്ചുള്ള പതിവ് വിമർശനങ്ങളും പ്രതിപക്ഷനേതാവിന്റെ ധവളപത്രത്തിലുണ്ട്. ഇത് തന്നെയാണ് കേരളത്തിലെ ജനങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്. നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയുള്ള സമാനതകൾ ഇല്ലാത്ത ഈ പാക്കേജ് സ്വപ്നം കാണാൻ പോലും യുഡിഎഫിനാവില്ല. അതുകൊണ്ട് കേരളത്തിൽ എമ്പാടും നടക്കുന്ന കിഫ്ബിയിലൂടെയുള്ള പദ്ധതികൾ പൂർത്തീകരിക്കണമെങ്കിൽ ഇടതുപക്ഷത്തിന് തുടർഭരണം നൽകണമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ധവളപത്രത്തിൽ പറയുന്നതു പോലെ കേരളത്തിൽ ഒരു വികസനസ്തംഭനവും ഇല്ല എന്നു കണ്ണു തുറന്നു പുറത്തേക്ക് നോക്കുന്ന ഏതൊരാൾക്കും കാണാം. 2016–17 നും 2018–19 നും ഇടയിൽ റവന്യുക്കമ്മി 2.51 ശതമാനത്തിൽ നിന്നു 1.68 ശതമാനമായും ധനക്കമ്മി 4.29 ശതമാനത്തിൽ നിന്നു 3.06 ശതമാനമായും കുറഞ്ഞു. ഇക്കാലയളവിൽ കടബാധ്യതയുടെ അനുപാതം 30 ശതമാനത്തിൽ തന്നെ തുടർന്നു. എൽഡിഎഫ് സർക്കാരിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ സർക്കാരിന്റെ മൊത്തം ചെലവ് ഏതാണ്ട് 16 ശതമാനം വീതം വളർന്നു. യുഡിഎഫ് ഭരണ കാലത്ത് ഈ വർദ്ധന 15 ശതമാനത്തിൽ താഴെയായിരുന്നു. ധന പ്രതിസന്ധി ഏറ്റവരും രൂക്ഷമായ നടപ്പ് സാമ്പത്തിക വർഷത്തിൽ പോലും സെപ്തംബർ വരെ മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർദ്ധന ചെലവിൽ ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേയാണ് കിഫ്ബി വഴിയുള്ള അന്യാദൃശ്യമായ മൂലധന മുതൽമുടക്ക്.

45,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നല്കി നിർവ്വഹണത്തിന്റെ പല ഘട്ടങ്ങളിലാണ്. ഉമ്മൻ ചാണ്ടി സർക്കാരും അതിനു മുൻപുള്ള വി എസ് സർക്കാരും, എ കെ ആന്റണി സർക്കാരും ചേർന്ന് കഴിഞ്ഞ 15 വർഷങ്ങളിൽ മൊത്തം ബജറ്റിൽ നിന്നുള്ള മൂലധന മുടക്ക് ആകെ 40,000 കോടിയേ വരൂ. ഈ സർക്കാരിന്റെ കാലത്ത് ധവളപത്രപ്രകാരം തന്നെ ബജറ്റിൽ നിന്നുള്ള ഇത് വരെയുള്ള മൂലധന ചെലവ് 35,000 കോടി വരും. ധവളപത്രക്കാരുടെ സംഭാവന ഊതിപെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവൻ ധനമന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കലും ആണ്. ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനവും താഴെക്കാണ്. ജിഎസ്‌ടി നികുതി ചോർച്ച തടയുന്നതിന് ആവശ്യമായ മിനിമം സംവിധാനം ഒരുക്കാൻ ഇനിയും കേന്ദ്രസർക്കാരിന് കഴിയാത്തതും തിരിച്ചടിയായി.

വാർഷിക റിട്ടേണുകൾ നൽകാനുള്ള തീയതി അനന്തമായി നീണ്ടുപോയി. ഇതുമൂലം ഈ വർഷവും ജിഎസ്‌ടി കോംപൻസേഷൻ പരിധിക്ക് മുകളിലേക്കു പോകാൻ കേരളത്തിന് കഴിയില്ല. അങ്ങനെ ഒരു സാഹചര്യം വന്നിട്ട് വാറ്റ് കുടിശിക പിരിക്കാം എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അല്ലാത്ത പക്ഷം കുടിശിക പിരിച്ചതെല്ലാം കോംപൻസെഷനിൽ തട്ടി കിഴിച്ചു പോകും. അത് കൊണ്ട് 30 ശതമാനം വർദ്ധന എന്നത് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഡിസംബർ മാസത്തിൽ വാർഷിക റിട്ടേണുകൾ ആദ്യമായി കിട്ടും എന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.