ജിഎസ്‌ടി സെസ് ഏർപ്പെടുത്തുന്നത് നിരുത്തരവാദപരം; ധനമന്ത്രി തോമസ് ഐസക്

Web Desk

തിരുവനന്തപുരം

Posted on May 23, 2020, 9:08 pm

ജിഎസ്‌ടിക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള കേന്ദ്രനീക്കം നിരുത്തരവാദപരമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരളം അതിനെ അനുകൂലിക്കില്ലെന്നും കോവിഡ് കാലം കഴിഞ്ഞ് നികുതിയെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല രാജ്യത്തും സംസ്ഥാനത്തുമുള്ളത്. നികുതി വര്‍ധിപ്പിച്ചാല്‍ ജനങ്ങളുടെ മേലുള്ള ഭാരം കൂടും. ജിഎസ്‌ടി വരുമാനം കുറഞ്ഞുവരുന്ന ഘട്ടത്തില്‍ കേന്ദ്രം ആഗ്രഹിക്കുന്ന വരുമാനം സെസില്‍ നിന്ന് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് കൂടുതൽ സംസ്ഥാനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാനാക്കുക. സെസ് ഏർപ്പെടുത്തൽ തീരുമാനം നടപ്പാകാനിടയില്ലെന്നും സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം അതിന് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞ സമയത്ത് വിലവര്‍ധനവ് വരുന്ന രീതിയില്‍ നികുതി വര്‍ധിപ്പിക്കുന്നത് ശരിയല്ല. കഴിഞ്ഞ ജിഎസ്‌ടി കൗണ്‍സില്‍ ഇതുപോലെ നിര്‍ദ്ദേശം വച്ചെങ്കിലും എല്ലാ സംസ്ഥാനങ്ങളും എതിര്‍ത്തെന്നും മന്ത്രി വ്യക്തമാക്കി. ആപത് ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറാന്‍ തയ്യാറാകാതെ ദുര്‍വാശി കാട്ടുകയാണ് കേന്ദ്രസർക്കാർ.

you may also like this video;


കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം ശുഭകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം കൈമാറണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം ന്യായമാണ്. കമ്പനികളുടെ ഗോഡൗണുകളില്‍ ഇപ്പോള്‍ സാധനങ്ങള്‍ കെട്ടികിടക്കുന്നുണ്ട്. അത് വിറ്റഴിക്കുന്നതിനാണ് ആദ്യം മുന്‍ഗണന നല്‍കേണ്ടത്. അതിന് ജനങ്ങള്‍ക്ക് പണം കൈമാറണം. ഗോഡൗണുകളില്‍ ഉല്പന്നങ്ങള്‍ വച്ചിട്ട് ബിസിനസുകാര്‍ക്ക് വായ്പ ലഭിച്ചിട്ട് എന്താണ് കാര്യമെന്നും ഐസക് ചോദിച്ചു.വോട്ടിന് വേണ്ടി ചിലരെ പ്രീതീപ്പെടുത്താന്‍ നികുതി കുറച്ചതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാണുന്നതെന്നും ഐസക് പറഞ്ഞു.

രാജ്യത്തെ വ്യവസായിക രംഗം ഉള്‍പ്പെടെയുള്ള മേഖലകള്‍ വലിയ തോതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സംസ്ഥാനത്തിന്റെ ധനസ്ഥിതി അനുസരിച്ച് 40 ശതമാനം നികുതി വരുമാനമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന് വേണ്ടി മദ്യശാലകൾ തുറക്കേണ്ട കാര്യമില്ലെന്നും, വ്യാജവാറ്റ് പെരുകുന്നതിലാണ് തന്റെ ആശങ്കയെന്നും ഐസക് പറഞ്ഞു.