Sunday
21 Apr 2019

പാകിസ്ഥാന്‍ പ്രയോഗം: അമിത് ഷായ്‌ക്കെതിരെ രാഹുലിന്‍റെ നാവു പൊങ്ങാത്തതെന്തെന്ന് തോമസ് ഐസക്

By: Web Desk | Friday 12 April 2019 5:47 PM IST


കൊച്ചി: വയനാടിനെ അമിത് ഷാ പാകിസ്ഥാന്‍ എന്നു വിളിച്ചാക്ഷേപിച്ചിട്ട് ചുട്ട മറുപടി കൊടുക്കാന്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്ക്ക് ഇതേവരെ നാവു പൊങ്ങാത്തതെന്ന് ഡോ. ടി എം തോമസ് ഐസക്ക്. വയനാടിനെ പാകിസ്താന്‍ എന്നുവിളിച്ചാക്ഷേപിച്ചിട്ട് ദിവസം രണ്ടു തികയുന്നു. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാണ് അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഹീനമായ ഈ അധിക്ഷേപത്തിനെതിരെ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതെന്തെന്നും ഐസക്ക് ചോദിച്ചു.

അമിത്ഷായ്ക്ക് ശക്തമായ മറുപടി ഇടതുപക്ഷത്തു നിന്നായിരുന്നു. നിശിതമായ ഭാഷയില്‍ത്തന്നെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. അമിത്ഷായുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലും ഇടതുപക്ഷ അനുഭാവികളും പ്രവര്‍ത്തകരുമാണ് സംഘപരിവാറിന്റെ ഇത്തരം വാദങ്ങള്‍ക്ക് കണക്കിനു മറുപടി പറഞ്ഞു പോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രീട്ടീഷുകാര്‍ക്കെതിരെ ജീവന്‍ നല്‍കി പോരാടിയ പഴശിരാജയുടെ മണ്ണാണ് വയനാട്. ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പ് ആക്രമിച്ച് ഭടന്മാരെ വകവരുത്തിയ കുറിച്യപ്പടയുടെ പാരമ്പര്യം പേറുന്ന നാട്. ആ നാടിനെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യസമര പാരമ്പര്യത്തെത്തന്നെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്, തോമസ് ഐസക് വ്യക്തമാക്കി.

ബിജെപിയുടെ അധിക്ഷേപങ്ങളോടു പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയും വയനാട് ജനതയെ അപമാനിക്കുകയാണ് ചെയ്തത്. ഈ മൗനത്തിനും അധിക്ഷേപത്തിനുമുള്ള വീറുറ്റ മറുപടി ഇടതുപക്ഷം നല്‍കും. ആ മറുപടിയുടെ തുടക്കമാണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന റോഡ് ഷോ. ഇറക്കുമതി റോഡ്‌ഷോയുടെ ആവേശമല്ല ആ നാടു കണ്ടത്. ചരിത്രപാഠങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആത്മാഭിമാനമുള്ള ജനത കടലുപോലെ ഇരമ്പുകയായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ കണക്കുകൂട്ടലും വയനാട് ജനത തെറ്റിക്കുമെന്നും ഐസക്ക് പറഞ്ഞു.

Related News