October 1, 2022 Saturday

അസമത്വം ഇല്ലാതാക്കിയാൽ ഇന്ത്യക്ക് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം; തോമസ് പിക്കറ്റി

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
May 21, 2020 11:03 pm

സമൂഹത്തിലെ അസമത്വം മാറ്റാനുള്ള നടപടികൾ സ്വീകരിച്ചാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ഫ്രഞ്ച് സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ആഗോളശക്തിയാകാനുള്ള എല്ലാ ശേഷിയും ഇന്ത്യക്കുണ്ട്. ഈ ലക്ഷ്യത്തിൽ എത്തുന്നതിന് രാജ്യത്ത് ഇപ്പോഴും തുടരുന്ന സാമ്പത്തിക അസമത്വം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരു നിശ്ചിത വരുമാനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിലൂടെ ഒരുക്കുന്ന ഒരു സാമൂഹ്യ സുരക്ഷാ വലയത്തിന് കാര്യക്ഷമമായ പുരോഗതി ഉറപ്പാക്കാൻ കഴിയും. പാവപ്പെട്ട ജന വിഭാഗങ്ങൾക്ക് വരുമാനം ഉറപ്പാക്കാതെയുള്ള ലോക്ഡൗൺ തീരുമാനം പ്രതിസന്ധി രൂക്ഷമാക്കാൻ മാത്രമേ ഉതകൂ. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരു നിശ്ചിത വരുമാനം എന്ന ആശയം 2016–17 ലെ സാമ്പത്തിക സർവേയിൽ അന്നത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം മുന്നോട്ടുവച്ചിരുന്നു.

സ്വത്ത് നികുതി, പരമ്പരാഗതമായി ലഭിക്കുന്ന സ്വത്തിൻമേലുള്ള നികുതി തുടങ്ങിയ തീരുമാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ഭൂപരിഷ്കാരങ്ങൾ, സ്വത്തിന്റെ പുനർവിഭജനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങൾക്കായി കൂടുതൽ ഫണ്ടുകൾ അനുവദിക്കുക, തുല്യമായ നികുതി സംവിധാനം തുടങ്ങിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം.

സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങൾ, രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് സമൂഹത്തിൽ വിഭാഗീയ സംഘർഷങ്ങൾ വളരാനുള്ള കാരണങ്ങളെന്ന് കൊറോണ വ്യാപനത്തിന് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിക്കറ്റി പറഞ്ഞിരുന്നു. ഇതിന് തടയിടാൻ സാമ്പത്തിക സമത്വം ഉറപ്പാക്കുന്നതാണ് പരിഹാരമാർഗമെന്നും പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറായ പിക്കറ്റി പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.