തൂവല്‍വിരലാല്‍ നീ തലോടും തംബുരു

Web Desk
Posted on July 14, 2019, 7:23 pm

ഡോ. എം ഡി മനോജ്

പാട്ടില്‍ പ്രണയം ഭംഗിയായി അടുക്കിവയ്ക്കുക എന്നത് ഒരു വാസ്തുവിദ്യയാണ.് ദൂരെനിന്ന് ഒരു പാട്ടിനെ അളക്കാവുന്ന ഒരിന്ദ്രജാലത്തേക്കാള്‍ സമീപത്തുവന്ന് അതിലെ ഭാവനയുടെ അതിരുകള്‍ കാണുമ്പോള്‍ കിട്ടുന്ന അനുഭവമാണ് അതിന്റെ മനോഹാരിത. പാട്ടിന്റെ സര്‍ഗ്ഗാത്മക യാത്രയിലെ സഹയാത്രികനാകാന്‍ കൊതിക്കുന്ന ഒരാള്‍ അതിലെ ഏകാന്തമായ ഒരു ഭാവഭൂമികയെ സാര്‍ത്ഥകമായി അറിയേണ്ടിവരുന്നുണ്ട്. അത്തരമൊരു പാട്ടിനെയാണ് നമ്മുടെ മനസ് ആരോരുമറിയാതെ പിന്തുടരുക. പാട്ടിലെ അനുഭൂതി തരുന്ന വികാര പ്രപഞ്ചമാണ് നമ്മെ വീണ്ടുമതിനെ സ്വന്തമാക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഏതാനും വാക്കുകളിലൂടെയും സിനിമാത്മകമായ ആഖ്യാന സന്ദര്‍ഭങ്ങളിലൂടെയും പാട്ടില്‍ ഭാവത്തിന്റെ സമുച്ചയം പണിതുയര്‍ത്തപ്പെടുകയാവാം. ഇങ്ങനെയുള്ള പാട്ടിലേക്കൊരു പര്യടനം നടത്തിയ ഈണമനുഭവിപ്പിക്കുന്ന മറ്റൊരു മാന്ത്രികതയുടെ ഉത്കൃഷ്ടമായ മാതൃകകള്‍ കാണാനാകും. ‘ഓമനത്തിങ്കള്‍’ (1983) എന്ന സിനിമയിലെ ‘യവനപുരാണ നായകന്‍’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഈണത്തില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള വിസ്മയങ്ങള്‍ പാട്ടിനെ എങ്ങനെ ഒരു മാന്ത്രിക വിദ്യയാക്കി മാറ്റുന്നു എന്നറിയാന്‍ കഴിയുന്നു. ബിച്ചുതിരുമലയുടെ വരികള്‍ക്ക് എം ബി ശ്രീനിവാസന്‍ ഈണമിട്ട് യേശുദാസ് പാടിയ ഈ ഗാനം നമ്മെ ഏത് പ്രണയനിര്‍ഭര നിമിഷങ്ങളിലും സ്വപ്ന വിഷാദങ്ങളിലും ഏകാന്തതകളിലും ഒരുപോലെ ആഹ്ലാദിപ്പിക്കുന്നു. ഈണത്തെ ധ്വനിപ്പിക്കുന്ന വാക്കുകളുടെ സര്‍ഗാത്മകതയെ അനുയാത്ര ചെയ്യാനും നാം തയ്യാറാകുകയാണ്. പാട്ടുണ്ടാക്കുന്ന പ്രണയത്തിന്റെ സന്ദര്‍ഭങ്ങളെ നാം തിരിച്ചറിയുന്നു.

‘യവന പുരാണ നായകന്‍, ഏതോ ഗന്ധര്‍വ്വ ഗായകന്‍
വീണയൊന്നു മീട്ടിയപ്പോള്‍, ഗാനമൊന്നുപാടിയപ്പോള്‍
നൗകകള്‍ താനേ നദിയിലിറങ്ങി നീന്തിനടന്നു പോലും’

പാട്ടിലൊരു മിത്തിനെ പുനര്‍നിര്‍മ്മിക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണിവിടെ ബിച്ചുതിരുമല നടത്തുന്നത്. മിത്തിലെ കാല്‍പനികമായ പ്രണയാദര്‍ശത്തെ പാട്ടിന്റെ വേറിട്ട തീരങ്ങളിലേക്കുള്ള സഞ്ചാരമായി കാണാനാവും. പാട്ടില്‍ അതിനെ ചേരുംപടി ചേര്‍ത്തുകൊണ്ട് പാട്ടെഴുത്തുകാരന്‍ പുതിയ ജീവിത സങ്കല്‍പത്തിന്റെ ഭൂപടങ്ങള്‍ വരയ്ക്കുന്നു. ഇവിടെ പാട്ടിന്റെ കടിഞ്ഞാണ്‍ എംബിഎസിന്റെ കയ്യില്‍ത്തന്നെയാണ്. മിത്തിനെയും ഓര്‍മ്മയെയും പാട്ടിലെ സമകാലിക സന്ദര്‍ഭങ്ങളെയും ഒരുപോലെ കോര്‍ത്തിണക്കുകയായിരുന്നു അദ്ദേഹം. പ്രണയികളുടെ പിടച്ചിലുകള്‍ പോകപ്പോകെ തന്റെയും കൂടിയാണെന്ന് കേള്‍വിക്കാരന്‍ മനസിലാക്കുന്നു. യവനപുരാണത്തിലെ ഓര്‍ഫ്യൂസ് എന്ന ഗായകനെ പരാമര്‍ശിച്ചാണ് ഈ പാട്ടാരംഭിക്കുന്നത്. ഓര്‍ഫ്യൂസിനെ ഗ്രീക്ക് പുരാണത്തില്‍ സംഗീതകലയുടെ ആചാര്യനായാണ് കണക്കാക്കുന്നത്. പാട്ടിന്റെയും ആലാപനത്തിന്റെയും മഹിമയാല്‍ ഈ ലോകത്തിലെ സകലചരാചരങ്ങളെയും വശീകരിക്കുവാന്‍ കഴിവുണ്ടായിരുന്നു ഓര്‍ഫ്യൂസിന്. സംഗീതം കൊണ്ട് ജീവികളെ ആകര്‍ഷിക്കാനും മരങ്ങളെയും പാറകളെയും മറ്റും നൃത്തം ചെയ്യിക്കാനും പുഴയുടെ പ്രവാഹഗതിയെ നിലപ്പിക്കാനുമെല്ലാം ഓര്‍ഫ്യൂസിന്റെ സംഗീതത്തിന് കഴിഞ്ഞിരുന്നുവെന്നതാണ് ഐതിഹ്യം. ഭാര്യയായ യൂറിഡിസ് സര്‍പ്പദംശനത്താല്‍ കൊല്ലപ്പെട്ട് പരലോകം പൂകിയപ്പോള്‍ ദുഃഖിതനായി അവളെ തിരിച്ചുകൊണ്ടു വരാന്‍ അവിടെ ചെല്ലുകയുണ്ടായി ഓര്‍ഫ്യൂസ്. അയാളുടെ സംഗീതത്തിന്റെ ഭംഗിയില്‍ ആകൃഷ്ടരായ ദൈവങ്ങള്‍ യൂറിഡിസിനെ ഓര്‍ഫ്യൂസിന് തിരിച്ചു നല്‍കുകയും ചെയ്തു. മനുഷ്യാതീതമായ സംഗീതസിദ്ധികളുള്ള ഗന്ധര്‍വ്വ ഗായകനായിരുന്നു ഓര്‍ഫ്യൂസ്. അദ്ദേഹത്തിന്റെ മെലഡിയെയും സംഗീതത്തെയും മറികടക്കാനായി ഈ ലോകത്താരും ഉണ്ടായിരുന്നില്ല. ഓര്‍ഫ്യൂസിന്റെ ഈ മിത്തിനെയാണ് ബിച്ചുതിരുമല ഈ പാട്ടിന്റെ പല്ലവിയാക്കി മാറ്റിയത്. എഴുത്തിന്റെ മാന്ത്രികവേഗം കൊണ്ടും ലാളിത്യംകൊണ്ടും വിസ്മയിപ്പിക്കുന്നതാണ് പാട്ടിലെ ബിച്ചുസ്പര്‍ശം. ഇതിന് ആസ്വാദകലോകത്തില്‍ വലിയ പ്രിയതയും സ്വീകാര്യതയുമുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് പാട്ടെഴുതുന്നതിന്റെ നീതിയും ജൈവികമായ കരുത്തുമാണ് ബിച്ചുതിരുമലയെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. കവിതയില്‍ നിന്നും ഗാനത്തെ വേര്‍തിരിച്ചുകാണുന്ന സവിശേഷവും എന്നാല്‍ വ്യത്യസ്തവുമായ വൈകാരിക പ്രപഞ്ചത്തെയാണ് ബിച്ചുതിരുമല പ്രയുക്തമാക്കുന്നത്.

https://youtu.be/CLXuKEZcnvo

വലിയ അനുഭവങ്ങളെ ഗാനങ്ങളില്‍ സംഗ്രഹിക്കുകയും പ്രേക്ഷകനും ശ്രോതാവിനും മുമ്പില്‍ സൗമ്യമായി പാട്ടുസന്ദര്‍ഭത്തെ വിന്യസിക്കുകയും ചെയ്യുന്ന രീതിയാണ് ബിച്ചുതിരുമല ഈ പാട്ടിലും പിന്തുടരുന്നത്. പാട്ടില്‍ ദൃശ്യതയുടെ സമീപദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതികൂടിയാണിത്. നിത്യാനുരാഗിയായ ഒരാള്‍ പ്രണയിനിയെ ആരാധനയോടെ കാണുന്ന നിമിഷങ്ങള്‍ക്കാണ് ഈ പാട്ട് സാക്ഷ്യം വഹിക്കുന്നത്.

‘നിന്റെ മടിയില്‍ വീണും നിന്റെ മാറില്‍ചാഞ്ഞും
തൂവല്‍വിരലാല്‍ നീതലോടും തംബുരുവായെങ്കില്‍’

ഹൃദയാരാധനയുടെ പാട്ടാണിത്. സംഗീതവും പ്രണയവും ഒന്നാകുന്ന അപൂര്‍വ്വനേരങ്ങള്‍ സംഗീതാടയാളങ്ങള്‍ മുഴുവനും ഈ പാട്ടില്‍ അവിടവിടെയായി വിതറിയിട്ടുണ്ട്. തംബുരു, പല്ലവി, നാദലയം, സ്വരസുധ, പുല്ലാങ്കുഴല്‍, സാധകം എന്നിങ്ങനെ.….‘എന്റെ ശ്രുതിലയനാദലഹരിയില്‍ എല്ലാം സ്വയമലിയും പ്രപഞ്ചം നമ്മളിലേക്കൊതുങ്ങും’ എന്നാണ് അനുപല്ലവി അവസാനിക്കുന്നത്. ‘നിന്റെ ചൊടിയില്‍ പൂത്തും നിന്റെ നാവില്‍ മേഞ്ഞും ഓമലേ ഞാന്‍ നിന്നിലൂറും പല്ലവിയായെങ്കില്‍’ എന്ന ചരണത്തിലെ വരിയില്‍ പ്രണയാര്‍ച്ചനയുടെ സമ്മോഹനസംഗീതം നാമറിയുകയാണ്. വിശുദ്ധമായൊരു പ്രണയത്തിന്റെ സംഗീതമാണിവിടെ സഫലമാകുന്നത്. പ്രണയിനിയുടെ സ്വന്തമായിത്തീരാന്‍ കൊതിക്കുന്ന കാമുകനില്‍ നിറയുന്നൊരു കാല്‍പനികഭാവം മുഴുവനുമുണ്ട്, ഈ പാട്ടില്‍. അത് മാംസ നിബദ്ധമല്ലാത്ത സ്‌നേഹത്തിന്റെ മധുര സ്മൃതി കൂടിയായിത്തിരുന്നു. വാക്കുകളുടെ പ്രാസദീക്ഷകളില്‍ ബിച്ചുതിരുമല നിലനിര്‍ത്തിപ്പോരാറുള്ള ആഭിമുഖ്യം ഈ പാട്ടിന്റെ പല്ലവിയിലുമുണ്ട്. ‘നൗകകള്‍ താനേ നദിയിലിറങ്ങി നീന്തി നടന്നു പോലും’ എന്ന വരിയിലുമുണ്ട് ഇത്തരം അക്ഷരങ്ങളുടെ ആവര്‍ത്തനഭംഗികള്‍. സ്വപ്നസന്നിഭമായ ഒരു കാഴ്ചയായി പാട്ടിനെ രൂപാന്തരപ്പെടുത്തുന്ന നേരം, കഥാപാത്രാനുഭവങ്ങളെ സവിശേഷവികാരത്തിന്റെ വരുതിയില്‍ നിര്‍ത്തി വാക്കിന്റെ സന്ദര്‍ഭൗചിത്യത്തില്‍ പൊലിപ്പിച്ചെടുക്കുന്ന കലയ്ക്കാണ് ബിച്ചുതിരുമല പ്രാധാന്യം നല്‍കിയത്. കഥയും കവിതയും മിത്തും അനുഭവിപ്പിക്കുന്ന പാട്ടായി മാറുകയാണിത്. കാല്‍പനിക ഭാവനയുടെയും ആന്തരിക സംഗീതത്തിന്റെയും മായിക സൗന്ദര്യം ഈ പാട്ടിലുണ്ട്.
മലയാളത്തില്‍ എം ബി ശ്രീനിവാസന്‍ കൊണ്ടുവന്ന സംഗീത വഴി ഭാവാത്മക മെലഡിയുടേതായിരുന്നു. മൗനത്തിന്റെ ഭാവസംഗീതമെന്നു പറയാവുന്നതായിരുന്നു അത്.

ഭാവവിലോലവും കാല്‍പനികവുമായി ഈ പാട്ടിനെ മാറ്റിയത് എംബിഎസി ന്റെ ഈണമായിരുന്നു. പാട്ടിന്റെ വരികളില്‍ മൗനത്തിന്റെ ശ്രുതിചേര്‍ത്ത് എംബിഎസ് അതിന്റെ ഭാവപക്ഷത്തെ കോമളമാക്കിമാറ്റി, മലയാള സിനിമാ സംഗീതത്തിലെ സാര്‍ത്ഥകമായ ഒരു ഭാവ നിമിഷത്തെയാണ് ഈ പാട്ട് പ്രതിനിധാനം ചെയ്യുന്നത്. ഭാവവും ലയവും ഒരു പോലെ കൂട്ടിയിണക്കിയ കോമ്പസിഷന്‍. അര്‍ഥഭംഗിയോടെ സംഗീതത്തിന്റെ ലിറിക്കല്‍ ക്വാളിറ്റി സംരക്ഷിക്കുക കൂടി ചെയ്യുകയാണ് എം ബി ശ്രീനിവാസന്‍. സംഗീതത്തിന്റെ ആന്തരിക ലോകത്തില്‍ കേന്ദ്രീകരിച്ചു മുന്നേറുന്ന ഒരു വിസ്താരശൈലിയും എംബിഎസ് ഈ പാട്ടില്‍ ആവര്‍ത്തിക്കുകയുണ്ടായി. ശില്‍പഘടന അനുഭവിപ്പിക്കുന്ന ഒരു സംഗീതത്തില്‍ ശ്രദ്ധിക്കുമ്പോള്‍ത്തന്നെ മെലഡി, കാവ്യഗുണം, അലങ്കാരം, ധ്വന്യാത്മകത, ഭാവതലം എന്നിവയിലും എംബിഎസ് സൂക്ഷ്മത പുലര്‍ത്തിയെന്നതും ഈ പാട്ടിനെ ഉയര്‍ത്തുന്നു. യതീന്ദ്രദാസ് സംവിധാനം ചെയ്ത ഈ സിനിമയില്‍ വേണുനാഗവള്ളിയുടെ കഥാപാത്രമാണ് യവനപുരാണനായകന്‍ എന്ന പാട്ട് അവതരിപ്പിക്കുന്നത്.

അതിരില്ലാത്തൊരു പ്രണയത്തിന്റെ സംഗീത സ്ഥലികള്‍ ഈ പാട്ടില്‍ അവശേഷിക്കുകയാണ്. പ്രണയവും സംഗീതവും ഒന്നാണെന്നുറപ്പിക്കുന്നതും അഭിസംബോധന ചെയ്യുന്നതുമായ സങ്കല്‍പങ്ങളുടെ സഞ്ചയത്തിനാണ് എംബിഎസ് തന്റെ ഈണം കൊണ്ട് ജീവന്‍ നല്‍കുന്നത്. ഒരേ സമയം ഓര്‍മ്മ, ഭാവന, മിത്ത്, ദൃശ്യാംശം എന്നിവയൊക്കെ കൂട്ടിയിണക്കി പാട്ടിലെഴുതുകയായിരുന്നു ബിച്ചുതിരുമല. ഈണത്തിന്റെ മായികതയുടെ ആഴ മുഹൂര്‍ത്തങ്ങള്‍ എംബിഎസ് സൃഷ്ടിച്ചെടുക്കുന്നത് അദ്ദേഹത്തിന്റെ പരിചിത വഴികളിലൂടെയാണെങ്കിലും അതിലും പുതുമയുടെ നിറങ്ങള്‍ വന്നുചേരുന്നു. പ്രണയംകൊണ്ട് ഉന്മാദിയാകുന്ന കേള്‍വിക്കാരനെപ്പോലെയാകുന്നു നാമോരോരുത്തരും. ഒരു മിത്തിന്റെ ഉത്സവഭൂമിയിലേക്കുള്ള നടത്തത്തില്‍ തുടങ്ങി പാട്ടില്‍ വാക്കുകളുടെ സുന്ദരവിന്യാസം സൗമ്യമാകുകയാണ് എം ബി ശ്രീനിവാസന്റെ ഈണത്തില്‍. കേള്‍വിക്കാരന്റെ ആത്മാവിനെ ചുംബിക്കുന്ന ഈണത്തിന്റെ സമൃദ്ധിയിലാണ് ഈ പാട്ടിന്റെ നില്‍പ്. കേള്‍വിയുടെ സ്വാസ്ഥ്യത്തിലും സായൂജ്യത്തിലുമണച്ച വിലപിടിച്ച വിനാഴികകള്‍ സമ്മാനിക്കുന്ന ഈ പാട്ട് എക്കാലവും ആസ്വാദകന്റെ ഹൃദയഗീതമായി ഇന്നും തുടരുകയാണ്.