Janayugom Online
thoppil bhasi

തോപ്പില്‍ ഭാസിക്കൊരു സര്‍ഗാത്മക സ്മാരകം

Web Desk
Posted on June 09, 2019, 7:06 am

അനില്‍മാരാത്ത്

മധ്യതിരുവിതാംകൂറിലെ ഓണാട്ടുകരയുടെ മണില്‍ നിന്ന് കേരളക്കരയാകെ പടര്‍ന്ന ചുവന്ന സര്‍ഗ വസന്തിത്തിന്റെ പരാണ് തോപ്പില്‍ഭാസി. കലയും കമ്മ്യൂണിസവും കൈകള്‍കോര്‍ത്തു സൃഷ്ടിച്ച സര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുന്‍നിരപോരാളി. അമ്പതുകളിലും അറുപതുകളിലും പരിവര്‍ത്തനത്തന്റെ പടയോട്ടം നയിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ നമ്മുടെ നാടിന്റെ ഭാഗധേയം തിരുത്തിക്കുറിച്ച മഹാനായ നാടകാചാര്യന്‍. കെപിഎസി എന്ന ജനകീയ നാടകപ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനായ തോപ്പില്‍ ഭാസി കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ വീറുറ്റ സംഘാടകന്‍ എന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. ചരിത്രത്തില്‍ ഒരു ശോണരേഖയായി മാറിയ തോപ്പില്‍ഭാസിയുടെ ആവേശോജ്ജ്വലമായ സ്മരണ കാല്‍നൂറ്റാണ്ട് പിന്നിട്ട വേളയില്‍ കേരള സംഗീത നാടക അക്കാദമിയുടെ പ്രൗഢമായ അക്ഷരോപഹാരമാണ് ‘കേളി‘യുടെ വിപ്ലവം ഞൊറിയിട്ട നാടകക്കാലമെന്ന പതിപ്പ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയതയ്ക്ക് അസ്തിവാരം ഒരുക്കിയ നാടകസംഘമാണ് കെപിഎസി. കേരളത്തെ ആധുനികവും നവീനവുമാക്കിയ ചുവന്ന ദശകങ്ങള്‍ എന്നറിയപ്പെടുന്ന 1950 കളിലും 1960 കളിലും കെപിഎസി നടത്തിയ ജൈത്രയാത്ര ചരിത്രം രേഖപ്പെടുത്തിയതാണ്. ജനപ്രിയവും കലാമൂല്യം തികഞ്ഞതും വിമോചനാത്മകവുമായ ഉള്ളടക്കമുള്ള നാടകങ്ങളാണ് കെപിഎസിയുടേത്. 1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറാന്‍ അടിത്തറ ഒരുക്കിയത് കെപിഎസി നാടകങ്ങളാണന്ന് ഈ രംഗത്തുള്ള ആധികാരിക പഠനങ്ങള്‍ ചുണ്ടിക്കാട്ടുന്നു. വയലേലകളിലും ചകിരിക്കളങ്ങളിലും ഫാക്ടറിപ്പണിയിടങ്ങളിലും ബീഡിക്കമ്പനികളിലും അടിമത്ത തുല്യ ജീവിതം നയിച്ച തൊഴിലാളികള്‍ രാഷ്ട്രീയ വിദ്യാഭ്യാസവും സാമൂഹ്യ ജീവി എന്ന ആത്മവിശ്വാസവും പക്വതയെയും നല്‍കിയത് കെപിഎസി നാടകങ്ങളാണ്. മലയാളികള്‍ക്ക് മാനവികതയുടേ സ്വപ്നം കാണാന്‍ പ്രാപ്തി നല്‍കിയ കെപിഎസിയും തോപ്പില്‍ഭാസിയും നാടകത്തില്‍ ഒരു നവോത്ഥാനകാലം തന്നെ സൃഷ്ടിച്ചു. പുതിയ കാലത്തെ നാടക വിചാരത്തിന്റെ രീതിശാസ്ത്രത്തിനുമുന്നില്‍ ഭാസിയുടെ നാടകങ്ങള്‍, രംഗവും ഗ്രന്ഥവും ഉള്‍പ്പെടെ എപ്രകാരമാണ് സ്ഥാനപ്പെടുത്തിയതെന്ന പ്രസക്തമായ ഒരുന്വേഷണമാണ് കേരള സംഗീത നാടക അക്കാദമി ഈ പതിപ്പില്‍ നിര്‍വ്വഹിക്കുന്നതെന്ന് സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ മുഖവുരയില്‍ സൂചിപ്പിക്കുന്നു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒളിവിലെ ഓര്‍മ്മകള്‍, സര്‍വ്വേക്കല്ല്, മുടിയനായ പുത്രന്‍, മൂലധനം, അശ്വമേധം, കയ്യും തലയും പുറത്തിടരുത്, പാഞ്ചാലി, തുലഭാരം, വിശക്കുന്നകരങ്കാലി എന്നീ നാടകങ്ങളെ കെ ടി കുഞ്ഞിക്കണ്ണന്‍, കരിവെളളൂര്‍ മുരളി, ഡോ. പി എസ് ശ്രീകല, കോയമുഹമ്മദ്, ഡോ. കെ എം അനില്‍, ഡോ. ജാന്‍സി വിബിന്‍, സേവ്യര്‍ പുല്‍പ്പാട, ഡോ. പി എസ് രാധാകൃഷ്ണന്‍, ഡോ. എം എസ് ശീലാറാണി, ഡോ. എ എം റീന എന്നിവര്‍ ഗൗരവകരമായ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നു.


തോപ്പില്‍ഭാസിയെന്നെ കമ്മ്യൂണിസ്റ്റ് കലാകാരന്റെ ധര്‍മ്മ സങ്കടങ്ങളും സര്‍ഗ്ഗ ധീരതയും, പിരപ്പന്‍കോട് മുരളി വരച്ചുകാട്ടുന്നു. തോപ്പില്‍ ഭാസിയുടെ നാടകങ്ങളുടെ പുതിയ പഠനം അക്കാദമിക് പണ്ഡിതന്‍മാരുടെ നാടക മാനദണ്ഡങ്ങള്‍ വെച്ചു കൊണ്ടാവരുതെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് കലാകാരന്റെ ആത്മനൊമ്പരങ്ങളും പരിവര്‍ത്തനേച്ഛയും മാനവികതയില്‍ അധിഷ്ഠിതമായ ശുഭാപ്തിവിശ്വാസവും കൈമോശം വരാതെയാണ് തോപ്പില്‍ഭാസി നാടകങ്ങള്‍ രൂപപ്പെടുത്തിയതെന്ന് പിരപ്പന്‍കോട് കൂട്ടിച്ചേര്‍ത്തു. മാറ്റത്തിന് കൊതിച്ച കേരളീയ മനസില്‍ തേന്‍കിണ്ണമായി തുളുമ്പിയ ഒരു പാട് നാടകഗാനങ്ങള്‍ കെപിഎസിയുടേതായിട്ടുണ്ട്. വൈദ്യുതിയും മൈക്കുമില്ലാത്ത സ്റ്റേജുകളില്‍ തൊണ്ട തുറന്ന് ആവുന്നത്ര ഉച്ചത്തില്‍ പാടി അഭിനയിച്ച നാടക കലാകാരന്‍മാരുടെ സ്വരം കേള്‍ക്കാന്‍ ആയിരക്കണക്കിനു വരുന്നകാണികള്‍ ക്ഷമയോടെ നിശബ്ദരായി ഇരിക്കുമായിരുന്നു. ആ ഗാനശാഖയുടെ വഴിയിലൂടെയാണ് കെ എം രാഘവന്‍ നമ്പ്യാരും വി ടി മുരളിയും സഞ്ചരിച്ചത്.

Thoppil bhasi

Thop­pil bhasi

‘കെപിഎസി യുടെ നാലക്ഷരത്തിന്റെ നക്ഷത്രകാന്തി’ എന്ന ഡോ. വള്ളിക്കാവ് മോഹന്‍ദാസിന്റെ ലേഖനം സംഭവബഹുലമായ കെപിഎസിയുടെ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്. ‘ഒളിവിലെ ഓര്‍മ്മകള്‍’ എന്ന ആത്മകഥയെക്കുറിച്ച് കെ പി മോഹനന്‍കുമാറും തോപ്പില്‍ഭാസിയുടെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് മധു എ ഷീലാകുമാരിയും ചലച്ചിത്ര ജീവിതത്തെക്കുറിച്ച് ഡോ. ആര്‍ വി എം ദിവാകരനുമാണ് എഴുതിയിട്ടുള്ളത്. എന്തുകൊണ്ടും കെപിഎസി യുടെ ചരിത്രത്തോടു ചേര്‍ത്തു വെയ്ക്കാവുന്നതാണ് തോപ്പില്‍ഭാസി പതിപ്പ്. നാടക ഗവേഷകര്‍ക്ക് എന്നും സൂക്ഷിച്ചു വെയ്ക്കാന്‍ അസാധാരണമായ ഒരു മുതല്‍ക്കൂട്ട്. അത്യപൂര്‍വ്വ ഫോട്ടോകള്‍ കൊണ്ട് സമ്പന്നം. എഡിറ്റിംഗ് ഒരു കലയും സൗന്ദര്യമാണെന്ന് കേളിയുടെ മുന്‍ലക്കങ്ങളിലൂടെ തെളിയിച്ച വര്‍ക്കിംഗ് എഡിറ്റര്‍ ഭാനുപ്രകാശ് വളരെ ഭംഗിയായാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. നാടക രംഗത്തെ മഹാപ്രതിഭയായിരുന്ന തോപ്പില്‍ ഭാസിക്ക് തികച്ചും ഉചിതമായ അക്ഷരപ്രണാമമാണ് കേരള സംഗീത നാടക അക്കാദമി സമര്‍പ്പിച്ചിട്ടുള്ളത്.