Janayugom Online
World environment day

വൃക്ഷത്തൈകളില്‍ പകുതിയിലധികവും അതിജീവിച്ചതായി സര്‍വേ റിപ്പോര്‍ട്ട്

Web Desk
Posted on June 09, 2018, 5:03 pm

മാനന്തവാടി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ജില്ലയില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിതരണം ചെയ്ത വൃക്ഷത്തൈകളില്‍ പകുതിയിലധികവും അതിജീവിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. വനം വകുപ്പിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ മൂന്ന് പ്രമുഖ കോളജുകളിലെ പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് 60 ശതമാനം തൈകള്‍ വളരുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്ത് വര്‍ഷം തോറും വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷത്തൈകളില്‍ ഭൂരിഭാഗവും നശിച്ചു പോവുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വകുപ്പിന് പുറമെയുള്ള ഏജന്‍സിയെ നിയോഗിച്ച് സര്‍വേ നടത്തിയത്. ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ്,സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളജ്, മാനന്തവാടി മേരിമാതാ കോളജ് എന്നിവിടങ്ങളിലെ സീനിയര്‍ പ്രൊഫസര്‍മാരുടെ നേതൃത്വത്തിലാണ് എന്‍.എസ്.എസ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് സര്‍വേ നടത്തിയത്.2016–17, 2017–18 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ വിതരണം ചെയ്ത വൃക്ഷത്തൈകളില്‍ എത്രമാത്രം അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്താനായിരുന്നു നിര്‍ദേശം. അതാത് വര്‍ഷങ്ങളില്‍ വനം വകുപ്പ് തൈകള്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സാമൂഹ്യ സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയുടെ പട്ടികയാണ് സര്‍വേക്കായി നല്‍കിയത്. ഇതില്‍ നിന്നും സാമ്പിളായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലൂടെയാണ് അമ്പതോളം വിദ്യാര്‍ഥികളടങ്ങുന്ന സര്‍വേ സംഘം ചോദ്യാവലിയിലൂടെ പരിശോധന നടത്തിയത്. കല്‍പറ്റ താലൂക്കില്‍ ആകെ നല്‍കി 140 സ്ഥാപനങ്ങളില്‍ നിന്നും 28 സ്ഥപനങ്ങളിലാണ് സാമ്പിള്‍ സര്‍വേ നടത്തിയത്. തുടര്‍ന്ന് സ്റ്റാറ്റിക്കല്‍ അനാലിസിസ് നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ജില്ലയില്‍ 2016–17 വര്‍ഷത്തില്‍ 55 ശതമാനം തൈകളും 2017–18 വര്‍ഷത്തില്‍ 65 ശതമാനം തൈകളും അവശേഷിക്കുന്നതായാണ് കണ്ടെത്തിയത്. 2016–17 വര്‍ഷത്തില്‍ സുല്‍ത്താന്‍ ബത്തരിയില്‍ 46.45, കല്‍പറ്റയില്‍ 63 മാനന്തവാടിയില്‍ 53.85 എന്നിങ്ങനെയാണ് അതിജീവിച്ച തൈകളുടെ ശതമാനക്കണക്ക്.2017–18 ബത്തേരി 64.5,കല്‍പറ്റ 65.4, മാനന്തവാടി 65.52 ശതമാനമാണ് ബാക്കിയായത്. 2016–17ല്‍ 2,47,328 തൈകളും 2017–18 ല്‍ 2,91,501 തൈകളുമായിരുന്നു വനം വകുപ്പ് വിതരണം ചെയ്തത്.ഈ വര്‍ഷം 3,10,000ത്തോളം തൈകളാണ് വനം വകുപ്പ് വിതരണം ചെയ്യുന്നത്.