Friday
20 Sep 2019

അബദ്ധ പഞ്ചാംഗത്തെ അഭിമാനമായി കാണുന്നവര്‍

By: Web Desk | Saturday 18 May 2019 10:22 PM IST


jalakam

ശാസ്ത്രത്തെ പരിഹസിക്കുന്നതില്‍ ആര്‍ക്കും പിന്നിലല്ല താനെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഇപ്പോഴിരിക്കുന്ന നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന ബിജെപി നേതാവ് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്തെയും സൈനികോദ്യോഗസ്ഥരെയും വിസ്മയിപ്പിച്ചുകൊണ്ട് തന്റെ ശാസ്ത്രവിജ്ഞാനം ഒന്നുകൊണ്ട് മാത്രമാണ് ബാലകോട്ട് ആക്രമണം നിശ്ചിത സമയത്ത് നടത്താന്‍ കഴിഞ്ഞത് എന്നാണ് മോഡിയുടെ പുതിയ വെളിപ്പെടുത്തല്‍. കാര്‍മേഘം നിറഞ്ഞ ആകാശത്ത് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തിയാല്‍ പാക് റഡാറുകള്‍ക്ക് അവയെ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും തന്റെ ശാസ്ത്രീയ വിജ്ഞാനത്തിന്റെയടിസ്ഥാനത്തിലുള്ള ഈ ആശയം സൈനികര്‍ക്കു നിര്‍ദ്ദേശ രൂപേണ നല്‍കിയതിനുശേഷമാണ് ബാലകോട്ട് ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തയ്യാറായത് എന്നും വെളിപ്പെടുത്തിയ മോഡി സൈന്യത്തെയും ശാസ്ത്രത്തെയും ആക്ഷേപിച്ചിരിക്കുകയാണെന്നു മാത്രമല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തെ ഒരു പരിഹാസ്യ കഥാപാത്രത്തിന്റെ പദവിയിലെത്തിച്ചിരിക്കുകയുമാണ്. റഡാറുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അതിന്റെ സാങ്കേതികത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവറിയണമെന്നില്ല. എന്നാല്‍ റഡാറുകളുടെ ഉദ്ദേശമെങ്കിലും മനസിലാക്കാന്‍ ഉന്നത പദവിയിലുള്ള ഈ വ്യക്തി ശ്രമിച്ചിരുന്നെങ്കില്‍ ഈ ആന മണ്ടത്തരം ഒരു ചാനല്‍ അഭിമുഖത്തില്‍ എഴുന്നള്ളിക്കുകയില്ലായിരുന്നു.

പ്ലാസ്റ്റിക് സര്‍ജറി ആദ്യം ആരംഭിച്ചത് ഇന്ത്യയിലാണെന്നും അത് ആദ്യം നടത്തിയത് മഹാഗണപതിയിലായിരുന്നു എന്നും അങ്ങനെയാണ് ആനയുടെ തല ഗണപതിക്ക് കിട്ടിയത് എന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിവിട്ടയാളാണ് മോഡി. ആദ്യമായി വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും അവര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പെ രാവണന്‍ പുഷ്പക വിമാനം ഉപയോഗിച്ചിരുന്നു എന്നും അതുകൊണ്ട് വിമാനം ഇന്ത്യാക്കാരുടെ കണ്ടുപിടുത്തമാണെന്നും ശാസ്ത്രജ്ഞന്മാരോട് മോഡിജി മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന് എന്തൊരറിവ് എന്ന് എല്ലാവരും അന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചുപോയി. പിന്നീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവദേവ്, യു പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്, യോഗിനി പ്രഞ്ജാസിംഗ് ഠാക്കൂര്‍, സ്മൃതി ഇറാനി തുടങ്ങിയ സംഘപരിവാര്‍ ശാസ്ത്ര പ്രതിഭകളാണ് കുറച്ചു നാളുകളായി ഇത്തരം പുതിയ കണ്ടുപിടിത്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നത്. ബിജെപി നേതൃത്വത്തിന്റെ ശാസ്ത്രവിജ്ഞാനം കേട്ട് ഇന്ത്യയിലെ ചിന്തിക്കുന്ന ജനങ്ങള്‍ തളര്‍ന്നിരിക്കുകയായിരുന്നു. ആ നേതൃത്വത്തിന് ആവേശം പകര്‍ന്നുകൊണ്ടാണ് നരേന്ദ്ര മോഡി ഇപ്പോള്‍ വീണ്ടും രംഗം കയ്യടക്കുന്നത്.

ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ എത്തിയിട്ടില്ലാത്ത എന്നു മാത്രമല്ല ഇന്ത്യന്‍ വാണിജ്യലോകം പരിചയപ്പെടുകപോലുമോ ചെയ്തിട്ടില്ലാത്ത 1987-88 കാലത്ത് താന്‍ ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ ഒരു ഫോട്ടോ തന്റെ സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തു എന്നും അത് അപ്പോള്‍തന്നെ ഡല്‍ഹിയിലെ പത്രം ഓഫീസുകളിലേക്ക് ഇ-മെയിലില്‍ അയച്ചുകൊടുത്തുവെന്നും പിറ്റേന്ന് രാവിലെ പത്രത്തില്‍ ആ ഫോട്ടോ അച്ചടിച്ചു വന്നുവെന്നും ഇതുകണ്ട് അഡ്വാനി അതിശയിച്ചു തന്നെ വിളിച്ച് ഇതിനെക്കുറിച്ചു ചോദിച്ചു എന്നുമാണ് നരേന്ദ്ര മോഡി അഭിമുഖത്തില്‍ തട്ടിവിട്ടത്. എന്തുകൊണ്ടോ മോഡിയെ ഇന്റര്‍വ്യൂ ചെയ്ത ചാനല്‍ പ്രതിനിധി ഡിജിറ്റല്‍ ക്യാമറ മോഡിക്ക് എവിടെനിന്ന് കിട്ടിയെന്നോ, ആരുടെ ഇ-മെയിലില്‍ നിന്ന്; ഏതു പത്രത്തിനാണ് അന്ന് ഇ-മെയില്‍ സംവിധാനം ഉണ്ടായിരുന്നത് എന്നോ ഉള്ള മറുചോദ്യം ഒന്നും ചോദിച്ചില്ല. ഒരുപക്ഷെ ഗുജറാത്തുകാരെയും ഡല്‍ഹിക്കാരെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങള്‍ വല്ലതും വീണ്ടും വെളിപ്പെടുത്തിയാലോ എന്ന ഭയം കൊണ്ടായിരിക്കാം അദ്ദേഹം മറുചോദ്യങ്ങള്‍ ഒഴിവാക്കിയത്. ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറകളും ഇന്റര്‍നെറ്റ് സംവിധാനവും ഉപയോഗിച്ചു തുടങ്ങിയത് 1995 ല്‍ മാത്രമാണ് എന്നത് മോഡിക്കറിയില്ലായിരിക്കാം. അമേരിക്കയില്‍പോലും 1991 ലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്യാമറകള്‍ എത്തുന്നത്.
മഹാഭാരത യുദ്ധകാലത്തുതന്നെ ഇന്റര്‍നെറ്റ് സംവിധാനമുണ്ടായിരുന്നെന്നും അതിന്റെയടിസ്ഥാനത്തിലാണ് പാണ്ഡവ-കൗരവ ഏറ്റുമുട്ടലായ കുരുക്ഷേത്ര യുദ്ധത്തിന്റെ വിവരങ്ങള്‍ സജ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനു പറഞ്ഞുകൊടുത്തുകൊണ്ടിരുന്നതെന്നും പ്രസ്താവിച്ച ബിജെപി യുടെ മറ്റൊരു നേതാവാണ് ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ ദേവ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂട്ടുപിടിച്ച് ജനങ്ങളില്‍ ഹിന്ദു മിത്തോളജിയുടെ നാമ്പുകള്‍ പാകുകയും രാജ്യത്തെ വീണ്ടും കൂരിരുട്ടിലേക്ക് നയിക്കുകയുമാണിവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അസതോമാ സദ്ഗമയ: തമസോമ ജ്യോതിര്‍ഗമയ എന്നതിന്റെ അര്‍ത്ഥം തലതിരിച്ച് പഠിപ്പിക്കാനാണ് മോഡിവൃന്ദം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യം കണ്ട ഹിപ്പോക്രാറ്റുകളില്‍ ഒരാളാണ് പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് എന്നത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിമുഖത്തിലെ മറ്റൊരു മറുപടി. അത് അഞ്ചുവര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും മോഡി കവിതയെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം ഉണ്ട് എന്നു മറുപടി നല്‍കിക്കൊണ്ട് അനുയായിവൃന്ദത്തിന്റെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങി ഒരു പേപ്പര്‍ അതില്‍ നിന്നെടുത്ത് ഒരു കവിത വായിക്കുന്നു. മോഡിപോലുമറിയാതെ ചാനല്‍ ക്യാമറയുടെ കണ്ണുകള്‍ മോഡി വായിച്ച പേപ്പറില്‍ പതിഞ്ഞു. ആ പേപ്പറിന്റെ ഏറ്റവും മുകളിലെ അച്ചടിച്ച അക്ഷരങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞു. ”ചോദ്യം 27. കവി നരേന്ദ്ര മോഡിയില്‍ നിന്നും ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അങ്ങ് എന്തെങ്കിലും എഴുതിയിട്ടുണ്ടോ?” ക്യാമറയ്ക്ക് നന്ദി. ഈ ചോദ്യവും ഉത്തരവും അച്ചടിച്ച പേപ്പര്‍ രാജ്യത്തെ നിരവധി ജനങ്ങള്‍ കണ്ടു. ചോദ്യവും ഉത്തരവുമെല്ലാം മുന്‍കൂട്ടി തയ്യാറാക്കിവച്ചുകൊണ്ട് അതിന്റെ റിഹേഴ്‌സലും കഴിഞ്ഞ്, അനുവദിക്കപ്പെട്ട ചോദ്യങ്ങള്‍ മാത്രം ചോദിക്കുകയും ആലോചിച്ചുറപ്പിച്ച മറുപടികള്‍ മാത്രം നല്‍കുകയും ചെയ്ത നരേന്ദ്ര മോഡി ഒരു നല്ല നാട്യക്കാരന്‍ കൂടിയാണെന്നും തെളിയിച്ചു.
അഞ്ചുവര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ ഒരിക്കല്‍പോലും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയിട്ടില്ലാത്ത ഒരു പ്രധാനമന്ത്രി ഭരിക്കുന്ന ഏക ജനാധിപത്യ രാജ്യമായിരിക്കും ഇന്ത്യ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായോടൊപ്പം വാര്‍ത്താ മാധ്യമ പ്രതിനിധികളെ അഭിമുഖീകരിച്ച പ്രധാനമന്ത്രി പദവിയിലുള്ള വ്യക്തി മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. എല്ലാത്തിനും മറുപടി ദേശീയാധ്യക്ഷനായ അമിത് ഷാ പറഞ്ഞിട്ടുണ്ട് എന്നുമാത്രം പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ദയനീയമായ ചിത്രം നാം കണ്ടു. നരേന്ദ്ര മോഡിയുടെ ഭീരുത്വം നിറഞ്ഞ മുഖവും ലോകം മുഴുവന്‍ കണ്ടു.