23 April 2024, Tuesday

വാക്കുകളെയും പ്രതിഷേധങ്ങളെയും ഭയക്കുന്നവര്‍

Janayugom Webdesk
July 16, 2022 5:00 am

“പട്ടിണിയായ മനുഷ്യാ നീയാ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണു നിനക്കത്, പുസ്തകം കയ്യിലെടുത്തോളൂ” എന്ന് പറഞ്ഞത് ബെര്‍ത്തോള്‍ഡ് ബ്രഹ്ത്താണ്. വാക്കുകള്‍ക്ക് തോക്കുകളെക്കാള്‍ ശക്തിയുണ്ടെന്നും മഹദ്‌വചനമുണ്ട്. അതുകൊണ്ടുതന്നെ പിന്തിരിപ്പന്മാര്‍ക്കും ഫാസിസ്റ്റുകള്‍ക്കും വലതുപക്ഷ ശക്തികള്‍ക്കും എക്കാലവും പുസ്തകങ്ങളെയും വാക്കുകളെയും ഭയമാണ്. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പ്രക്ഷുബ്ധമായ ഇന്നലെകളിലും പുരോഗമന മുന്നേറ്റങ്ങളുടെ കാലത്തും പുസ്തകങ്ങള്‍ ചുട്ടെരിക്കുകയെന്ന പ്രാകൃതനടപടികള്‍ വ്യാപകമായിരുന്നു. ഒളിച്ചുകടത്തിയ പുസ്തകങ്ങളും ഒരിടത്തും സ്ഥിരമായി വയ്ക്കാനാകാതെ ചുമന്നു നടന്ന അച്ചുകൂടങ്ങളും ചരിത്രത്തിന്റെ ഭാഗമായത് മര്‍ദ്ദകരും ചൂഷകരും ഫാസിസ്റ്റുകളും വാക്കുകളെയും പുസ്തകങ്ങളെയും ഭയന്നിരുന്നു എന്നതിനാലായിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണാധികാരികളും പല വിധത്തില്‍ അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഭയക്കുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനുണ്ട്. നിരോധിക്കപ്പെട്ട പുസ്തകങ്ങളും വിലക്കപ്പെട്ട ചലച്ചിത്രങ്ങളും കലാ സാംസ്കാരിക സൃഷ്ടികളും നിരവധിയായിരുന്നു. ഇപ്പോഴിതാ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ ഉപയോഗിച്ചുകൊണ്ടേയിരുന്ന പല വാക്കുകളും സഭ്യേതരമെന്ന പട്ടികയില്‍പ്പെടുത്തി വിലക്കുന്ന സമീപനമുണ്ടായിരിക്കുന്നു. അതിനൊപ്പംതന്നെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധങ്ങളും നിരോധിച്ചിരിക്കുന്നു. പാര്‍ലമെന്റുപോലെ മഹത്തായ ജനാധിപത്യ വേദികളില്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്ത വാക്കുകള്‍ ചിലതുണ്ടാകാമെന്നത് വാസ്തവമാണ്. എന്നാല്‍ അതില്‍ ഉള്‍പ്പെടുത്തേണ്ടതില്ലാത്ത വാക്കുകള്‍ പട്ടികപ്പെടുത്തി ഇനിമുതല്‍ അതുപയോഗിച്ചുകൂടെന്ന് നിഷ്കര്‍ഷിക്കുന്നത് മോഡി സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിന്റെ പ്രകടിത രൂപം പൂണ്ടിരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ്.


ഇതുകൂടി വായിക്കൂ: മോഡിഭരണത്തില്‍ ട്വിറ്റര്‍ വിലക്ക് പരിധികടന്നു


സഭ്യേതരമെന്ന പേരു പറഞ്ഞ് സഭയ്ക്കകത്തും പുറത്തും നിത്യമെന്നതുപോലെ ഉപയോഗിക്കപ്പെടുന്ന വാക്കുകളാണ് വിലക്കിയിരിക്കുന്നത്. അവയൊന്നും തന്നെ ഒരുതരത്തിലും സഭയില്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്തവ അല്ലെന്നതാണ് പ്രത്യേകത. അതാതു കാലങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന വാക്കുകളാണ് വിലക്കപ്പെട്ടിരിക്കുന്നവയില്‍ പലതും. അഴിമതി എന്നതാണ് വിലക്കപ്പെട്ടിരിക്കുന്നവയില്‍ ഒന്ന്. മാനവരാശിയുടെ ഭാഷാചരിത്രം തുടങ്ങിയ കാലംമുതല്‍ ഉപയോഗിച്ചുവരുന്ന വാക്കായിരിക്കുമത്. അതുപോലെതന്നെ ദശകങ്ങളായി പൊതു വ്യവഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുതലക്കണ്ണീര്‍, നാടകം, കാപട്യം, കഴിവുകെട്ടവന്‍ എന്നിത്യാദി വാക്കുകളൊക്കെയും മോഡി സര്‍ക്കാരിന്റെ ഭരണകാലത്ത് സഭ്യേതരമായി പട്ടികപ്പെടുത്തിയിരിക്കുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഏറ്റവുമധികം പ്രയോഗിക്കപ്പെട്ട വാക്കുകളിലൊന്നാണ് രാജ്യദ്രോഹിയെന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്തുണ്ടാക്കിയ രാജ്യദ്രോഹക്കുറ്റം ചുമത്തി നൂറുകണക്കിനുപേരെയാണ് മോഡി സര്‍ക്കാരിന്റെ അന്വേഷണ സംവിധാനങ്ങളും പൊലീസും ജയിലില്‍ അടച്ചത്. രാജ്യദ്രോഹക്കുറ്റം പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന പരമോന്നത കോടതിയുടെ നിര്‍ദ്ദേശമുണ്ടായത് അടുത്ത കാലത്താണ്. അതുകൊണ്ടുതന്നെ ലോക്‌സഭയിലും രാജ്യസഭയിലും വളരെയധികം ഉപയോഗിക്കപ്പെട്ടേക്കാവുന്ന വാക്കുകളില്‍ ഒന്നും അതാവാനിടയുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് തങ്ങള്‍ക്ക് അനിഷ്ടകരമായ വാക്കുകളെ സഭ്യേതരമെന്ന പട്ടികയില്‍പ്പെടുത്തി വിലക്കുന്നതിന് സന്നദ്ധമായിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ജനാധിപത്യം സംരക്ഷിക്കുക എന്ന അനിവാര്യത


തിങ്കളാഴ്ച മുതല്‍ വര്‍ഷകാലസമ്മേളനം ആരംഭിക്കാനിരിക്കെയാണ് വാക്കുകള്‍ക്ക് വിലക്കും പ്രതിഷേധങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ എല്ലാവര്‍ക്കും കയറി പ്രകടനമോ പ്രതിഷേധമോ നടത്തുവാന്‍ സാധിക്കില്ല. അവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നത് ഇരുസഭകളിലും അംഗങ്ങളായിട്ടുള്ളവര്‍ മാത്രമാണ്. ബഹുജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന മാര്‍ച്ചുകള്‍ക്ക് നേരത്തെ പാര്‍ലമെന്റിനടുത്ത് ബോട്ട് ക്ലബ് മൈതാനം വരെയെത്താമായിരുന്നു. ഇപ്പോള്‍ കിലോമീറ്ററുകള്‍ അകലെവരെയെത്തുന്നതിനെ അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ രാജ്യത്തെ കോടിക്കണക്കിന് സമ്മതിദായകര്‍ തെരഞ്ഞെടുത്ത് അയച്ച ജനപ്രതിനിധികളുടെ പ്രതിഷേധത്തെയാണ് പാര്‍ലമെന്റ് വളപ്പിലെ നിരോധനം കൊണ്ട് തടഞ്ഞിരിക്കുന്നത്. സഭയില്‍ ഉന്നയിക്കുന്ന വിഷയങ്ങളെ ഭൂരിപക്ഷമെന്ന സാങ്കേതിക സാഹചര്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുമ്പോള്‍ പുറത്തുവന്ന് പ്രതിഷേധിക്കുകയെന്ന അംഗങ്ങളുടെ അവകാശത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭാ സെക്രട്ടേറിയറ്റിനെ ഉപയോഗിച്ച് ഹനിക്കുന്നത്. സര്‍ക്കാരിന്റെ അറിവോ നിര്‍ദ്ദേശമോ ഇല്ലാതെ സെക്രട്ടേറിയറ്റ് ഇത്തരം തീരുമാനങ്ങളെടുക്കുമെന്ന് കരുതുവാനാകില്ല. തോക്കുകളെക്കാള്‍ കരുത്തുള്ളവ മാത്രമല്ല നിത്യ വ്യവഹാരത്തിലുള്ള വാക്കുകളെയും അംഗങ്ങളുടെ പ്രതിഷേധങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ വിലക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യമാകെ ബിജെപിയുടെ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നുണ്ട്. ചില വേള കോടതികളില്‍ നിന്നും സര്‍ക്കാരിനെതിരായ വിധികളും ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്കുകളെയും പ്രതിഷേധങ്ങളെയും വിലക്കിക്കൊണ്ട് സ്വയം ഭീരുക്കളാണെന്നാണ് ഈ നടപടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ അടിവരയിടുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.