അച്യുതമേനോന്റെ സംഭാവന അറിയാത്തവർ ചരിത്രം വായിക്കണം: കെ പ്രകാശ്ബാബു

Web Desk
Posted on January 04, 2020, 10:37 pm

തൃശൂർ: നവകേരള നിർമ്മിതിയിലും അതിന്റെ അടിസ്ഥാനശിലയായ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിലും സി അച്യുതമേനോന്റെ സംഭാവന അറിയാത്തവർ സമയമുള്ളപ്പോൾ ചരിത്രം വായിക്കണമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു. ഭൂപരിഷ്കരണ നിയമം അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1957 ലെ ആദ്യ കമ്മ്യുണിസ്റ്റ് സർക്കാർ അധികാരത്തിലേറിയതിന്റെ ആറാം ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കി കൊണ്ട് ഇറക്കിയ ഓർഡിനൻസിലൂടെയാണ് സംസ്ഥാനത്തെ ഭൂപരിഷ്കരണ നടപടികളുടെ തുടക്കം. തുടർന്ന് 1957 ഡിസംബറിലാണ് റവന്യുമന്ത്രി കെ ആർ ഗൗരിയമ്മ വിപ്ളവകരമായ കാർഷികബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. 1959 ജൂണിൽ ബിൽ നിയമമായി. തുടർന്നായിരുന്നു വിമോചനസമരവും കമ്മ്യുണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടതും. പിന്നീട് 1967 ൽ ഭരണത്തിലെത്തിയ സപ്തകക്ഷി സർക്കാർ ഭൂപരിഷ്കരണ നിയമം സമഗ്രമായി അഴിച്ചുപണിഞ്ഞു. 32 വകുപ്പകൾ കൂട്ടിച്ചേർത്തു കൊണ്ടുവന്ന നിയമം പക്ഷേ നടപ്പാക്കിയില്ല.
നിയമം നടപ്പാക്കാൻ വൈകുന്നതുകൊണ്ട് ഇ ഗോപാലകൃഷ്ണമേനോന്റെ നേതൃത്വത്തിൽ നടന്ന കർഷക ജാഥകളും പൊതുസമൂഹത്തിലും പാർട്ടികൾക്കകത്തും നടന്ന ചർച്ചകൾ രേഖകളിലുണ്ട്. ഇന്ന് ചിലകാര്യങ്ങളിൽ മറവി പറ്റുന്നവർ ഈ രേഖകൾ ആരെക്കൊണ്ടെങ്കിലും വായിപ്പിച്ച് ഓർമ്മ പുതുക്കുന്നത് നന്നാവുമെന്നും പ്രകാശ്ബാബു പറഞ്ഞു.

Eng­lish sum­ma­ry:Those who don’t know Achutha Menon’s con­tri­bu­tion should read his­to­ry: K Prakash­babu

'you may also like this video'