ഡാലിയ ജേക്കബ്

ആലപ്പുഴ

December 18, 2020, 7:55 pm

ഓമന മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ജാഗ്രതൈ; രജിസ്ട്രേഷന്‍ 30ന് അവസാനിക്കും

Janayugom Online

രജിസ്ട്രേഷനില്ലാതെ വിദേശയിനം പക്ഷികളെയും മൃഗങ്ങളേയും വളർത്തുന്നവർ ജാഗ്രതൈ. പെറ്റുകളുടെ രജിസ്ട്രേഷനുള്ള അവസാന തിയതി 30 ആണ്. ഓൺലൈൻ ആയിട്ടാണ് രജിസ്ട്രേഷനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. രജിസ്ട്രേഷൻ നടത്താതെ ഇനി മുതൽ വിദേശയിനം പെറ്റുകളെ കൈവശം വെച്ചാലും വില്പന നടത്തിയാലും വനം വകുപ്പ് ഉടൻ നടപടി സ്വീകരിക്കും. ഇത് വരെ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. പെറ്റ് ഷോപ്പ് നടത്തുന്നവർപോലും കൃത്യമായി രജിസ്ട്രേഷൻ നടത്തിയിട്ടില്ല.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗങ്ങൾ തടയിടാനാവുമെന്നതിനാലും ഇന്ത്യൻ വിപണിയിലുള്ളവയിൽ പലതിനും വംശനാശ ഭീഷണി നേരിടുകയും നിയമാനുസൃതമല്ലാത്ത വേട്ടയാടലുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലുമാണ് വനം-പരിസ്ഥിതി മന്ത്രാലയം ആറ് മാസത്തിന് മുൻപ് ഇങ്ങനെ ഉത്തരവിറക്കിയത്. വിദേശ ഇനങ്ങളെ വിൽക്കുന്നതിനും വളർത്തുന്നതിനും ഇതുവരെ നിയന്ത്രണങ്ങളില്ലായിരുന്നു. നിയമവിധേയമായും അല്ലാതെയും എത്തുന്നവയുടെ വിവരങ്ങൾ ശേഖരിക്കാനാണ് വകുപ്പിന്റെ തീരുമാനം.

പുതുതായി വാങ്ങുന്നതിന്റെ മാത്രമല്ല കൈവശം സൂക്ഷിച്ചിരിക്കുന്നവയുടെയും വിവരങ്ങളാണ് നൽകേണ്ടത്. കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശ ഇനങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്. ആഫ്രിക്കൻ ഗ്രേ പാരറ്റ്, സ്കാർലെറ്റ് മക്കാവ്, ഗ്രീൻവിങ്ഡ് മക്കാവ്, ബ്ലൂ ഗോൾഡ് മക്കാവ്, ഇഗ്വാന, മാർമൊ സെറ്റ് മങ്കി, സൺ കോന്യൂർ തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടും. ഇവയെ നിയമാനുസൃതം കൈവശം വയ്ക്കാമെങ്കിലും നാളിതുവരെയും ഇവയുടെ കൃത്യമായ രേഖകൾ വകുപ്പ് സൂക്ഷിച്ചിരുന്നില്ല. തദ്ദേശീയമായി കാണപ്പെടുന്ന പക്ഷികൾ, മൃഗങ്ങൾ, ഉരഗവർഗ ജീവികൾ എന്നിവ വളർത്താൻ ഇന്ത്യൻ വന്യജീവി സംരക്ഷണം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശ ഇനങ്ങൾക്ക് ഇവിടെ പ്രചാരമേറിയത്. രജിസ്റ്റർ ചെയ്യുമ്പോൾ ഇറക്കുമതി ചെയ്തതാണോ വാങ്ങിയതാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ജീവികൾക്ക് യാതൊരു രോഗവും ഇല്ലെന്നും ഉറപ്പുവരുത്തണം. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ പ്രത്യേക അനുമതി വാങ്ങണം.

Eng­lish Sum­ma­ry: Those who keep pets are vig­i­lant; Reg­is­tra­tion clos­es on the 30th

You May Like This video also