June 10, 2023 Saturday

ആര്‍എസ്എസിനോട് പ്രണയം തോന്നുന്നവർ ഈ കണക്കുകൾ അറിയണം

അബ്ദുള്‍ ഗഫൂര്‍
March 20, 2023 4:55 am

ഫെബ്രുവരി 19 ഞായറാഴ്ച പാർലമെന്റിന് അകലെയല്ലാത്ത ജന്തർ മന്തറിൽ നൂറിലധികം ക്രിസ്ത്യൻ പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഒരു പ്രതിഷേധം നടക്കുകയുണ്ടായി. 15,000ത്തിലധികം പേർ ഡൽഹിയിലെ തണുപ്പത്ത് പ്രതിഷേധത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ക്രിസ്ത്യാനികളെഅക്രമിക്കുന്നതും പള്ളികൾ തകർക്കുന്നതും അവസാനിപ്പിക്കുക എന്നെഴുതിയ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു വിശ്വാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ വക്താവ് ജോൺ ദയാൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞത് 350ഓളം ക്രിസ്ത്യാനികൾ ഉത്തർപ്രദേശിൽ മാത്രം ജയിലിലാണെന്നാണ്. ക്രിസ്തുമതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ ഛത്തീസ്ഗഢിൽ നൂറുകണക്കിന് ആദിവാസികൾ പലായനം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്, പ്രാർത്ഥന നടത്തുന്നതിന് പോലും വിലക്കുള്ള സംസ്ഥാനങ്ങളാണ് ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, യുപി, കർണാടക തുടങ്ങിയവയെന്നാണ്.

 


ഇതുകൂടി വായിക്കു: ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം: കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് മന്ത്രി എം ബി രാജേഷ്


ആദ്യ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതു മുതൽ ക്രിസ്തുമത വിശ്വാസികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവെന്നാണ് സംഘടന പറയുന്നത്. പള്ളികൾ, ആശ്രമങ്ങൾ, മറ്റ് ക്രിസ്ത്യൻ സ്ഥാപനങ്ങൾ എന്നിവ കൊള്ളയടിക്കുക, ബൈബിളിന്റെ പകർപ്പുകൾ കത്തിക്കുക, സെമിത്തേരികൾ നശിപ്പിക്കുക, പുരോഹിതന്മാരെയും മിഷനറിമാരെയും കൊലപ്പെടുത്തുക, കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുക എന്നിവ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു.
രാജ്യത്തെയാകെ ഞെട്ടിച്ച ക്രിസ്ത്യൻ വിരുദ്ധ അതിക്രമങ്ങൾ നടന്നത് 2008 ഓഗസ്റ്റിൽ ഒഡിഷയിലെ കാന്ധമാലിലായിരുന്നു. തുടർച്ചയായ മൂന്നു ദിവസം ഇവിടെ ക്രിസ്തുമത വിശ്വാസികൾക്കെതിരെ അതിക്രമ പരമ്പരയുണ്ടായി. പ്രദേശത്ത് നടന്ന മാവോയിസ്റ്റ് അക്രമത്തിൽ ഹിന്ദു പുരോഹിതൻ മരിച്ചതിന്റെ പ്രതികാരമായാണ്, അതിലൊരു പങ്കുമില്ലാത്ത ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ നടന്നത്. 600 വില്ലേജുകളിലായി 395 പള്ളികൾ, 5,600 വീടുകൾ എന്നിവ തകർക്കപ്പെട്ടു. നിരവധി പേര്‍ കൊല്ലപ്പെടുകയും അക്രമം ഭയന്ന് ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുകയുമുണ്ടായി. ഒരു കന്യാസ്ത്രീ ലൈംഗികാതിക്രമത്തിനിരയായി. അവരെ അർധ നഗ്നയായി പൊതു സ്ഥലത്തുകൂടി നടത്തി. ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു അക്രമികൾ താണ്ഡവമാടിയത്. ഇതേസമയത്ത് തമിഴ്‌നാട്ടിൽ ഈറോഡ്, കാരൂർ എന്നിവിടങ്ങളിൽ മൂന്ന് പള്ളികൾ തകർക്കപ്പെട്ടു. മധുരയിൽ യേശുവിന്റെയും കൃഷ്ണഗിരിയിൽ മേരി മാതായുടെയും പ്രതിമ തല്ലിപ്പൊളിച്ചു.

2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുശേഷം അതിക്രമങ്ങൾ എത്രയോ മടങ്ങ് വർധിച്ചു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) എന്ന സംഘടന സമാഹരിച്ച കണക്കുകൾ പ്രകാരം 2014നെ അപേക്ഷിച്ച് അക്രമ സംഭവങ്ങളിൽ 2022ൽ 400ശതമാനത്തിന്റെ വർധനയുണ്ടായി. 2014ൽ 147 അക്രമ സംഭവങ്ങളുണ്ടായപ്പോൾ 2022ൽ അത് 598 ആയി. 2018ൽ ക്രിസ്ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ 292 അതിക്രമങ്ങളുണ്ടായി. 2019ൽ അത് 328 ആയി വർധിച്ചു. 2020ൽ കോവിഡ് മഹാമാരിക്കാലത്തുപോലും 279 അക്രമങ്ങളുണ്ടായി. കഴിഞ്ഞ വർഷം അക്രമ സംഭവങ്ങളിൽ ഏറ്റവും കൂടുതലുമുണ്ടായത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലായിരുന്നു. ആകെയുണ്ടായ 598ൽ 334ഉം നടന്നത് അവിടെയായിരുന്നു. മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. യുപിയിൽ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യൻ വിഭാഗം. 2015ൽ കാത്തലിക് സെക്കുലർ ഫോറത്തിന്റെ റിപ്പോർട്ടനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലായി 365 അക്രമ സംഭവങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്തുണ്ടായത്. ഡൽഹിയിൽ മാത്രം ആറ് ആക്രമണങ്ങളുണ്ടായി. രോഹിണി, ദിൽഷാദ് ഗാർഡൻ എന്നിവിടങ്ങളിൽ പള്ളികൾക്ക് തീവച്ചു. വികാസ്‌പുരിയിലും ജസോലയിലും കേടുപാടുകൾ വരുത്തി. ഒരു ക്രിസ്ത്യൻ സ്കൂളിനു നേരെയും ആക്രമണമുണ്ടായി.


ഇതുകൂടി വായിക്കു:  ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എതിരായ വ്യാജപ്രചാരണം


ഓരോ വർഷവും ആക്രമണങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. 2021ലെ ആദ്യ ഒമ്പതു മാസത്തിനിടെ 305 ആക്രമണങ്ങളുണ്ടായെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും നടത്തിയ വസ്തുതാന്വേഷണത്തിൽ വ്യക്തമായി. കർണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായിരുന്നു കൂടുതൽ സംഭവങ്ങളുണ്ടായത്. 2021 ഒക്ടോബർ മൂന്നിന് റൂർക്കിയിൽ പ്രാർത്ഥനയ്ക്കൊത്തുകൂടിയ വിശ്വാസികൾക്കുനേരെ സംഘടിച്ചെത്തിയ 250ലധികം പേർ അതിക്രമങ്ങൾ നടത്തി. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഹിന്ദു സംഘടനകൾ അക്രമണം നടത്തിയത്. തൊട്ടടുത്ത മാസം ഡൽഹി ദ്വാരകയിൽ പുതിയതായി പണിത പള്ളി ബജറംഗ്‍ദൾ, ആർ
എസ്എസ് പ്രവർത്തകർ തകർത്തു. സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പള്ളിയി ൽ പ്രാർത്ഥനയ്ക്കെത്തിയവരെ അടിച്ചോടിച്ചായിരുന്നു അക്രമം. ഡിസംബർ 12ന് കർണാടകയിലെ കോലാർ ജില്ലയിൽ വിശ്വാസ ഗ്രന്ഥങ്ങൾ തീവ്ര വലതുപക്ഷ സംഘടനകൾ അഗ്നിക്കിരയാക്കി. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം 2021ൽ കർണാടകയിൽ നടന്ന 38-ാമത്തെ അക്രമമായിരുന്നു ഇത്. ഈ കണക്കുകൾക്ക് വ്യാപ്തിയേറെയാണ്. സഹജീവിസ്നേഹം പ്രകടിപ്പിച്ചതിനും സാമൂഹ്യ പ്രവർത്തനം നടത്തിയതിനും ജയിലിൽ കിടക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം അ‍‍‍‍‍ഞ്ഞൂ റോളമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും നിസംഗതയ്ക്കെതിരെ 93 മുൻ ഉദ്യോഗസ്ഥരും പൗരപ്രമുഖരും രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് രണ്ടാഴ്ച മുമ്പായിരുന്നു.

ഇങ്ങനെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്തുമത വിശ്വാസികളായെന്നതിന്റെ പേരിൽ കടുത്ത വിദ്വേഷ പ്രചരണവും അതിക്രമങ്ങളും നേരിടേണ്ടി വരുന്ന വിശ്വാസി സമൂഹമുള്ളപ്പോഴാണ് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആർഎസ്എസിനോടുള്ള പ്രണയം പ്രഖ്യാപിച്ചിരിക്കുന്നത്. റബ്ബറിന് 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കണ്ണൂർ ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് സഭയുടെ അഭിപ്രായമല്ലെന്ന് പിന്നീട് വിശദീകരിച്ചിട്ടുണ്ട്. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവിന് കാരണം കോർപറേറ്റുകളെ സഹായിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളാണെന്ന് ബിഷപ്പിനറിയാത്തതാണോ. ഒരുവർഷത്തിലധികം ഇന്ത്യയിലെ കർഷകർ ആ നയത്തിനെതിരെ സമരം ചെയ്തപ്പോഴും സമരത്തിനിടെ നൂറോളം കർഷകർ രക്തസാക്ഷികളായപ്പോഴും കേന്ദ്ര സർക്കാർ പുലർത്തിയ നിസംഗത ആർക്കാണ് മറക്കാനാകുക. അതുകൊണ്ട് റബ്ബർ കർഷകരോടുള്ള സ്നേഹവായ്പിന്റെ പേരിൽ ആർഎസ്എസിനോട് പ്രണയം തോന്നുന്നവർ ഈ കണക്കുകൾകൂടി മനസിലോർക്കണം. വീട്ടിനകത്തെ പ്രാർത്ഥനയ്ക്ക് പോലും തടസമേർപ്പെടുത്തുന്നവരാണ് ബിജെപിക്കാർ. കഴിഞ്ഞ മാസം ബംഗളൂരു ആർച്ച് ബിഷപ്പിന്റേതായി വന്ന പ്രസ്താവന ഒന്നുകൂടി വായിക്കുകയും വേണം. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും ചികിത്സാ സൗകര്യങ്ങളും ഒരുക്കി നല്കിയാൽ മതപരിവർത്തനമെന്ന പേരിൽ കേസെടുക്കുകയാണെങ്കിൽ ഇനിയും അത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികളുടെ മതം മാറ്റപ്പെട്ടിട്ടുണ്ട് എന്നതിന്റെ കണക്കുകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അത്തരം തിരിച്ചറിവുകളുള്ളവരും ആ സമുദായത്തിലുണ്ടെന്നതാണ് ആശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.