11 September 2024, Wednesday
KSFE Galaxy Chits Banner 2

വിസമ്മതിച്ച് പരാജയപ്പെടുന്നവർ

കെ പി ഗോപകുമാര്‍
September 4, 2024 4:45 am

വയനാട്ടിലും കോഴിക്കോട് വിലങ്ങാടിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും പുനരുജ്ജീവന പ്രക്രിയയിൽ പങ്കാളിയാവാനും അതിജീവന പാക്കേജും സാലറി ചലഞ്ചുമായി സർക്കാർ ജീവനക്കാരും പങ്കാളികളാവുകയാണ്. സമ്മതപത്രം നൽകി ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തിൽ നിന്നും ആദ്യ ഗഡു കുറവുവരുത്തി നൽകിയും സർക്കാർ മുന്നോട്ടുവച്ച മറ്റ് രീതികള്‍ സ്വീകരിച്ചുമാണ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്നത്. ഉരുൾപൊട്ടൽ നാശം വിതച്ച പുഞ്ചിരിമട്ടത്തും ചൂരൽമലയിലും മുണ്ടക്കെെയിലും കോഴിക്കോട്ടെ വിലങ്ങാടിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ജീവൻരക്ഷാ പ്രവർത്തനങ്ങളിലും അവസരോചിതമായും മാതൃകാപരവുമായ ചുമതലയാണ് ജീവനക്കാർ നിർവഹിച്ചത്. ജീവൻ രക്ഷിക്കുന്നതിനും തിരച്ചിൽ നടത്താനും ക്യാമ്പുകൾ നടത്താനും ചികിത്സാ സൗകര്യമൊരുക്കാനുമെല്ലാം വിശ്രമരഹിതമായി പ്രവർത്തിച്ചു. അവരെയെല്ലാം ഏകോപിപ്പിക്കാനും സഹായമൊരുക്കാനും മന്ത്രിമാരായ അഡ്വ. കെ രാജന്‍, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു. സൂക്ഷ്മതയോടെയുള്ള പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർ ദിവസങ്ങളായി നിർവഹിച്ചുവരുന്നത്.

റവന്യു, പൊലീസ്, ഫയർഫോഴ്സ്, വനം, ആരോഗ്യം, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ജൂലൈ 30ന് ദുരന്തമുണ്ടായ സമയം മുതൽ ഉറങ്ങാതെ ഓടിയെത്തുകയായിരുന്നു സർവീസ് മേഖല ഒന്നാകെ. എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടവും സിവിൽ സ്റ്റേഷനിലെ ജീവനക്കാരും കൺട്രോൾ റൂം തുറന്ന്, കണ്ണിമ ചിമ്മാതെ കരുതലായി കളക്ടർ മേഖശ്രീയുടെയും എഡിഎം ദേവകിയുടെയും നേതൃത്വത്തിൽ റവന്യു ജീവനക്കാർ രാത്രിയിലും കർമ്മനിരതരായി. മന്ത്രിമാരും ജീവനക്കാരും സൈന്യവും എൻഡിആർഎഫും ജനകീയ സുരക്ഷാ സംഘങ്ങളും എല്ലാം ചേർന്ന അതിജീവനത്തിന്റെ പുതിയ മാതൃകയാണ് നാടിനായി നിർവഹിച്ചത്. കേരളം ദർശിച്ച വലിയ ദുരന്തപെയ്ത്തിന്റെ കണ്ണീർക്കടലാണിന്ന് വയനാട്. മലമടക്കുകളിലെ തേയിലത്തോട്ടങ്ങളിൽ ജീവിതതാളം തേടുന്നവരും ഉൾവനങ്ങളിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ചു ജീവിതം തിരയുന്നവരും ഉയർന്ന കുന്നിൻചെരിവുകളിൽ രക്തം വിയർപ്പാക്കി അന്നം വിളയിക്കുന്നവരുമായ വയനാടൻ ജനത ഒരിക്കലും പ്രകൃതിയെ ചൂഷണം ചെയ്തവരോ മുറിവേല്പിച്ചവരോ ആയിരുന്നില്ല. മേഘവിസ്ഫോടനങ്ങൾ തീർത്ത അതിതീവ്ര മഴയിൽ നിര്‍ത്താതെ പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലിൽ ഉള്ളുപൊട്ടി ഒഴുകിയെത്തി ഒലിച്ചുപോയൊരു ഭൂമിയിൽ നഷ്ടമായത് ഒരു ജനതയുടെ ജീവനും ജീവിതവുമായിരുന്നു. ജൂലൈ 30 രാത്രി കഴിഞ്ഞ് വെളുക്കുംമുമ്പ് ഭൂമിയുടെ ഉള്ളുപൊട്ടിയൊഴുകിയ ജല ഗർജനങ്ങളിൽ ഞെട്ടറ്റുവീണ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായി വയനാട് മാറി. ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരുടെ ജീവന്റെ തുടിപ്പുകൾ കണ്ടെത്താൻ പലയിടങ്ങളിൽ നിന്നെത്തി രക്ഷാ ദൗത്യത്തിനിറങ്ങിയവർ രക്ഷിച്ചെടുത്ത ജീവിതങ്ങൾ ഇപ്പോഴും ആശുപത്രി കിടക്കയിലും താല്‍ക്കാലിക വാസസ്ഥല ങ്ങളിലും കഴിയുകയാണ്. കണ്ടെടുക്കാനാവാത്ത മനുഷ്യരുടെ ചേതനയറ്റ ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിലുകൾക്കിനിയും വിരാമമായിട്ടില്ല. ആരവങ്ങളും വിലാപങ്ങളും പതിയെ മാഞ്ഞുപോകുമ്പോഴും വയനാടിനൊരു അതിജീവനമുണ്ടാകണം. മരണത്തിന്റെ നൂൽപ്പാലത്തിൽ നിന്നും ജീവിതപക്ഷത്തിലേക്ക് മടങ്ങാനായവരുടെ ജീവിതമൊരിക്കലും ഒരു ചോദ്യചിഹ്നമാകാതിരിക്കാനുള്ള കരുതലാണ് ഇനി വേണ്ടത്.

ദുരന്തത്തിൽ പെട്ടുപോയൊരു ജനതയെ എല്ലാ അർത്ഥത്തിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് മനഃസാക്ഷിയുള്ളവരുടെ ആകെ കടമയാണ്. പ്രധാനമന്ത്രിയും കേന്ദ്ര സംഘവുമെല്ലാം ദുരന്തമുഖത്തെ കാഴ്ചകൾ കണ്ടു മടങ്ങിയതല്ലാതെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ സഹായം നൽകാനോ തയ്യാറായിട്ടില്ല. സംസ്ഥാന റവന്യു മന്ത്രി നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചു. കിനാവുകാണാൻ പോലുമാകാതെ പേടിപ്പെടുത്തുന്ന യാഥാർത്ഥ്യത്തിന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതതാളം തിരികെ കൊടുക്കാൻ സുമനസുകളുടെയെല്ലാം സഹായമാണ് വേണ്ടത്. അതുകൊണ്ടാണ് പ്രയാസങ്ങൾക്കിടയിലും സ്ഥിരവരുമാനക്കാരായ സർക്കാർ ജീവനക്കാരോട് അഞ്ച് ദിവസത്തിൽ കുറയാത്ത വേതനം വയനാടിനും വിലങ്ങാടിനുമായി സംഭാവന ചെയ്യാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഏറെ അഭിമാനത്തോടെയാണ് സർവീസ് മേഖല അത് ഏറ്റെടുത്തത്. എന്നാല്‍ സമ്മതപത്രം നൽകുന്നതിനുള്ള നടപടികള്‍ തുടങ്ങിയപ്പോഴാണ് വിയോജിപ്പുകള്‍ ഉയർന്നുവന്നത്. 2018ലും 2019ലും കോവിഡ് കാലത്തുമെല്ലാം സാലറി ചലഞ്ചും ഡഫർമെന്റും പരാജയപ്പെടുത്താൻ വിസമ്മതമെഴുതിയവർ ഇത്തവണയും നിലപാട് ആവർത്തിച്ചു. നിർബന്ധപൂർവമല്ലെങ്കിൽ വയനാടിനായി അഞ്ചു ദിവസത്തെ ശമ്പളം നൽകുന്നതിന് ആരും വിയോജിക്കേണ്ടതില്ലെന്ന് പറഞ്ഞവരുടെ നിലപാട് മാറ്റം പൊതുസമൂഹം അവജ്ഞയോടെയാണ് കാണുന്നത്. എത്ര മനുഷ്യത്വരഹിതമായും പെരുമാറും എന്നത് ആവർത്തിക്കാൻ യുഡിഎഫ് രാഷ്ട്രീയത്തിന്റെയും സംഘ്പരിവാർ രാഷ്ട്രീയത്തിന്റെയും വിഴുപ്പുഭാണ്ഡം ചുമക്കുന്ന ആജ്ഞാനുവർത്തികള്‍ക്ക് കഴിഞ്ഞു. നാട് നശിച്ചാലും കക്ഷി രാഷ്ട്രീയത്തിന്റെ ദുർഗന്ധം പേറി അവസാന നിമിഷം വരെയും നാടിന്റെ പൊതുനന്മയ്ക്ക് എതിരായി നിൽക്കും എന്നത് ചിലരുടെ ഒടുങ്ങാത്ത പിടിവാശി തന്നെയാണ്. സർക്കാർ നിർദേശം നടപ്പിലാക്കാൻ പ്രയാസങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാം നഷ്ടപ്പെട്ട വയനാടൻ ജനതയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ തനിക്കാവുന്നതിനപ്പുറം സഹായിക്കാൻ സർക്കാർ ജീവനക്കാരാകെ തയ്യാറാകുന്ന അഭിമാനകേരളമാണ് നമ്മുടേത്. ജോയിന്റ് കൗൺസിൽ 50 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് സ്വന്തം നിലയിൽ പ്രഖ്യാപിച്ചു.

സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ 2,135 മേഖലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർ മനസറിഞ്ഞ് നൽകിയ തുകയാണിത്. മകന്റെ ജന്മദിന ആഘോഷങ്ങൾക്കായി മാറ്റിവച്ചിരുന്ന തുകയും മക്കളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് തുകയും അടക്കം മനുഷ്യത്വത്തിന്റെ മഹാപ്രവാഹമുണ്ടായി. ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി അംഗം ലിജുവും ഭാര്യയും ജീവിതത്തിൽ ആകെയുണ്ടായിരുന്ന സ്വർണ സമ്പാദ്യമായ ഒന്നേകാൽ പവൻ സ്വർണമാലയാണ് സംഭാവനയായി നൽകിയത്. ആലപ്പുഴയിലെ ശ്രീകുമാരി വിരലിൽ അണിഞ്ഞിരുന്ന സ്വർണ മോതിരവും സംഭാവനയായി നൽകി. ഒപ്പം സംസ്ഥാന സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ള അഞ്ച് ദിവസത്തിൽ കുറയാതെയുള്ള വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. സർക്കാർ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും വിലങ്ങാടിലും എല്ലാം നഷ്ടപ്പെട്ടൊരു ജനതയെ ചേർത്തുപിടിക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോൾ വിസമ്മതം പറയാൻ കാരണങ്ങൾ തേടുന്നവരിൽ ചിലർ വല്ലാതെ അത്ഭുതപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാകാതെ നിൽക്കുന്ന ഘട്ടത്തിലും ഡിഎ അടക്കമുള്ള ഒരു സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടമാവാതെ കിട്ടാനുള്ളതെല്ലാം വാങ്ങിച്ചെടുക്കാൻ പ്രത്യേക കഴിവ് പ്രകടിപ്പിച്ച സിവിൽ സർവീസിലെ ഉന്നത ശ്രേണിയിലുള്ളവരാണിവർ.

സർക്കാർ നിർദേശം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങി മാതൃകയാകേണ്ടവരാണ് വിസമ്മതിക്കാൻ കാരണങ്ങൾ കണ്ടെത്തുന്നത്. അഞ്ചു ദിവസത്തിൽ കുറയാത്ത വേതനം ഗഡുക്കളായോ മറ്റ് ഓപ്ഷനുകൾ സ്വീകരിച്ചോ നൽകാൻ സമ്മതപത്രം നൽകേണ്ട അവസാന തീയതിയായിരുന്നു ഓഗസ്റ്റ് 24. ഇപ്പോഴും സമ്മതപത്രം നൽകി ജീവനക്കാർ സംഭാവന നൽകാൻ ഏതൊരു വൈമനസ്യവുമില്ലാതെ തയ്യാറാകുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് സിവിൽ സർവീസിലെ വൈ റ്റ്കോളറിസം ബ്യൂറോക്രാറ്റിക് മനോഭാവം വെളിപ്പെടുത്തി, ഐഎഎസ് അസോസിയേഷൻ സമ്മതപത്രം നൽകാൻ സാവകാശം ചോദിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി എന്നറിയുന്നത്. അവർ യോഗംചേർന്ന് ആലോചിച്ച ശേഷം തീരുമാനം അറിയിക്കുമത്രേ. സംഘടന എന്ന നിലയിൽ അംഗങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് ഇഷ്ടമുള്ള തുക നൽകുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നാണ് കത്തിൽ പറയുന്നത്. സർക്കാർ നിർദേശം പാലിക്കാനും മറ്റുള്ളവരെ അതിലേക്ക് കൊണ്ടുവരുന്നതിനും ബാധ്യതയുള്ളവർ സമ്മതപത്രം നൽകേണ്ടിയിരുന്ന ഓഗസ്റ്റ് 24ന് ശേഷവും ചലഞ്ചിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടില്ല എന്നത് നൽകുന്ന സൂചന വയനാട്ടിലെ ദുരന്തഭൂവിലെ മനുഷ്യർക്കൊപ്പവും സർക്കാരിന്റെ അഭ്യർത്ഥന പാലിക്കാനും തങ്ങൾക്കാവില്ല എന്നുതന്നെയാണ്. മറന്നുപോയ മനുഷ്യത്വത്തിലേക്ക് ഇനി എന്നാണ് ഇത്തരക്കാർക്ക് ഒന്ന് തിരികെ നടക്കാൻ ആവുക. വലുതെന്ന് കരുതിയിരുന്നവർ എത്ര ചെറുതെന്ന് സ്വയം വെളിവാക്കപ്പെടുകയാണ്. മനുഷ്യസ്നേഹവും പരസ്പരമുള്ള സഹാനുഭൂതിയുമാണ് മനുഷ്യത്വമെന്ന് ആരാണ് ദുരന്തകാലത്തും വിയോജിക്കാൻ കാരണം തേടുന്നവർക്ക് മനസിലാക്കി കൊടുക്കുക!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.