20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024

ജനങ്ങളുമായുള്ള ബന്ധമില്ലെന്ന് ചിന്തന്‍ ശിബിരം; പാര്‍ട്ടിയെ ഉടച്ചുവാർക്കാനുള്ള സുപ്രധാന നിർദേശങ്ങള്‍ കടലാസില്‍ ഒതുങ്ങുമോ

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2022 1:42 pm

കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം തര്‍ന്നുവെന്നും,താഴെക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്നില്ലെന്ന വിലയിരുത്തലും രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നു വന്നു. പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നതു ചില കോക്കസുകളാണെന്നും ചര്‍ച്ചകള്‍ നടക്കുന്നില്ല എന്ന അഭിപ്രായവും ഉയര്‍ന്നു.പാര്‍ട്ടിനേരിടുന്ന പ്രതിസന്ധിക്ക് പരിഹാര നിര്‍ദ്ദേശങ്ങളൊന്നും ഉരുതിരിഞ്ഞുവന്നില്ലെന്നും, കോണ്‍ഗ്രസിലായതുകൊണ്ട് തീരുമാനങ്ങള്‍ നടക്കുമോയെന്ന തോന്നലും അണികല്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. ബിജെപിക്ക് ജനപ്രതിനിധികളെ സൃഷ്ടിക്കുന്ന റിക്രൂട്ട്മെന്‍റ് ഏജന്‍റായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.

ജനങ്ങളുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർന്നുവെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പാർട്ടിയിയെ പുനഃരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഒക്ടോബറിൽ ദേശീയ റാലി സംഘടിപ്പിക്കുമെന്ന് മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എ ഐ സി സി മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പാർട്ടി യാഥാർത്ഥ്യം അംഗീകരിക്കണമെന്നും ജനങ്ങൾക്കിടയിൽ വീണ്ടും ബന്ധം സ്ഥാപിക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ ബന്ധങ്ങൾ ജനങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടുവെന്നത് ഞങ്ങൾ അംഗീകരിക്കേണ്ടിവരും, പക്ഷേ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് ജനങ്ങൾക്കറിയാം, ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിലെ സമാപന ദിവസം 400-ലധികം പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളിലേക്ക് വീണ്ടുമെത്താന്‍ കുറുക്കുവഴികളില്ലെന്നും പാർട്ടി അതിനുവേണ്ടി കഠനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ ദിവസം മാത്രമല്ല, മാസങ്ങൾ കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ചെലവഴിക്കണം. ഞാൻ ഒരിക്കലും അഴിമതി നടത്തിയിട്ടില്ല, ആരില്‍ നിന്നും പണമൊന്നും വാങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ഞാന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിനെ ദേശീയ തലത്തിൽ ഉടച്ചുവാർക്കാനുള്ള സുപ്രധാന നിർദേശങ്ങളാണ് ഉയര്‍ന്നത്. ബ്ലോക്ക് തലം മുതൽ കോൺഗ്രസ് സ്വന്തം നിലയിൽ കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം ബിജെപി വിരുദ്ധ പ്രായോഗിക സഖ്യങ്ങൾക്കും രൂപം നൽകണമെന്ന നിർദ്ദേശം രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു.ഒരാൾക്ക് ഒരു പദവി, രാഹുലിന്റെ നേതൃത്വത്തിൽ ഭാരതയാത്ര എന്നിവയുൾപ്പെടെ സംഘടനാകാര്യ സമിതിയിൽ നിർദേശങ്ങളും അംഗീകരിക്കപ്പെട്ടു.

ഒക്ടോബർ 2ന് കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഭാരത് ജോഡോ (ഇന്ത്യയെ ഒന്നിപ്പിക്കുക) യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് കോൺഗ്രസ് തീരുമാനത്തിന് പ്രചോദനം പ്രമുഖ ഗാന്ധിയൻ ബാബാ ആംതെ. 1984ൽ സുവർണക്ഷേത്രത്തിലെ സൈനികനടപടി, ഇന്ദിരാഗാന്ധി വധം, സിഖ് കൂട്ടക്കൊല എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സാമുദായിക ഐക്യം നിലനിർത്താനായാണ് ആംതെ 116 ചെറുപ്പക്കാരുമായി കന്യാകുമാരി കശ്മീർ സൈക്കിൾ യാത്ര നയിച്ചത്. അതേസമയം സ്ഥാനാർത്ഥികളാവുന്നവർക്കും പാർട്ടി ഭാരവാഹികളാവുന്നവർക്കും 65 വയസ്സ് പ്രായപരിധി വയ്ക്കണമെന്ന യുവാക്കളുടെ ആവശ്യവും കോൺഗ്രസ് തള്ളി. കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചത് മുതിർന്ന നേതാക്കളുടെ എതിർപ്പ് പരിഗണിച്ചു കൊണ്ടായിരുന്നു. പ്രായപരിധിക്കാര്യം പ്രമേയത്തിൽ ഉൾപ്പെടുത്തിയതിനാൽ 75 വയസ്സ് എങ്കിലും ആയി നിജപ്പെടുത്തുമെന്നായിരുന്നു യുവാക്കൾ കരുതിയത്.

എന്നാൽ മുതിർന്ന നേതാക്കളിൽ നിന്നു ശക്തമായ എതിർപ്പാണ് ഉണ്ടായത്.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ അശോക് ഗെലോട്ട് കമൽനാഥ് എന്നിവർ പ്രവർത്തക സമിതിയിൽ ഇതിനെ എതിർത്തു. സമവായത്തിന്റെ വക്താവായ സോണിയയും മുതിർന്നവരെ പൂർണമായി നീക്കുന്നതിനെ അനുകൂലിച്ചില്ല.അതേസമയം എല്ലാ സമിതികളിലും അമ്പത് ശതമാനം യുവജന പ്രാതിനിധ്യം, കോൺഗ്രസിനെക്കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട്, ഉപദേശക സമിതികൾ തുടങ്ങിയ വൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നൽകണമെന്നതാണ് ചിന്തൻ ശിബിരത്തിൽ എടുത്തിരിക്കുന്ന പ്രധാന തീരുമാനം. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമായിരിക്കും എന്ന തീരുമാനവും എടുത്തു.

എന്നാൽ അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആൾ എങ്കിൽ അത്തരക്കാർക്ക് മത്സരിക്കാം എന്ന ഇളവ് ഉണ്ട്. കുടുംബ ഭരണമാണ് എന്ന ആക്ഷേപത്തെ നേരിടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് വിവരം.90 — 120 ദിവസങ്ങൾക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി. എല്ലാ വർഷവും എഐസിസിസി പിസിസി യോഗങ്ങൾ നടന്നിരിക്കണം എന്നും യോഗത്തിൽ തീരുമാനമെടുത്തു. രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് റാലി സംഘടിപ്പിക്കും.

മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ജാഥ ആരംഭിക്കും. രാജ്യമാകെ സഞ്ചരിച്ച് ജനങ്ങളുടെ തുടിപ്പ് അറിയുമെന്നാണ് സോണിയയും രാഹുലും അറിയിച്ചത്.എന്താണ് കോൺഗ്രസ്? എന്താണ് കോൺഗ്രസിന്റെ രീതി? എന്താണ് കോൺഗ്രസിന്റെ ആശയം എന്ന് പഠിപ്പിക്കുന്നതിന് വേണ്ടി കോൺഗ്രസ് ദേശീയ തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള വേദിയായി ഇത് മാറും. ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമിതി തീരുമാനമെടുക്കും. ഒപ്പം തന്നെ പ്രവർത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കൾ ചേർന്ന് കോൺഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവിൽ വരും. എന്നാല്‍ കോണ്‍ഗ്രസില്‍ എക്കാലവും,കുടുംബാധിപത്യവും, ഉപജാപകവൃന്ദങ്ങളുമാണ് മുന്നോട്ട് നയിക്കുന്നത്. മുമ്പും ഇതുപോലെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ലെന്നുള്ളതാണ് ചരിത്രം.

Eng­lish Summary:Thought camp that has no con­nec­tion with the peo­ple; Will the impor­tant pro­pos­als to restruc­ture the par­ty be con­fined to paper?

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.