Janayugom Online
flood 99

രണ്ടു പ്രളയങ്ങൾക്കിടയിലെ ചില തോന്നലുകൾ

Web Desk
Posted on August 26, 2018, 6:15 pm
K T Jaleel janayugom

ഡോ: കെ.ടി. ജലീൽ
(ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി)

1924 ജൂലൈ മാസത്തിലാണ് (കൊല്ലവർഷം 1099 കർക്കടകം) മലയാളക്കരയെ വാരി വിഴുങ്ങിയ ഒരു മഹാപ്രളയമുണ്ടായത്.  94 ആണ്ടുകൾക്കിപ്പുറം 2018 ആഗസ്റ്റ് മൂന്നാം വാരത്തിൽ മറ്റൊരു മഹാപ്രളയത്തിനും കേരളം സാക്ഷിയായി. രണ്ട് വെള്ളപ്പൊക്കങ്ങളിലും കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങൾ സമാനമായിരുന്നുവെന്നത് കേവലം യാദൃശ്ചികതയല്ലെന്നാണ് വാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിലാകുന്നത്. 1924 ലെ പ്രളയ ദുരിതങ്ങൾ റിപ്പോർട്ട് ചെയ്ത് അക്കാലത്ത്  പ്രസിദ്ധീകരിച്ച “മലയാള മനോരമ” പത്രത്തിന്റെ കോപ്പി 2018 ആഗസ്റ്റ് 25 ലെ ഞായറാഴ്ച സപ്ലിമെന്റിന്റെ മൂന്നാം പേജിൽ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് സസൂക്ഷ്മം വായിച്ചപ്പോഴാണ് ചില കേന്ദ്രങ്ങളിൽ നിന്നുള്ള വാസ്തവ വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളിലെ അർത്ഥശൂന്യത ബോദ്ധ്യമായത്. ശാസ്ത്ര സാങ്കേതിക മികവുകളും ഭൗതിക സൗകര്യങ്ങളുടെ വൈപുല്യങ്ങളും പരിഗണിച്ചാൽ പോലും 1924ൽ വർഷിച്ച പേമാരിയേക്കാൾ  എത്രയോ ശക്തമായിരുന്നിട്ടും അന്നത്തെയും ഇന്നത്തെയും ജനസംഖ്യയും വാസ കേന്ദ്രങ്ങളുടെ വ്യാപ്തിയും പ്രകൃതി സൗഹൃദാവസ്ഥയുടെ തോതും തുലനംചെയ്തു നോക്കുമ്പോൾ  2018 ലുണ്ടായ പ്രളയത്തിൽ  ജീവഹാനിയും നാശനഷ്ടവും  താരതമ്യേന കുറഞ്ഞത്  ചെറുതും വലുതുമായ നിരവധി ഡാമുകളിൽ വെള്ളം കെട്ടിനിർത്താനുള്ള സൗകര്യമുണ്ടായതു കൊണ്ടും  ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടൽ മൂലവുമാണെന്നുമുള്ള കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്.  “ഭയങ്കരമായ വെള്ളപ്പൊക്കം” എന്ന പ്രധാന തലക്കെട്ടിൽ വന്ന വാർത്ത താഴേ പറയും പ്രകാരം വായിക്കാം;
“എറണാങ്കുളത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരനുഭവം അഭൂതപൂർവ്വമായിട്ടുള്ളതു  തന്നെയാണ്. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിനു മണലിപ്പുഴയും കുറുമാലിപ്പുഴയും കവിഞ്ഞൊഴുകി റോഡിൽ കൂടെ കാളവണ്ടിയിൽ പോയിരുന്ന ഒരു കത്തനാരും വണ്ടിയും വണ്ടിക്കാരനും കാളയും ഒഴുകിപ്പോകുകയും കത്തനാർ മാത്രം രാത്രി മുഴുവൻ വെള്ളത്തിൽ കിടന്നു തുഴഞ്ഞു മൃതപ്രായനായ ശേഷം അടുത്തുള്ള ഒരമ്പലത്തിലെ ശാന്തിക്കാരനാൽ രക്ഷപ്പെടുത്തപ്പെടുകയുമുണ്ടായി. കർക്കടക മാസം ഒന്നിനു മുതൽ വർഷത്തിന്റെ കാഠിന്യം ഇവിടെ അനുഭവപ്പെട്ടു തുടങ്ങി. അന്നു വൈകുന്നേരം വടക്കോട്ടുള്ള വണ്ടിക്കു പോകുവാൻ തീവണ്ടി സ്റ്റേഷനിൽ പോയവർ വണ്ടി ഇല്ലായ്കയാൽ തിരികെ പോരേണ്ടിവന്നു. ചൊവ്വര, അങ്കമാലി, കറുകുറ്റി, മുതലായ സ്റ്റേഷൻ പ്ലാററുഫോറങ്ങളിൽ വെള്ളം നിറയുകയും പല സ്ഥലങ്ങളിലും പാത മുറിഞ്ഞുപോകുകയും റയിൽ ഇളകിപ്പോകുകയും ചെയ്തിട്ടുണ്ട്. ഈയാണ്ടത്തെ വെള്ളപ്പൊക്കത്തിനു തട്ടുമ്പുറത്തും നിലയില്ലെന്നാണറിയുന്നത്. പറവൂർ മുനിസിപ്പാലിറ്റി ആപ്പീസിലും മറ്റു ഒന്നുരണ്ടു സർക്കാർ കെട്ടിടങ്ങളിലും ഒഴികെ ബാക്കി എല്ലായിടത്തും വെള്ളം കയറിയിട്ടുണ്ട്. പള്ളിപ്പുറം വില്ലേജിലുള്ള ചക്കരക്കടവ്, അയ്യംപള്ളി മുതലായ സ്ഥലങ്ങളിൽ വെള്ളംകയറി ആളുകൾ നിവൃത്തിയില്ലാതെ പൊക്കമുള്ള സ്ഥലങ്ങൾ തേടിപ്പോയി താമസിച്ചുവരുന്നു.
വെള്ളപ്പൊക്കം ഹേതുവാൽ കുട്ടനാട്ടിൽ സംഭവിച്ചിട്ടുള്ള നാശങ്ങൾ അവർണ്ണനീയമായിരിക്കുന്നു. ഇപ്പോഴും അവിടെ നിന്നും ആബാലവൃദ്ധം ജനങ്ങൾ തങ്ങളുടെ സകലസാമാനങ്ങളോടും കൂടി വന്നുകൊണ്ടു തന്നേയിരിക്കുന്നു. മിനിയാന്നും ഇന്നലെയുമായി ഉദ്ദേശം ആയിരത്തിൽ കുറയാതെ ജനങ്ങളെ ബോട്ടുകളിൽ ഇവിടെ കയറ്റിക്കൊണ്ടു വന്നിട്ടുണ്ട്. ചേന്നങ്കരയിലുള്ള പള്ളികളുടേയും പള്ളിക്കൂടത്തിന്റേയും ഒട്ടുമുക്കാൽ ഭാഗവും വെള്ളത്തിൽ താഴ്ന്നിരിക്കുന്നു. തിങ്ങിത്തിങ്ങി അവിടെ നിന്നിരുന്ന പലരേയും ബോട്ടിൽ കയറ്റിക്കൊണ്ടു പോന്നു. ഇപ്പോൾ അവിടെ താമസിച്ചുവരുന്ന ആളുകൾ പോരാൻ സമ്മതമില്ലാതെ എന്തായാലും അവിടെത്തന്നെ കഴിച്ചുകൂട്ടാൻ തീരുമാനിച്ചിട്ടുള്ളവരാണ്. 
ഈ മാസം ഒന്നിനു  ബുധനാഴ്ച നേരം പ്രകാശമായപ്പോഴേക്ക് നെടുംപ്രയാർ ദേശത്ത് ഒരൊറ്റ പറമ്പു പോലും വെള്ളത്തിനടിയിലാകാതില്ല. പമ്പാനദി ഒഴുക്കിക്കൊണ്ടുവന്ന സാമാനങ്ങൾക്കു കണക്കും കയ്യുമില്ല. മനുഷ്യരുള്ളതും ഇല്ലാത്തതുമായ ഒന്നാംതരം പുരകൾ, പത്തായങ്ങൾ, ആരും കണ്ടിട്ടില്ലാത്തവിധം അത്രയ്ക്കു വലിയ തടികൾ, മൃഗങ്ങൾ, വീട്ടുസാമാനങ്ങൾ മുതലായവ ആറ്റരികത്തുള്ള പറമ്പുകളിൽ കൂട്ടംകൂട്ടമായി വന്നടിഞ്ഞു തുടങ്ങി. 
പറവൂരിലെ വലിയങ്ങാടിയിലും ബ്രാഹ്മണരുടെ അധിവാസ സ്ഥലമായ മഠത്തുംമുറിയിലും മലവെള്ളം കയറിയതായി കേട്ടുകേൾവി പോലും ഇല്ല. ഇപ്പോഴത്തെ വെള്ളം അവിടങ്ങളിലും കയറുകയും, ബ്രാഹ്മണർ കൂട്ടത്തോടെ ആഭയാർത്ഥം പൊക്കപ്രദേശങ്ങളിലേക്ക്  ഓടുകയും ചെയ്തു. താണ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന മിക്കകെട്ടിടങ്ങളും ജലപ്രവാഹത്താൽ വീണു പോയിരിക്കുന്നു. ഒഴുക്കിന്റെ ശക്തിനിമിത്തം അനേകം വള്ളങ്ങൾ മുങ്ങിപ്പോകുകയും പ്രാണരക്ഷാർത്ഥം വള്ളങ്ങളിൽ സഞ്ചരിച്ച പലരും അകാലമരണം പ്രാപിക്കുകയും ചെയ്തു. ആലുവായൂണിയൻ കൃസ്ത്യൻ കോളേജും പറവൂരേ ഡിസ്ത്രിക്ട് കോടതി, മുൻസിപ്പുകോടതി, വിദ്യാലയങ്ങൾ, ഡിസ്ത്രിക്ക് ആസ്പത്രി, ആദിയായ സ്ഥാപനങ്ങളും  വെള്ളപ്പൊക്കം നിമിത്തം ഭവനരഹിതരായിത്തീർന്നിട്ടുള്ള ജനസഞ്ചയത്തിനു താമസിക്കുന്നതിനായി വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു. 
കുമരകത്ത് സുര്യോദയം കാണുന്ന ദിവസം തീരെ ഇല്ലെന്നുപറയാം. മഴയേക്കാൾ കൂടുതൽ കാറ്റും കോളുമുണ്ടാകുന്നതിനാൽ വെള്ളം കടലിലേക്ക് പോകുന്നില്ല. 
മുവ്വാറ്റുപുഴയിൽ വെള്ളപ്പൊക്കം നിമിത്തം പോക്കുവരവിനു തീരെ സൗകര്യമില്ല. കോതമംഗലത്തു നിന്നും വടക്കുകിഴക്കുള്ള പാലമറ്റം റബർ തോട്ടം മിക്കവാറും നശിച്ചിരിക്കുന്നുവത്രേ. വെള്ളപ്പൊക്കം നിമിത്തം പലകെട്ടിടങ്ങളും തകർന്നിട്ടുണ്ട്. കുറുപ്പുംപടിയിൽ കുറേ ദിവസങ്ങളായി മഹാവൃഷ്ടി ഉഗ്രമായി വർഷിക്കുന്നു. പെരിയാറിലേ വെള്ളം പെരുകി പാഞ്ഞൊഴുകുന്നു. ഭീമമായ കാറ്റ് ഇടയ്ക്കിടയ്ക്കു വിലസിക്കൊണ്ടിരിക്കുന്നു. ഇതുതന്നെ തരമെന്നുവെച്ചു ക്ഷാമവും പ്രത്യക്ഷപ്പെട്ടു വിളയാടുന്നു. 
gandhiji fund
കുളക്കടയാററിന്റെയും തറയമുക്ക ഇല്ലിമല ആറിന്റെയും ഇരുകരകളിലുമുള്ള അനേകം വീടുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാഴ്ച ആർക്കും സങ്കടം ഉണ്ടാക്കുന്നതാണ്. ടൗണിലുള്ള പ്രധാനപ്പെട്ട റോഡിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. ടൌണിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള പടുവാപ്പാലം ഒഴുകിപ്പോയി. ചെങ്ങന്നൂരിൽ കാലത്തേ തന്നെ പമ്പാനദി കരകവിഞ്ഞു തീരപ്രദേശങ്ങളെ അക്രമിച്ചുതുടങ്ങി. ഉച്ചതിരിഞ്ഞപ്പോഴേക്കും ദേശത്തിന്റെ നാനാഭാഗങ്ങളും മെയ്ൻ റോഡും വെള്ളത്താൽ മൂടപ്പെട്ടു. പമ്പാനദിയിലേക്കു ഒന്നു നോക്കിയാൽ കാണുന്ന കാഴ്ച വർണ്ണിക്കാൻ അനന്തനാലും കഴിയുന്നതല്ല. ഇന്നലെയും ഇന്നുമായി വള്ളംവഴി ഇവിടെ ചന്തയിലും കച്ചേരിയിലും മറ്റുമായി വന്നുചേർന്നിരിക്കുന്ന മൃതപ്രായൻമാരായ അഭയാർത്ഥികളുടെ സ്ഥിതി എത്രമാത്രം ദയനീയമായിരിക്കുന്നു എന്നു പറഞ്ഞറിയിപ്പാൻ പ്രയാസം. ഇവരിൽ അധികംപേരും അധ:കൃത വർഗ്ഗക്കാരാണ്. മുണ്ടൻകാവു തെരുവിലുള്ള ഒരു പുരയ്ക്കു തീപിടിക്കുകകൂടി ചെയതിരിക്കുന്നു. ആളുകൾ മച്ചിൻപുറത്തു കയറി തീ കാഞ്ഞുകൊണ്ടിരിക്കുന്നതായും അതു നിമിത്തം തീപിടിച്ചതായുമാണ് അറിയുന്നത്.
എറണാങ്കുളത്തിന്റെ കിഴക്കു ഭാഗം മുഴുവൻ  വെള്ളത്തിനടിയിലാണ്. തൃപ്പൂണിത്തുറക്കും എടപ്പള്ളിക്കും മദ്ധ്യേ കടത്തുവള്ളങ്ങൾ റോഡുകളിൽ കൂടെയാണ് ഉന്തിക്കൊണ്ടുപോകുന്നത്.  കൊച്ചി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള കായൽ ഒരു സമുദ്രം പോലെ തോന്നുന്നു. അഭയാർത്ഥികൾ കൂട്ടം കൂട്ടമായി എറണാങ്കുളം പട്ടണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ചാലക്കുടിക്കും ഇടപ്പള്ളിക്കും മദ്ധ്യോ ഉള്ള റെയിൽവേ വഴികൾ പല സ്ഥലത്തും മുറിഞ്ഞുപോയിട്ടുണ്ട്. പറവൂരും ചേന്നമംഗലവും മുഴുവൻ വെള്ളത്തിനടിയിലായി എന്നു പറയപ്പെടുന്നു. 
കൊടുങ്ങല്ലൂർ ക്ഷേത്രം വളരെ പൊക്കമുള്ള സ്ഥലത്തായതിനാൽ അവിടെ മാത്രം വെള്ളം കയറിയിട്ടില്ല. തിരൂരിൽ നിന്നു ഫറോക്ക് വരെയുള്ള റെയിൽവേയിൽ തിരൂരിനു വടക്കുള്ള ഒരുപാലത്തിനു കേടുവന്നതല്ലാതെ മറ്റു നാശമൊന്നുമുണ്ടായിട്ടില്ല. പൊന്നാനിയിലുള്ള അനേകം വീടുകൾ വെള്ളത്താൽ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ള വലയലുകൾ ചില സ്ഥലങ്ങളിൽ ജലാശയങ്ങളായി രൂപാന്തരപ്പെടുകകൂടി ചെയ്തിട്ടുണ്ട്. അലുവാ പുഴയിലെ വെള്ളപ്പൊക്കം നിമിത്തം ഇവിടെനിന്നു പറവൂർക്കും പെരുമ്പ്രാവൂർക്കും ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർ സർവ്വീസുകൾ നിന്നുപോയിരിക്കുന്നു. റോഡുകളിൽ ചില സ്ഥലങ്ങളിൽ ഒരാൾവെള്ളത്തിലധികമുള്ളതിനാൽ കരമാർഗ്ഗമുള്ള സഞ്ചാരവും തടസ്സപ്പെട്ടിരിക്കുന്നു. 
ദേവികുളത്ത് കർക്കടകം ഒന്നിനു 20 ഇഞ്ചു മഴ ഉണ്ടായിരുന്നുവെന്നു കമ്മീഷണറുടെയും സൂപ്രവൈസർ മിസ്റ്റർ പോത്തന്റെയും കമ്പികളിൽ നിന്നു കാണുന്നു. മല ഇടിഞ്ഞുവീഴുക നിമിത്തം നൂറിൽ ചില്വാനം ആളുകൾ മരിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഒരു പി.ഡബ്ലിയു.ഡി മേസ്തിരി ആകുന്നു. മുന്നാർ വെള്ളത്തിനടിയിലായിരുന്നു. സർക്കാർ പാലമുൾപ്പടെ മൂന്നു പാലങ്ങൾ വെള്ളം ഒഴുക്കിക്കൊണ്ടുപോയി. 
തിരുവല്ലയിൽ വെള്ളപ്പൊക്കം അതിഭയങ്കരമായിരിക്കുന്നു. താണ പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും പക്ഷഭേദം കൂടാതെ വെള്ളത്തിനടിയിലായി. താണപ്രദേശങ്ങളിൽ വെള്ളം എത്തിക്കൂടിയ സ്ഥലങ്ങളിലുള്ള സാധുക്കളുടെ മൺകെട്ടിടങ്ങളിൽ ഒന്നും ശേഷിച്ചിട്ടില്ല. ഉയർന്ന പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള ശല്യങ്ങൾ ആവർണ്ണനീയമത്രേ. മേപ്രാൽ പടിഞ്ഞാറുഭാഗത്തു ഒരു പുരയിൽ മൂന്നുനാലുപേരുടെ മൃതശരീരങ്ങൾ കാണപ്പെട്ടിരിക്കുന്നു. താണപ്രദേശങ്ങളിൽ നിന്നും അനേകർ കരപ്രദേശങ്ങളിലേക്ക് വേഗത്തിൽ വന്നുകൊണ്ടിരിക്കുന്നു. പാലിയക്കര പള്ളിക്കൂടം, മുത്തൂർ സ്കൂൾ, ആൽത്തറ, കാവുംഭാഗം സ്കൂൾ, വേങ്ങൽ സ്കൂളും പരിസരവും, പെരുന്തുരുത്തി മുതലായ സ്ഥലങ്ങൾ ഇവരേകൊണ്ടു നിറഞ്ഞുകഴിഞ്ഞു. ഏകദേശം മൂവായിരത്തിനകം അഭയാർത്ഥികൾ ഇവിടെ കിടപ്പുള്ളതായി കണക്കാക്കുന്നു”.
kerala-flood 99 janayugom
കഴിഞ്ഞ 94 വർഷത്തിനിടയിൽ സഹജമായും മനുഷ്യന്റെ ചൂഷണാത്മകമായ ഇടപെടൽ മൂലവും അനേകം മാറ്റങ്ങൾ പ്രകൃതിയിലുണ്ടായിട്ടുണ്ട്. 1924 ലുണ്ടായ കർക്കടക മാസത്തിലെ പേമാരിയെക്കാൾ 2018 ലെ പേമാരിയെ തുടർന്നുണ്ടായ മഹാപ്രളയം മുന്നിട്ടുനിന്നിട്ടും അതുവരുത്തിവെച്ച നാശനഷ്ടങ്ങൾ തുലനം ചെയ്യാനാകാത്തത്ര കുറഞ്ഞത് അതീവ ജാഗ്രത കൊണ്ടും കൃത്യമായ സർക്കാർ ഇടപെടൽ കൊണ്ടുമാണ്.  ഒരു നിശ്ചിത അളവ് വെള്ളം വിവിധ ഡാമുകളിൽ കെട്ടിനിർത്താനുള്ള സൗകര്യം ഇക്കാലയളവിനിടയിൽ ഒരുക്കാനായതുകൊണ്ടു കൂടിയാണ് ദുരിതങ്ങളുടെ  തീവ്രത കുറക്കാനായതെന്ന്  ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാനാകും. അല്ലായിരുന്നുവെങ്കിൽ പ്രളയശേഷം കേരളം ഈ രൂപത്തിൽ ഉണ്ടാകുമായിരുന്നില്ലെന്നുറപ്പാണ്. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നത് കൊണ്ടാണ് പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതെന്ന് പ്രചരിപ്പിക്കുന്നവർ ഏറ്റവും ചുരുങ്ങിയത് ആഗസ്റ്റ് പത്തിനും ഇരുപതിനുമിടയിലുള്ള പത്ര‑ദൃശ്യ‑ശ്രവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. രണ്ടോ മൂന്നോ ദിവസങ്ങൾക്കു മുമ്പുമുതലേ ഡാം തുറക്കാൻ പോകുന്നുവെന്നുള്ള വാർത്തകൾ എല്ലാ മാധ്യമങ്ങളും മൽസരിച്ച് കൊടുത്തുകൊണ്ടേയിരുന്നു. ഓരോ ഷട്ടറുകൾ തുറക്കുമ്പോഴും വെള്ളത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന ഭീമാകാരത ദൃശ്യങ്ങൾ സഹിതം ചാനലുകൾ സംപ്രേക്ഷണം ചെയ്തു. ഈ മലവെള്ളപ്പാച്ചിൽ ഇത്ര മണിക്കൂറിനുളളിൽ ഏതൊക്കെ പ്രദേശങ്ങളിൽ എത്തുമെന്നും വാർത്താവതാരകർ ഇടതsവില്ലാതെ പറഞ്ഞ് കൊണ്ടേയിരുന്നു.  ഇതിന് പുറമെ വില്ലേജുകൾ കേന്ദ്രീകരിച്ച് മൈക്ക് കെട്ടിയ വാഹനങ്ങളിൽ കാര്യങ്ങളുടെ ഗൗരവം അധികൃതർ ജനങ്ങളെ അറിയിക്കുകയും ചെയതിരുന്നു. എന്നിട്ടും വില്ലേജ് ഓഫീസർമാർ ഓരോ വീട്ടിലുമെത്തി ഓരോരുത്തരെയും വിളിച്ച് പ്രത്യേകം പ്രത്യേകം പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥമാണുള്ളത്? വിമർശിക്കാൻവേണ്ടിയുള്ള വിമർശനമെന്നല്ലാതെ ഇതിനെയൊക്കെ മറ്റെന്താണ് വിശേഷിപ്പിക്കുക?
പിണറായി വിജയന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നു  മുഖ്യമന്ത്രിയുടെ കസേരയിലെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുകയെന്ന് ആരെങ്കിലും സങ്കൽപിച്ചു നോക്കിയിട്ടുണ്ടോ? യുദ്ധമുഖത്ത് അതിനിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ തന്റെ സൈന്യം കടന്ന് പോകുമ്പോൾ പട്ടാളക്കാർക്ക് ആത്മവീര്യം പകർന്നുൽകി അവരെ ആവോളം ഉത്തേജിപ്പിച്ച് മുന്നിൽ നിന്നു നയിക്കുന്ന സമർത്ഥനായ പടനായകന്റെ റോളിലാണ് പിണറായി വിജയൻ നിലകൊണ്ടത്. ആകാശം ഇടിഞ്ഞ് വീണാലും അതിനു മുകളിലൂടെ നമുക്ക് നടക്കാമെന്ന ആ ഭാവവും ശരീരഭാഷയുമുണ്ടല്ലോ അത് അഹങ്കാരത്തിന്റേതല്ല ആത്മധൈര്യത്തിന്റേതാണെന്നു ‘പലരും’ തിരിച്ചറിഞ്ഞ നാളുകളാണ് കടന്നുപോയത്.
ഈ പ്രളയകാലത്ത് ഇടതു പക്ഷമല്ല കേരളം ഭരിച്ചിരുന്നതെങ്കിൽ കാര്യങ്ങൾ എങ്ങിനെയാകും നീങ്ങുമായിരുന്നത്?  അണക്കെട്ടുകൾ തുറന്ന് വിടേണ്ടതുണ്ടോ എന്നും ഉണ്ടെങ്കിൽ തന്നെ എത്ര ഷട്ടറുകൾ ഏതൊക്കെ സമയത്താണ്  തുറക്കേണ്ടതെന്നും കൃത്യതയോടെ തീരുമാനമെടുത്ത് നടപ്പിലാക്കാനാകാത്ത അവസ്ഥയിൽ നിന്നാകും ആശയക്കുഴപ്പം രൂപപ്പെടുക. ഘടകകക്ഷികളും മന്ത്രിമാരും എം.എൽ.എ മാരും എം.പിമാരും സമുദായ നേതാക്കളും കാക്കത്തൊള്ളായിരം സംഘടനകളും വ്യത്യസ്ത അഭിപ്രായങ്ങൾ തീവ്രമായി രേഖപ്പെടുത്തുന്നതോടെ എല്ലാം കുഴഞ്ഞ്മറിയും.  ജലനിരപ്പുയർന്ന് അണക്കെട്ടുകൾ പൊട്ടുന്ന സ്ഥിതിയാകും അനന്തരഫലം. കേരളം തന്നെ ആ മലവെള്ളപ്പാച്ചിലിൽ അമർന്നൊടുങ്ങിപ്പോകുമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം അങ്കലാപ്പിലാകുന്ന കാലയളവിലെ  കാഴ്ചകളാകും ഏറെ കൗതുകകരം. മുഖ്യമന്ത്രിമാരും മന്ത്രിമാരും മത്സരിച്ച് ചാനലുകാരെയും കൂട്ടി അനുയായികളുടെ അകമ്പടിയോടെ വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിക്കുകയും ക്യാമറയിൽ പെടാൻ തിക്കും തിരക്കും കൂട്ടുകയും ചെയ്യും.  പല മന്ത്രിമാരും നിരവധി പ്രവർത്തകരും വെള്ളക്കെട്ടിൽ വീണ് അവരെ രക്ഷാസേന കരക്കെത്തിക്കുന്ന ദൃശ്യങ്ങൾ കൊണ്ട് പത്രകോളങ്ങൾ നിറഞ്ഞുകവിയുന്ന സാഹചര്യങ്ങളുമുണ്ടാകുമെന്നുറപ്പ്. നേതാക്കൾ മത്സരിച്ചഭിനയിക്കുന്ന ചിത്രങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് ലോകത്തിനു മുന്നിലെത്തിക്കും. ഓരോ ദിവസവും നടത്തുന്ന പത്ര സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയുടെ ഇരിപ്പും ദൈന്യമാർന്ന മുഖഭാവവും പേടിച്ചരണ്ട ശരീരഭാഷയും,  വിതുമ്പലും കരച്ചിലും കാരണം ഇടറി മുറിയുന്ന വാചകങ്ങളും, കേൾക്കുകയും കാണുകയും ചെയ്യുന്ന പൊതുസമൂഹത്തിൽ, ഉള്ള ആത്മവിശ്വാസവും ചോർത്തിക്കളയും. സ്വാഭാവികമായും ജനങ്ങളൊന്നടങ്കം ഭയാശങ്കയിലകപ്പെടും.  പത്രദൃശ്യമാധ്യമങ്ങൾ അത്തരം അതിവൈകാരിക പ്രകടനങ്ങളെ ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ പ്രവാഹമായി പാടിപ്പുകഴ്ത്തും. ഓരോരുത്തരും അവനവനെ കുറിച്ചും അവനവന്റെ മത ജാതി വിഭഗങ്ങൾക്കുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ചും പരിതപിച്ച് വ്യങ്ങ്യമായി പരസ്പരം കുറ്റപ്പെടുത്തും. സർവ്വരും വിധിയെ പഴിക്കും. എല്ലാം ദൈവഹിതമാണെന്നും ഈശ്വര കോപത്തെ തടുക്കാൻ ഒരു ഭരണകൂടത്തിനുമാവില്ലെന്നും പറഞ്ഞ് സർക്കാർ വീഴ്ചകൾ മറച്ചുവെക്കാൻ സമുദായ നേതാക്കൾ ഒന്നടങ്കം ‘മതവിധി’  പുറപ്പെടുവിക്കും. അവയെല്ലാം പത്രകോളങ്ങളിൽ വലിയ തലക്കെട്ടുകളായി മാറുകയും ചെയ്യും. അവസാനം ദ്രവിച്ച വൈക്കോൽകൂനപോലെ ഒരു സമൂഹം ചരിത്രത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെടും.
ആ ദുര്യോഗത്തിൽ നിന്ന് കേരളത്തെ രക്ഷിച്ച് പുതിയൊരു യുഗത്തിന്റെ സൃഷ്ടാക്കളായും അതിജീവനത്തിന്റെ പുത്തൻഗാഥകൾ തീർത്തവരായും ലോകത്തിനുമുന്നിൽ തലയെടുപ്പോടെ നിൽക്കാനുള്ള സാഹചര്യം നമുക്കുണ്ടാക്കിയത്, മുന്നിൽ നിന്നു നയിക്കാനും തക്കസമയത്ത് കൃത്യമായ തീരുമാനമെടുത്ത് നടപ്പിലാക്കാനും കഴിവുള്ള,  പത്രതാളുകളിൽ എപ്പോഴും നിറഞ്ഞു നിൽക്കണമെന്ന് ഒട്ടും താൽപര്യമില്ലാത്ത ഒരു കപ്പിത്താൻ നമുക്കുണ്ടായതു കൊണ്ടാണ്. ആ പടനായകനെ വിശ്വാസത്തിലെടുത്ത് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ സർക്കാർ സംവിധാനങ്ങളും കേന്ദ്ര സംസ്ഥാന സേനാ വിഭാഗങ്ങളും നമ്മുടെ മത്സ്യതൊഴിലാളികളും യുവാക്കളും സന്നദ്ധ സംഘടനകളും സാമൂഹ്യ രാഷ്ട്രീയ നേതൃത്വവും പൊതുപ്രവർത്തകരും ബഹുജനങ്ങളും ഏകമനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ബാക്കിപത്രമായിട്ടാണ് ഈ പുതുജീവൻ നമുക്ക് തിരിച്ചുകിട്ടിയതെന്ന്  ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. നാടിനെ സമ്പൂർണ്ണമായി മുക്കിക്കൊല്ലാൻ മാത്രം ശക്തമായിരുന്ന ഒരു മഹാദുരന്തത്തെ കേരളം അതിജീവിച്ചത് ലോകം അൽഭുതത്തോടെയാണ് നോക്കിക്കാണുക.  നമ്മുടെ ഐക്യം ഏവരാലും പ്രകീർത്തിക്കപ്പെടുകയാണ്. തർക്കിച്ചും വിവാദങ്ങളുണ്ടാക്കിയും സമയം കളയേണ്ട നേരമല്ലിത്. തകർന്നടിഞ്ഞ സ്വപ്നങ്ങളും ശേഷിപ്പുകളും അടുക്കിവെച്ച് പുനർനിർമ്മാണത്തിൽ വ്യാപൃതരാകേണ്ട സങ്കീർണ്ണമായ ചുറ്റുപാടിലൂടെയാണ് നാം കടന്നുപോകുന്നത്. 2018 ലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് വിളിച്ചുകൂവി സ്വയം പരിഹാസ്യരാകാൻ ആർക്കും കഴിയും. എന്നാൽ ക്രിയാത്മകമായി ഇടപെടാൻ സൻമനസ്സും വിവേകവുമുള്ളവർക്കേ സാധിക്കൂ. ആരുടെയും പങ്ക് ചെറുതാക്കി കാണാതെ, എല്ലാവരുടെയും പ്രവർത്തനങ്ങളെ അംഗീകരിച്ച്, നൂറ്റാണ്ട് തീർത്ത ദുരന്തമുഖത്തെ ചങ്കുറപ്പ്കൊണ്ട് മറികടക്കാൻ നമ്മെ മാനസികമായും ശാരീരികമായും സാമ്പത്തികമായും സന്നദ്ധമാക്കുന്ന, നമുക്കായി കാലം കരുതിവെച്ച മുഖ്യമന്ത്രിയുടെ പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കാം. വികാരങ്ങൾക്ക് ചായം പൂശാത്ത ആ പച്ചമനുഷ്യനെ മനസ്സുകൊണ്ടെങ്കിലും നമുക്കൊന്ന് ‘തൊഴാം’. രക്ഷാപ്രവർത്തനങ്ങളിൽ  പങ്കാളികളായ പതിനായിരക്കണക്കിന് വരുന്ന ഔദ്യോഗികവും അല്ലാത്തവരുമായ നല്ല മനുഷ്യർക്കു നേരെ തിരിഞ്ഞ് നമുക്കൊന്ന് കൈകൂപ്പാം. ആപൽഘട്ടത്തിൽ സഹായഹസ്തം നീട്ടിയ സ്വദേശത്തും വിദേശത്തുമുള്ള ഭരണകർത്താക്കളോടും സുമനസ്സുകളോടും പ്രവാസി സുഹൃത്തുക്കളോടും നമുക്കൊരു നല്ല നമസ്കാരം പറയാം. ഇനി നമ്മുടെ മുന്നിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ. അത് നവകേരളത്തിന്റെ സൃഷ്ടിയാണ്. ആ വഴിയിൽ നിന്ന് വ്യതിചലിക്കുന്ന ഒന്നും ആരുടേയും ഭാഗത്തുനിന്നുണ്ടാവാതെ നോക്കണം. വിശ്വാസംകൊണ്ടും രാഷ്ടീയംകൊണ്ടും ജാതിമതചിന്തകൾ കൊണ്ടും നാമേത് ധാരയിലാണെങ്കിലും ശരി. ഭിന്നിപ്പ് നമ്മെ തകർക്കുകയും, ഐക്യം  ലോകത്തിന്റെ നെറുകയിൽ നമ്മളെ എത്തിക്കുകയും ചെയ്യും. വരൂ , ഉടലും മസ്തിഷ്കങ്ങളും കൊണ്ട് വെവ്വേറെയെങ്കിലും മനസ്സുകൊണ്ടു നമുക്കൊന്നാവാം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം.