രാജസ്ഥാനിലെ സാഭാർ തടാകത്തിൽ ആയിരക്കണക്കിന് ദേശാടനക്കിളികൾ ചത്തു

സംഭാർ: രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകമായ സംഭാർ തടാകത്തിന് ചുറ്റുമായി ആയിരക്കണക്കിന് ദേശാടനക്കിളികൾ ചത്തുവീണു. പത്തോളം വിവിധയിനങ്ങളിൽ പെടുന്ന പക്ഷികളാണ് ചത്തത്. സംഭവം നാട്ടുകാരിൽ ഏറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
വെള്ളത്തിലെ മാലിന്യങ്ങളാകാം പക്ഷികളുടെ ജീവനെടുത്തത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ പരിശോധനാഫലങ്ങൾ പുറത്ത് വരേണ്ടതുണ്ട്. 1500 പക്ഷികൾ ചത്തെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അയ്യായിരത്തിലേറെ പക്ഷികൾ ചത്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഉഷ്ണക്കാറ്റാകാം പക്ഷികളുടെ ജീവനെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ രാജേന്ദ്ര ജാഖർ പറഞ്ഞു. വെള്ളത്തിൽ വിഷം കലർന്നതോ ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ സാനിധ്യമോ ആകാം അപകടകാരണമെന്നും പറയുന്നു. അതേസമയം പക്ഷിപ്പനി സാധ്യത ഡോക്ടർമാർ തള്ളിയിട്ടുണ്ട്.